ഒരു മരത്തിന്റെ ചില്ലയിൽ ഒരു പക്ഷിയും അതിന്റെ കീഴെ ഉള്ള മാളത്തിൽ ഒരു പാമ്പും താമസിച്ചിരുന്നു. അങ്ങനെ ഇരിക്കെ ഒരിക്കൽ കിളി തന്റെ കൂട്ടിലും പാമ്പ് തന്റെ മാളത്തിലും മുട്ടകൾ ഇട്ടു. രണ്ടാളും തങ്ങളുടെ മുട്ടകൾ പൊന്നുപോലെ സൂക്ഷിച്ചു. എന്നാൽ പക്ഷി മുട്ടായിട്ടത് അറിഞ്ഞതോടെ പാമ്പിന്റെ സ്വഭാവം മാറി. അവൻ മുട്ട കഴിക്കുവാനായി പക്ഷി പോകുന്ന തക്കം നോക്കി പതിയെ ചുറ്റി വരിഞ്ഞു മരത്തിനു മുകളിലേക്ക് കയറാൻ തുടങ്ങി. എന്നാൽ എപ്പോഴും തന്നെ കൂടുവിട്ട് അധികം ദൂരേക്ക് പോകാത്തത് കൊണ്ട് മുട്ട പാമ്പ് അകത്താക്കും മുന്നേ പക്ഷി എത്തിച്ചേരുമായിരുന്നു. പക്ഷി പാമ്പിനെ കൊണ്ട് പൊറുതി മുട്ടി. ഒരിക്കൽ പാമ്പ് ഇരതേടി പുറത്തേക്ക് പോയി. പാമ്പ് തിരികെ എത്തുമ്പോൾ പക്ഷി കൂട്ടിൽനിന്നും എങ്ങോട്ടോ പറന്നു പോകുന്നത് കണ്ടു. ഈ അവസരം മുതലാക്കുവാൻ പാമ്പ് പതിയെ മരം കയറി. പക്ഷിയുടെ മുട്ടകൾ പതിയെ പതിയെ അകത്താക്കി. ഒടുവിൽ തന്റെ പരിശ്രമം വിജയം കണ്ട സന്തോഷത്തോടെ പാമ്പ് മരത്തിൽ നിന്നും തിരികെ ഇറങ്ങി തന്റെ മാളത്തിലേക്ക് കയറി. എന്നാൽ മാളത്തിൽ എത്തിയ പാമ്പ് ഞെട്ടി. കാരണം മാളത്തിൽ ഒരു മുട്ട പോലും ഉണ്ടായിരുന്നില്ല.