മൂന്നാമത്തെ കോൾ [അനീഷ് ദിവാകരൻ] 46

അപ്പോൾ നീ ആണ് അല്ലെ എന്റെ ദേവികയെ കൊണ്ട് പോയത്….. മരണം ആണ് നീ ….. നിന്റെ ഭീകരതയുടെ മുഖം മൂടി അണിഞ്ഞ  ആ കുതിരയുടെ കുളമ്പടി ശബ്ദം ഇപ്പോഴും ഞാൻ കേൾക്കുന്നുണ്ട്….. ” അയാൾ ഭയത്തോടെ തന്റെ ചെവി പൊത്തിപിടിച്ചു

“ന്റെ മനുഷ്യ….അത് അപ്പുറത്തെ വീട്ടിലെ കാർ പോർച്ചിന്റെ മുകളിലെ പാട്ടപ്പുറത്തു മഴ വെള്ളം തുള്ളി തുള്ളിയായി അവരുടെ ടെറസിൽ നിന്നു വീഴുന്ന ശബ്ദമാ… കുളമ്പടി ശബ്ദം പോലും….നിങ്ങളോട് എത്ര തവണ ഞാൻ പറഞ്ഞു ഈ കഥ എഴുത്തു ഒന്ന് നിർത്താൻ… രാത്രി മനുഷ്യനേം ഒറക്കൂല്ല…. കുളമ്പടി ശബ്ദം അത്രെ..കുളമ്പടി ശബ്ദം മാങ്ങാത്തൊലി……”
ഇരുട്ടത്തു കലി തുള്ളി കൊണ്ട് നിൽക്കുന്നത് തന്റെ പ്രിയപ്പെട്ട ഭാര്യ പദ്മം ആണെന്ന് മനസ്സിലാക്കാൻ അയാൾക്ക് അൽപ്പം സമയം വേണ്ടി വന്നു… താൻ കണ്ടത് സ്വപ്നം ആണെന്ന് ആ എഴുത്ത്കാരന് വിശ്വാസം വന്നില്ല… ഹൊ…. എന്ത് ആശ്വാസം അപ്പോൾ തന്റെ പ്രിയപ്പെട്ട എഴുത്തുകാരി മരിച്ചിട്ടില്ല.. താനും മരിച്ചിട്ടില്ല….കുളമ്പടി ശബ്ദത്തോടെ അപ്പോഴും മഴ പതുക്കെ പെയ്യുന്നുണ്ടായിരുന്നു… ആശ്വാസത്തോടെ പെട്ടന്ന് ഭാര്യയെ അയാൾ കര വലയത്തിൽ ഒതുക്കി
“ചേട്ടാ ” സ്നേഹത്തോടെ ഭാര്യ വിളിക്കുന്നത് കേട്ട് അതിൽ കൂടുതൽ  സ്നേഹത്തോടെ അയാൾ തിരിച്ചു ചോദിച്ചു
“എന്താ ”
“ആരാ ഈ ദേവിക..”
“എനിക്ക് അറിയാൻ മേല ന്റെ പൊന്നു പദ്മം ” അയാൾ അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്നു
“ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേട്ടൻ ദേഷ്യപെടുമോ ”
“ഇല്ല എനിക്ക് ഒരു ദേഷ്യവും ഇല്ല ചോദിച്ചോളൂ ”
“അതെ ചേട്ടാ ഈ മരണം എന്നൊക്കെ പറയുന്നത് കാലൻ അല്ലെ പുള്ളി പോത്തിനെ വിട്ട് കുതിര പുറത്തായോ ഇപ്പൊ യാത്ര സ്പീഡ് കൂട്ടാൻ വേണ്ടി ആകും അല്ലെ ”
“അല്ല ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം…ചിലപ്പ നിന്ന കണ്ടത് കൊണ്ട് ആയിരിക്കും ” ഭാര്യ തന്നെ അടപടലം വാരികൊണ്ടിരിക്കുന്നതിൽ അയാൾക്ക് സങ്കടവും ഒപ്പം ദേഷ്യവും വന്നു . സത്യത്തിൽ തനിക്ക് ഒട്ടും അറിയാൻ മേലാത്ത ആ എഴുത്തുകാരി ദേവികയെയും ആ സ്വപ്നത്തെയും അപ്പോൾ അയാൾ മനസ്സിൽ കുത്തിയിരുന്നപ്പോൾ പ്രാകി തുടങ്ങിയിരുന്നു.
“അപ്പൊ ആ പറഞ്ഞത് എന്താ ഞാൻ പോത്ത് എന്നല്ലേ അത് ശരി അതൊന്ന് എനിക്കറിയണമല്ലോ ”
