ഒരുപാട് അനുഭവങ്ങള്‍ എനിക്കു സമ്മാനിച്ച ഒരുപാട് ട്രെയിന്‍ യാത്രകള്‍! അങ്ങനെ ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടേയിരുന്നു. കുറച്ചു ദിവസങ്ങളിൽ കേരളത്തിലും ജോലി ഉണ്ടായിരുന്നു. കേരളത്തിൽ ഉണ്ടായിരുന്ന ജോലി തീരുന്നതിനു ശേഷം, ഞാൻ അടുത്ത working site ആയ മംഗലാപുരത്തേക്ക് യാത്ര തിരിച്ചു. പതിവുപോലെ ട്രെയിനിൽ തന്നെയായിരുന്നു യാത്ര. തൃശൂരിൽ നിന്ന് ഞാൻ ട്രെയിനിൽ കയറി. ട്രെയിനിൽ തൊട്ടടുത്തുള്ള യാത്രക്കാരനുമായി സംസാരിച്ചപ്പോൾ, ഞാൻ കയറിയ ആ ട്രെയിൻ എനിക്ക് ഇറങ്ങേണ്ട ഉള്ളാൾ എന്ന സ്റ്റേഷനിൽ നിർത്താതെയാണ് മംഗലാപുരത്തിനു പോകുന്നതെന്ന് ഞാൻ മനസ്സിലാക്കി. മംഗലാപുരത്തുനിന്നും കുറച്ചു ദൂരമുണ്ട് ഉള്ളാളിലേക്ക്. അദ്ദേഹം പറഞ്ഞു, കാസർഗോഡ് ഇറങ്ങുന്നതാവും നല്ലത്.
അവിടെനിന്നും രാവിലെ 6 മണിക്കു വരുന്ന കണ്ണൂർ പാസ്സഞ്ചറിനു കയറിയാൽ ഉള്ളാൾ ഇറങ്ങാം എന്ന്. അങ്ങനെ അദ്ദേഹം പറഞ്ഞത് പ്രകാരം ഞാൻ കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. പാതിരാവിലും മഴ പെയ്യാറുണ്ട്. അങ്ങനെയൊരു മഴ ആസ്വദിച്ചിട്ടുണ്ടോ,,,? അത് അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ്. യാത്രകൾ അങ്ങനെയൊരു മഴ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. കഥയുടെ പശ്ചാത്തലം കാസർഗോഡ് റെയിൽവേ സ്റ്റേഷൻ. സമയം രാത്രി 1 മണി. ട്രെയിനിൽ നിന്ന് ഞാൻ അവിടെ ഇറങ്ങി. എന്നെ അവിടെ തനിച്ചാക്കിയിട്ടു ആ തീവണ്ടി അവസാനമില്ലാത്ത റെയിൽ പാളത്തിലൂടെ യാത്ര തുടർന്നു അജ് മീറിലേക്ക്. തികച്ചും അപരിചിതമായ ഒരു അന്തരീക്ഷം. രാത്രിയുടെ നിശബ്ദതയിൽ ഏകനായി ഞാൻ റെയിൽ പാളത്തിലേക്ക് കണ്ണുംനട്ടിരുന്നു, എന്നെയും പ്രതീഷിച്ചു വരുന്ന തീവണ്ടിക്കായി.
പക്ഷെ, പെട്ടന്ന് വളരെ സുപരിചിതയായ ഒരാൾ അവിടേക്ക് വന്നു. മഴ! രാത്രി ഒരുമണി മുതൽ മഴപെയ്യിത് തീരുന്നതുവരെ ഞാൻ മഴ ആസ്വദിച്ചു. തകർത്തുപെയ്യുന്ന മഴ. വർണ്നിക്കാൻ എനിക്ക് വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരിയായിരുന്നു അവൾ. രാത്രിയുടെ നിശബ്ധതയിൽ മഴയുടെ സംഗീതം. ഇന്നോളം കേട്ടിട്ടില്ലാത്ത രാഗങ്ങളും താളങ്ങളും ഒക്കെയുണ്ട് അതിൽ. പുലരുവോളം ഞാൻ ആ സംഗീതത്തിന് കൂട്ടായിരുന്നു. എനിക്ക് കൂട്ടായി മഴയും. രാവിലെ വന്ന ഒരു പാസഞ്ചറിൽ, ആ സ്റ്റേഷനോട് വിടപറഞ്ഞ് ഞാനും യാത്രയായി. സഖീ,, ആ ഏകാന്ത രാത്രിയിലും നീ എന്റെയൊപ്പം ഉണ്ടായിരുന്നു. എങ്ങനെയെന്നോ, സംഗീതമായിട്ട്. എന്റെ മനസ്സിൽ, മഴ മൂളിയ ഈണം നിന്റെ കമ്മലിന്റെ കിലുക്കമായിരുന്നു.