തോന്നൽ ഒന്നും അല്ല.പനി തന്നെയാ.ഇപ്പോ ഈ കടും കാപ്പി കുടിക്ക്.ഞാൻ വേഗം പോയിട്ട് നല്ല ചുക്ക് കാപ്പി ഇട്ടോണ്ട് വരാം ട്ടോ.
അവൾ ഒരു കുഞ്ഞിനെ എന്ന പോലെ അഭിയുടെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു.
അഭി ചെറു ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. ഒരു കാമുകിയുടെ പ്രണയവും ഒരമ്മയുടെ വാത്സല്യവും അവളുടെ കണ്ണുകളിൽ അവൻ കണ്ടു.
പതിയെ അവൻ തന്റെ മുഖം അവളുടെ മുഖത്തേക്ക് താഴ്ത്തിയതും ഒരു പരൽ മീനിനെപ്പോലെ അവളവന്റെ കൈയ്യിൽ നിന്നും ഊർന്ന് മാറി.
അയ്യടാ.ശൃംഗരിക്കാൻ കണ്ട നേരം.പനി ആണെങ്കിലും കൈയ്യിലിരുപ്പിന് ഒരു കുറവുമില്ല.വഷളൻ.
അവൾ കപട ദേഷ്യം ഭാവിച്ചു കൊണ്ട് അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.പിന്നെ അവൻ പോലും പ്രതീക്ഷിക്കാതെ ആ കവിളിൽ ഒരു ഉമ്മ കൊടുത്ത് ഓടി.
വാതിൽ കടന്നതും അവൾ തിരിഞ്ഞു നിന്നു.താഴത്തേക്ക് പോന്നോളൂ. എല്ലാരും താഴെയുണ്ട്.
അച്ഛനും അയാളും കൂടി എവിടെയോ പോകാൻ തയ്യാറെടുക്കുന്നു.
അയാളോ.ഏത് അയാൾ.അഭി നെറ്റി ചുളിച്ചു കൊണ്ട് ലക്ഷ്മിയെ നോക്കി.
ആ രാഘവൻ.ലക്ഷ്മി ചിറി കോട്ടി മറുപടി പറഞ്ഞു കൊണ്ട് താഴേക്ക് നടന്നു.
അഭിയുടെ കൈ വിറച്ചു.അവൾ നൽകിയ കാപ്പി തുളുമ്പി വീണു.ചൂട് കാപ്പിയുടെ പൊള്ളലിനും മീതെ ലക്ഷ്മിയുടെ വാക്കുകൾ അവന്റെ ചെവി പൊള്ളിച്ചു.
കാപ്പി കപ്പ് താഴെ വച്ച് അഭിമന്യു ധൃതിയിൽ പടികളിറങ്ങി പൂമുഖത്തേക്ക് നടന്നു.
അവിടെ കണ്ട കാഴ്ച്ച അക്ഷരാർത്ഥത്തിൽ അവനെ ഞെട്ടിച്ചു.
പൂമുഖത്ത് എങ്ങോട്ടോ യാത്രയാവാൻ നിൽക്കുന്ന രാഘവനും കുമാരനും.അരികിൽ കൃഷ്ണ മേനോൻ.
അഭിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.ഏത് സത്യം ഏത് മിഥ്യ എന്ന് മനസ്സിലാവാതെ അവൻ തറഞ്ഞു നിന്നു.