രക്തരക്ഷസ്സ് 22 32

പിടഞ്ഞെഴുന്നേറ്റ അഭിക്ക് തന്റെ പിന്നാലെ ആരോ വരുന്നത് പോലെ തോന്നി.ശരീര വേദന വക വയ്ക്കാതെ അവൻ ഓടി മുറിയിൽ കയറി വാതിലടച്ചു.

നിമിഷ നേരം കൊണ്ട് അയാളുടെ ദാഹം ഭയത്തിന് വഴി മാറി. തീവ്രമായഭയം ഉച്ചസ്ഥായിൽ നിലകൊണ്ടു.

താഴെ കണ്ട കാഴ്ച്ചകൾ അവന് വിശ്വസിക്കാൻ സാധിച്ചില്ല.പക്ഷേ എല്ലാം പകൽ പോലെ വ്യക്തം.

രാഘവൻ എന്തിന് ഈ സമയം അവിടെ പോയി.അമ്മാളു എങ്ങനെ ശ്രീപാർവ്വതിയായി. അഭിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല.

ഭയത്തിന്റെ കാഠിന്യം അവന്റെ ഹൃദയമിടിപ്പിന്റെ താളം വേഗത്തിലാക്കി.അടുത്ത നിമിഷം വെട്ടിയിട്ട മരം പോലെ അഭി ബോധമറ്റ് വീണു.

പുറത്ത് മഴ തിമർത്താടുകയാണ്. നീതി നിർവ്വഹണത്തിന് മൂക സാക്ഷികൾ ആയ വൃക്ഷ-ലതാതികൾ തലകുലുക്കി നിന്നു.
********************************
ഉണ്ണ്യേട്ടാ.ഒന്നെണീറ്റെ.ന്തൊരു ഉറക്കാ ഇത്.കാതിൽ ലക്ഷ്മിയുടെ നനുത്ത ശബ്ദം പതിച്ചതും അഭി കണ്ണ് തുറന്നു.

ആദിത്യന്റെ ഇളം കൈകൾ ജനലഴികളെ തഴുകിത്തലോടി ജാലകത്തിലൂടെ അകത്തേക്ക് ഒഴുകിയെത്തി.

ദാ.സൂര്യൻ മുഖത്ത് വീണു.എന്നിട്ടും ഇവിടെ ഒരാൾക്ക് നേരം വെളുത്തിട്ടില്ല്യ.

കൊച്ചു കുട്ടി ആണെന്നാ വിചാരം.അതെങ്ങനാ പഠിച്ചതും വളർന്നതും ഒക്കെ ഏതോ നാട്ടിൽ,അതിന്റെ ഗുണം അല്ലേ കാണിക്കൂ.

ലക്ഷ്മി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഒരു കള്ളച്ചിരിയോടെ അഭിയെ ഇടം കണ്ണിട്ട് നോക്കി.

അഭി കണ്ണ് തിരുമി പതിയെ എഴുന്നേറ്റു.തലയ്ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നത് പോലെ അവന് തോന്നി.ശരീരം മുഴുവൻ ഇടിച്ചു നുറുക്കിയ പോലെയുള്ള വേദന.

ഹാ.നെറ്റിയിൽ കൈ അമർത്തിക്കൊണ്ട് അഭി തല താങ്ങിയിരുന്നു.

യ്യോ.ന്തേ ഉണ്ണ്യേട്ടാ വയ്യേ. ലക്ഷ്മി.ഓടിച്ചെന്ന് അഭിയെ തൊട്ട് നോക്കി.

ഹോ.അവൾ ഞെട്ടി കൈ പിന്നോട്ട് വലിച്ചു.ന്റെ വള്ളക്കടത്തമ്മേ ന്തൊരു ചൂടാ.നല്ല പനി ഉണ്ടല്ലോ.

ഹേ.സാരമില്ല.അത് നിനക്ക് തോന്നുന്നതാ.അഭി അവളെ മാറ്റി നിർത്തി കട്ടിലിൽ നിന്നും എഴുന്നേറ്റു.