വസന്തം മറന്ന പൂക്കൾ 22

ആ കിലുക്കത്തിന്, കമ്മലിന്റെ കൊഞ്ചലിന് കാതോർക്കുകയായിരുന്നു ആ രാത്രി മുഴുവൻ. അങ്ങനെ മഴ ആസ്വദിച്ചിരിക്കുമ്പോഴാണ് മറ്റൊരു കാഴ്ച എന്റെ ശ്രദ്ധയിൽപെട്ടത്. ഒരു അമ്മയും കുഞ്ഞും. റെയിൽവെ സ്റ്റേഷന്റെ ഒരു മൂലയിൽ മഴയുടെ തണുപ്പിൽ തണുത്തു വിറച്ച് ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു അവർ. മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. ആ കുഞ്ഞിന് അധികം പ്രായമൊന്നുമില്ല. അമ്മക്ക് ഏകദേശം ഒരു 25 വയസ്സ് പ്രായം കാണും. ആ സ്റ്റേഷനിൽ ആ സമയത്തും ഒരു ചെറിയ കോഫി ഷോപ്പ് തുറന്നു പ്രവർത്തിക്കുന്നുണ്ടായിരുന്നു.

ഞാൻ അവിടെനിന്നും ഒരു കോഫി വാങ്ങി. കോഫി കുടിച്ചുകൊണ്ടിരിക്കെ, ആ അമ്മയെയും കുഞ്ഞിനെയും കുറിച്ച് ആ കടക്കാരനോട് ചോദിച്ചു. അപ്പോൾ ഞാൻ അറിഞ്ഞ കാര്യങ്ങൾ മനസ്സിനെ വളരെയേറെ വേദനിപ്പിക്കുന്നതായിരുന്നു. ആ പെൺകുഞ്ഞിനെയുംകൊണ്ട് അവർ മിക്കപ്പോഴും ആ സ്റ്റേഷനിൽ വരാറുണ്ട്. അവർക്ക് തലയ്ക്കു നല്ല സുഖമില്ല. അവർ ഒരു ഭ്രാന്തിയാണ്. കാമഭ്രാന്തന്മാർ തിങ്ങിനിറഞ്ഞുനിൽക്കുന്ന നമ്മുടെ നശിച്ച സമൂഹത്തിന്റെ ക്രൂരതയുടെ ബലിയാട്.

ക്രൂരതയുടെ ആഘാതമാണ് ചെറുപ്രായത്തിൽ അവളുടെ മനോനില തെറ്റിച്ചത്. ഇത്തിരി മുൻപ്, അവൾക്കു ഭ്രാന്താണെന്ന് വിളിച്ചറിയിക്കുന്ന തെളിവെന്നപോലെ അവൾ ആ കുഞ്ഞിനേയും എടുത്തുകൊണ്ട് ട്രെയിന് മുന്നിൽ ചാടാൻ ശ്രമിച്ചിരുന്നു. ആളുകൾ ഇടപ്പെട്ട് രക്ഷിച്ച് അവിടെ കൊണ്ടിരുത്തിയിരിക്കുകയാണ്. സഹിക്കാൻ കഴിയാത്ത വിശപ്പിന്റെ കാഠിന്യത്താൽ നിർത്താതെ വാവിട്ടു കരയുന്ന കുഞ്ഞിന്റെയും അതിന്റെ ഭ്രാന്തിയായ അമ്മയുടെയും ചിത്രം മനസ്സിനെ വല്ലാതെ സ്പർശിച്ചു. ഞാൻ അവർക്ക് എന്റെ കയ്യിലുണ്ടായിരുന്ന കാശുകൊണ്ട് ഭക്ഷണം വാങ്ങിക്കൊടുത്തു. പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കയോ വികാരത്താൽ അവർ ആ ഭക്ഷണം കഴിച്ചു.