ദൈവം വലിയവനാണെന്ന അർത്ഥമുള്ള ‘അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ’ എന്ന് റസാക്ക് രണ്ടു മൂന്നാവർത്തി പറഞ്ഞു.
‘നീ ചെയ്ത കാര്യം നല്ലതാണ്. പക്ഷെ പെട്ടെന്ന് ഇങ്ങിനെ ഒരു മാറ്റം വരാൻ?’ റസാക്ക് ചോദിച്ചു.
‘ആ സ്ത്രീക്ക് വേറെ ഒരു ഭർത്താവിനെ കിട്ടും. പക്ഷെ ആ കുട്ടിക്ക് ഒരു അച്ഛനെ കിട്ടുമോ?’ അയാളുടെ ചോദ്യം.
എന്തോ ജയിച്ചടക്കിയ പോലെ അയാൾ ആ പുണ്യഭൂമിയെ മനസ്സ് കൊണ്ട് സ്നേഹിച്ചു ജിദ്ദയിൽ നിന്ന് രണ്ടാഴ്ച്ചക്ക് ശേഷം പ്ലൈൻ കയറി, കുവൈറ്റ് വഴി തന്റെ പെറ്റമ്മയുടെ നാട്ടിലേക്ക്. ആ പ്ലൈനിൽ ആ അച്ഛനും ഭാര്യയും മകളുമുണ്ടായിരുന്നു.
************************
ജിദ്ദ എയർപോർട്ടിൽ നിന്ന് തുടങ്ങി കുവൈറ്റ് എയർപോർട്ട് ട്രാൻസിറ്റ് ലൗഞ്ചിലെത്തുന്നത് വരെ അയാളുടെ ജീവിതകഥ പറഞ്ഞവസാനിച്ചിട്ട് അയാൾ എന്നോട് പറഞ്ഞു…’ഷെരീഫ് സാർ, എന്റെ ഈ അനുഭവം സാറൊരു കഥയാക്കി ഫേസ് ബുക്കിലിടണം. അത് വായിക്കുന്നവർക്ക് ഒരു മെസ്സേജ് കിട്ടുമല്ലോ?’
കുവൈറ്റ് എയർപോർട്ട് ട്രാൻസിറ്റ് ലൗഞ്ചിലെ സഹിക്കാൻ പറ്റാത്ത തണുപ്പിൽ നിന്നും രക്ഷനേടാൻ ബ്ലാങ്കെറ്റ് കൊണ്ട് മൂടി പുതച്ചു കിടക്കുകയായിരുന്ന എന്റെ ഭാര്യ പറഞ്ഞു … ‘സഹിക്കാൻ പറ്റുന്നില്ല ഇക്ക…’
‘എന്ത് പറ്റി തണുപ്പ് കൂടുതലുണ്ടോ?’ എന്ന എന്റെ ചോദ്യത്തിന് കണ്ണ് തുടച്ചു കൊണ്ടവൾ പറഞ്ഞു… ‘സഹിക്കാൻ പറ്റാത്തത് തണുപ്പല്ല, ഇവരുടെ ജീവിതകഥയാണ്’.
അയാളോട് ഞാൻ പറഞ്ഞു… ‘കഥ എഴുതാൻ എനിക്കിഷ്ടമാണ്… ത്രെഡ് കിട്ടുകയും ചെയ്തു. പക്ഷെ, കുറച്ചു ദിവസം കഴിഞ്ഞാൽ നോമ്പ് തുടങ്ങുകയാണ്. നോമ്പ് സമയത്ത് ഞാൻ കഥകൾ എഴുതാറില്ല, പോസ്റ്റ് ചെയ്യാറുമില്ല. അത് കഴിഞ്ഞ് ഞാൻ കഥ എഴുതി പോസ്റ്റ് ചെയ്തോളാം.
അപ്പോഴും ആ പെണ്‍കുട്ടി ചിത്രശലഭം പോലെ പാറി നടക്കുകയാണ്. ആ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ആളോട് ഞാൻ ചോദിച്ചു..
‘മതത്തിന്റേയും മതഗ്രൂപ്പുകളുടെയും രാഷ്ട്രീയത്തിന്റെയും വ്യക്തിവൈരാഗ്യത്തിന്റെയും പേരിൽ നടമാടുന്ന അക്രമങ്ങളും കൊലകളും കാണുമ്പോൾ അവരോട് ഒരു കാര്യം ചോദിക്കാൻ തോന്നുന്നു. നിങ്ങൾക്ക് ആർക്കെങ്കിലും ഒരു ജീവൻ കൊടുക്കാൻ പോയിട്ട് ഒരു ജീവിതം കൊടുക്കാൻ കഴിയുമോ?’
അയാളുടെ മറുപടി ഇതായിരുന്നു..’ഇപ്പോൾ ഞാനൊരു പുതിയ മനുഷ്യനാണ് സാറേ’
നെടുമ്പാശ്ശേരിയിലേക്ക് പോകാനുള്ള കുവൈറ്റ് എയർവെയ്സിന്റെ ചെക്കിംഗ് തുടങ്ങിയെന്ന അന്നൗൻസ്മെന്റ് കേട്ടപ്പോൾ ഞങ്ങൾ എഴുനേറ്റു.
ആ കുട്ടി ഞങ്ങളുടെ അടുത്ത് വന്നപ്പോൾ എന്റെ ഭാര്യ ആ കുട്ടിയോട് ചോദിച്ചു.. ‘മോൾക്ക് ഏറ്റവും ഇഷ്ടം ആരോടാ?’ ന്റച്ഛനോട്.. അത് കഴിഞ്ഞാൽ ആ ചേട്ടനോട്’. അവൾ വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നോക്കി. അത് അയാളായിരുന്നു – അവളുടെ അച്ഛന് മാപ്പ് കൊടുത്ത വ്യക്തി.