Author : അനാമിക അനീഷ് “ആമി”
കുഞ്ഞു ടോം ജനാലയിൽ കൂടി പുറത്തേക്ക് നോക്കുവാനൊരു ശ്രമം നടത്തി. എത്താത്തതിനാൽ അവനൊരു മരസ്റ്റൂള് വലിച്ചു കൊണ്ട് വന്നു ജനാലച്ചില്ലിന്റെ തണുപ്പിലേക്ക് മുഖമമർത്തി. പുറത്തെ നരച്ച വെളിച്ചം മാത്രമേ കാണുവാനുള്ളൂ. പുറമെ ജനാലയിൽ മഞ്ഞുവീണു കട്ടകെട്ടിയിരിക്കുന്നതിനാൽ വെളിച്ചത്തിന്റെ തുണ്ടുപോലും അകത്തേക്ക് കടക്കുന്നില്ല. മാർത്ത, അവന്റെ മമ്മ, കരടി നെയ്യിൽ മുക്കിയ തുണികൊണ്ടുള്ള വിളക്കിന്റെ തിരി അൽപ്പം കൂടി നീട്ടിവെച്ചു. ഉണങ്ങിയ ബ്രഡിന്റെ കഷണങ്ങൾ എങ്ങനെ മാർദ്ദമുള്ളതാക്കാമെന്നാണ് മാർത്ത അപ്പോൾ ചിന്തിച്ചത്. പുഴുങ്ങാനിട്ട ഉരുളക്കിഴിങ്ങിന്റെ ആവി പൊന്തുന്ന വലിയ വോക്കിന്റെ അടപ്പ് ലേശം ഉയർത്തി, ബ്രഡ്ഡ് അവിടേക്ക് തിരുകി കയറ്റി. അൽപ്പം കഴിഞ്ഞെടുക്കാം, മയം വന്നേക്കാം. ടോം അതേ നിൽപ്പുതന്നെയാണ്. “എന്താണ് അവനോട് താൻ പറയുക?”
ഇത് പോലെ മഞ്ഞു കൊഴിയുന്നൊരു ഡിസംബറിലാണ്, കുഞ്ഞു ടോമിന്റെ പപ്പ, ഡാൻ മരണപ്പെട്ടത്.
അകലെ ബറോവിലെ ഒരു മീൻ വിൽപ്പനകടയിലെ ജീവനക്കാരനായിരുന്നു ഡാൻ. അവിടെ നിന്നും ഇടയ്ക്കിടെ അവർ തിമിംഗലവേട്ടക്ക് പോകാറുണ്ട്. ഒരു ഡിസംബറിൽ വേട്ടക്ക് പോയ ഡാനും കൂട്ടുകാരും തിരികെ വന്നില്ല. പിന്നെയെപ്പൊഴോ, അവരുടെ മരവിച്ച ശരീരങ്ങൾ വീണ്ടെടുത്തുവെന്നു അലാസ്കയിലെ സർക്കാരിൽ നിന്നും അറിയിപ്പ് കിട്ടിയതും, കൂട്ടത്തോടെ ശവസംസ്കാരവും നടത്തിയതും, അർദ്ധബോധാവസ്ഥയിലെന്ന പോലെ മാർത്ത ഓർക്കുന്നു.
ഡാനിന്റെ തനി പകർപ്പാണ് ടോം. അവന്റെ പപ്പയുടെ നീലകണ്ണുകളും, സ്വർണ്ണമുടിയും അത് പോലെ കിട്ടിയിട്ടുണ്ട്. അവനിപ്പോൾ ഏഴ് വയസ്സാണ്.
ഓരോ ക്രിസ്തുമസിനും അവനു വേണ്ടി മാർത്ത നക്ഷത്രവിളക്കുകൾ കൊളുത്തി. ക്രിസ്തുമസ് വിരുന്നൊരുക്കാൻ അധികം വിഭവങ്ങൾ കാണില്ല. എങ്കിലും, ഉണങ്ങിയ പന്നിയിറച്ചിയും, വാൽറസിന്റെ ഇറച്ചി കൊണ്ടുള്ള സ്റ്റ്യുവും,പുഴുങ്ങിയ ഉരുളക്കിഴങ്ങും, ബ്രഡും, നേരത്തെ തയാറാകുന്ന മുന്തിരി വൈനും ഒരു കുഞ്ഞു വിരുന്നിന്റെ ലാഞ്ചന നൽകിയിരുന്നു.
ക്രിസ്തുമസ് രാത്രി, പപ്പ വരുമെന്ന് കരുതി, ടോം കാത്തിരിക്കാറുണ്ട്. മരം കോച്ചുന്ന തണുപ്പത്തും, ഏതു മഞ്ഞു പൊഴിയുന്ന രാവിലും, അടുത്തുള്ള പള്ളിയിലെ ക്രിസ്ത്മസ് കരോൾ പാടാനെത്തുന്ന സംഘം അവനെ തെല്ലൊന്നുമല്ല സന്തോഷപ്പെടുത്തിയിട്ടുള്ളത്. ആ പള്ളിയിലേക്ക് മാർത്ത ഡാനിന്റെ മരണശേഷം പോയിട്ട് തന്നെയില്ല.
ഓരോ ക്രിസ്തുമസിനും അവൻ പപ്പയെ തിരക്കും. ഓരോ തവണയും മാർത്ത അവനോട് അടുത്ത ക്രിസ്തുമസിനെത്തും എന്ന ഒഴിവു പറഞ്ഞു പറഞ്ഞു പോകുന്നു, ഓരോ ഡിസംബറും കൊഴിയുന്നു.