മുറ്റത്തെ ബിർച്ച് മരത്തിൽ തൂക്കിയ നക്ഷത്രവിളക്കിന്റെ പ്രകാശം മരത്തിൽ തീർത്ത മച്ചിന്റെ മുകളിലേയ്ക്ക് വീശി കൊണ്ടിരുന്നു.
വിരുന്ന് മേശ ആരും തൊടാതെ , വിശപ്പില്ലാതെ രണ്ടാത്മാക്കൾ…
നിശബ്ദത തളം കെട്ടി നിന്നു…
അകലെയെവിടേയോ ക്രിസ്തുമസ് കരോൾ നേർത്തതായി കേൾക്കുന്നുണ്ടായിരുന്നു….
കണ്ണുകളിൽ ഉറക്കം കൂടു കെട്ടിയ ഒരു നിമിഷം, മാർത്ത ഞെട്ടി എഴുന്നേറ്റു… ഒപ്പം കുഞ്ഞു ടോമും…
ആരോ വാതിലിൽ മുട്ടുന്നുണ്ട്.
” പപ്പാ, പപ്പാ…പപ്പാ വന്നു ” ടോം ആർത്തു വിളിച്ചു.
ആരുമില്ല വരുവാനും പോകുവാനും ഈ വീട്ടിലെന്നു ആരെക്കാളും നന്നായി മാർത്തക്കറിയാമായിരുന്നു..
പിന്നെയിതാരാണ് ? വിറയ്ക്കുന്ന കരങ്ങളോടെ മാർത്ത കതകിന്റെ സാക്ഷ നീക്കി.
ഒരു വൃദ്ധൻ, മഞ്ഞു വീണ രോമത്തൊപ്പി, ഊരി കയ്യിലെടുത്തു, നരച്ച മീശ തടവി , വിടർന്ന ചിരിയോടെ മുൻപിൽ….
ടോം, “പപ്പാ” എന്ന് വിളിച്ചു കൊണ്ട് ഓടി അയാളുടെ കൈ പിടിച്ചകത്തേക്ക് വിളിച്ചു കയറ്റി. അവൻ അയാളെ ഉമ്മ വെച്ചു, അയാളും വാത്സല്യത്തോടെ തിരികെ ഉമ്മ വെച്ചു. കുഞ്ഞു ടോമിന്റെ പൊട്ടിച്ചിരികൾ വീട്ടിൽ മുഴങ്ങി.
മാർത്ത തരിച്ചു നിൽക്കുകായാണ്, ശീതക്കാറ്റ് ചീറിയടിച്ചു.. വാതിൽ ഉച്ചത്തിൽ ഒരു മുഴക്കത്തോടെ അടക്കപ്പെട്ടു.
മാർത്തക്കെന്തു ചെയ്യണമെന്നറിയാൻ വയ്യാതെ നിൽക്കുകയായിരുന്നു. അവർ യാന്ത്രികമായി ആ വാതിൽ സാക്ഷയിട്ടു…
അതേ സമയം ടോം, തീന്മേശയിൽ മെഴുകുതിരികൾ കത്തിച്ചു. ആ വൃദ്ധൻ താൻ കൊണ്ടുവന്ന ക്രിസ്തുമസ് സമ്മാനങ്ങൾ ടോമിന് നൽകി. കുഞ്ഞു ടോമിന്റെ സന്തോഷം കെടുത്തുവാൻ വയ്യാതെ മാർത്ത മൗനം പാലിച്ചു.
ഓരോ വിഭവങ്ങളെടുത്തു ടോം അയാളെ സത്കരിക്കാൻ തിരക്ക് കൂട്ടി. അയാൾ കൊണ്ടുവന്ന ഒരു കേക്കും മുറിച്ചവർ പാട്ടുപാടി.
മാർത്തയും ഒപ്പം കൂടി… ആഘോഷങ്ങൾക്കൊടുവിൽ, ടോം ഉറക്കമായി. കുഞ്ഞിനെ ഉണർത്താതെ അകത്തെ മുറിയിലെ കട്ടിലിൽ കൊണ്ട് കിടത്തി, രോമകംബളം വലിച്ചവനെ പുതപ്പിച്ചു. വാത്സല്യപൂർവം ഒരു മുത്തം നൽകി.എന്നിട്ടാ വൃദ്ധൻ തന്റെ രോമകോട്ടും, പിഞ്ഞി തുടങ്ങിയ കൈയുറയും, കാലുറയും ധരിച്ചു. യാത്ര പറയുവാൻ തയാറെടുത്തു.
മാർത്ത, ഒന്ന് മുരടനക്കി, :” ആരാണ് നിങ്ങൾ?” എന്റെ ടോമിന്റെ മനസ് തകർക്കാതെ തക്ക സമയത്തു വന്ന നിങ്ങളാരാണ് ?”
വൃദ്ധൻ ഒന്ന് ചിരിച്ചു. “നിന്നെ പോലെ, നിന്റെ മകനെ പോലെ ഒറ്റയ്ക്ക്കായ ഒരു ജീവി, വേണ്ടപ്പെട്ടവരില്ലാത്തവർക്ക് വിരുന്നുകാരനാകാൻ നിയോഗിക്കപ്പെട്ട ഒരു ജന്മം. സാന്താക്ലാസിന്റെ പോലെ..”
“ഇനിയും വരും ഞാൻ , ഓരോ ക്രിസ്തുമസിനും.. “