പദ്മം ഒരു ഗുസ്തിക്ക് തയ്യാറെടുപ്പുപോലെ മുടി വാരി ചുറ്റി കിടക്കയിൽ വീണ്ടും എഴുന്നേറ്റു ഇരുന്നു.
“ന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ലേ ” അയാൾ നേരിയ വെട്ടത്തിൽ ഭാര്യക്ക് മുന്നിൽ കൈ തൊഴുതു.
“എന്നാൽ പറ എന്നോട് സത്യം പറ…..” തിരിഞ്ഞു കിടക്കാൻ നോക്കിയ അയാളുടെ മുതുകത്തു ഒരു വിരൽ കൊണ്ട് ഒരു കുത്തു കൊടുത്തു കൊണ്ട് പദ്മം തുടർന്നു
“അങ്ങനെ അങ്ങോട്ട് ഉറങ്ങാൻ വരട്ടെ ആരാ ഈ ദേവിക  അത് പറഞ്ഞിട്ട് ഒറങ്ങിയാൽ മതി ഇന്ന് ”  ഭാര്യയുടെ സ്വരത്തിൽ  ദേഷ്യം നിറഞ്ഞു നിന്നത് അയാൾ തിരിച്ചറിഞ്ഞു..മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ ദേഷ്യം പിടിച്ച പദ്മം താൻ കിടന്നിരുന്ന കട്ടിൽ മാറ്റി ഇടുന്നത് കണ്ടു അയാൾ ഉറക്കത്തിൽ എന്ന പോലെ നിലവിളിച്ചു
“ദേവികാ……………………………”
ഒറ്റ സെക്കൻഡിൽ പദ്മം കട്ടിൽ തിരിച്ചു കിടന്നിരുന്ന സ്ഥലത്തു തന്നെ കഷ്ടപെട്ട് ഉന്തി കൊണ്ട് വന്നിടുന്നത് കണ്ടു ചിരിക്കാതിരിക്കാൻ അയാൾ വായിൽ പുതപ്പ് കുത്തി കയറ്റി .പെട്ടന്ന് പദ്മം എന്തോ ഓർത്ത് കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു അയാളുടെ മേശപ്പുറത്തു ഇരുന്ന മൊബൈൽ എടുത്തു ആരെയോ വിളിക്കുന്നത് പോലെ അയാൾക്ക് തോന്നി
“ഹലോ ഇതു ദേവി അല്ലെ ”
“ഏത് ദേവി എന്നോ… നിന്റെ പേര് ദേവി എന്ന് അല്ലെ…”
“ഓ… അതെ ഞാൻ പദ്മം തന്നെ ആണ് ”
“ആ… ശ്രീദേവി ആയിരുന്നോ എന്ത് ഒക്കെ ഉണ്ട് വിശേഷം സുഖം അല്ലെ ”
“ഇല്ല…. ഇല്ല.. അത്യാവശ്യം ഒന്നും ഇല്ല… കുഴപ്പം ഒന്നും ഇല്ല ശരി ഒക്കെ ” പെട്ടന്ന് തന്നെ പദ്മം കട്ടിലിൽ നിന്ന് വേഗം എഴുന്നേറ്റു മൈബൈൽ ഇരുന്നിടത്തു കൊണ്ട് പോയി തിരിച്ചു വന്നു ചെവി തിരുമ്മുന്നത് കണ്ടു അയാൾക്ക് വീണ്ടും ചിരി പൊട്ടി
“എന്ത് ആയി….ദേവികയെ കിട്ടിയോ..”

Updated: April 22, 2022 — 10:53 pm

9 Comments

  1. രസകരമായി അവതരിപ്പിച്ചു…ഇനിയും എഴുതുക?

    1. അനീഷ് ദിവാകരൻ

      Thanks??

  2. ????

    1. അനീഷ് ദിവാകരൻ

      നന്ദി

  3. Bro ithu pole kathakal idunna sites vere ethokke aanu ille

  4. മണവാളൻ

    ? കൊള്ളാം ബ്രോ.

    1. അനീഷ് ദിവാകരൻ

      നന്ദി

    1. അനീഷ് ദിവാകരൻ

      നന്ദി

Comments are closed.