ഫ്ലൈറ്റ് ഇറങ്ങാനുള്ള തയ്യാറെടുപ്പിലായി. എല്ലാവരും സീറ്റ് ബെൽട്ടിട്ടു. ആ കുട്ടിക്കും താൻ തന്നെ സീറ്റ് ബെൽട്ട് ഇട്ടു കൊടുത്തു. താഴെ ഒരു പാട് പള്ളി മിനാരങ്ങൾ. ജിദ്ദ എയർപോർട്ടിലെത്തി. ആ കുട്ടിക്ക് ടാറ്റാ പറഞ്ഞു പുറത്ത് കാത്തു നിന്ന സ്വന്തക്കാരുടെ കൂടെ അയാൾ പോയി.
അയാളോ ഉമ്മയോ മാപ്പ് കൊടുക്കുകയാണെങ്കിൽ ഉപ്പാടെ ഘാതകനെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താം. അതിന് വേണ്ടി ഒരു പാട് ആളുകൾ അവരെ സമീപിച്ചു. അതിന് എത്ര പണം വേണമെങ്കിലും തരാം എന്നയാളോട് പലരും പറഞ്ഞു. ആ മനുഷ്യന് മാപ്പ് കൊടുക്കുക എന്ന കാര്യം അയാളുടെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് എല്ലാവരോടും അറുത്ത് മുറിച്ചു അയാൾ പറഞ്ഞു. ഒരു വിധവയുടെ വിഷമം അറിയാവുന്നത് കൊണ്ട് അയാളുടെ ഉമ്മ പോലും മാപ്പ് കൊടുക്കാൻ അയാളോട് സൂചിപ്പിച്ചു. ‘ഉമ്മാക്ക് വേറെ ഭർത്താവിനെ കിട്ടും. എനിക്ക് ഒരു ഉപ്പാനെ കിട്ടുമോ?’ എന്നായിരുന്നു ഉമ്മാട് അയാളുടെ ചോദ്യം. ജിദ്ദയിലുള്ള അയാളുടെ ആളുകളും ആ വ്യക്തിക്ക് മാപ്പ് കൊടുക്കാൻ പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല.
മറ്റന്നാളാണ് വിധി വരുന്ന ദിവസം. വിധി നടപ്പാക്കുന്നത് അടുത്ത വെള്ളിയാഴ്ച്ചയും. നാളെ വെളുപ്പിനെ മക്കയിൽ പോയി ഉംറ ചെയ്യണം. എന്നിട്ട് ജയിലിൽ പോയി അയാളെ കാണണം. ജയിലിൽ പോയി കാണാനുള്ള എല്ലാം ശെരിയായിട്ടുണ്ടെന്ന് മൂത്താപ്പാടെ മകൻ റസാക്ക് പറഞ്ഞു. ആ ആൾക്ക് മാപ്പ് കൊടുത്തൂടെ എന്ന് റസാക്കും ചോദിച്ചു. അയാളുടെ ഒരു നോട്ടമായിരുന്നു റസാക്കിനുള്ള മറുപടി.
ഉംറ ചെയ്ത് അയാൾ റസാക്കിന്റെ കൂടെ ജയിലിലേക്ക് പോയി. വധശിക്ഷ നടപ്പാക്കുന്നത് എങ്ങിനെയെന്ന് റസാക്ക് പറഞ്ഞു മനസ്സിലാക്കി. അത് കേട്ടപ്പോൾ അയാൾക്ക് അത് കാണണമെന്ന ആഗ്രഹം പറഞ്ഞു. പക്ഷെ റസാക്ക് മറുപടി ഒന്നും പറഞ്ഞില്ല.
ജയിലിലെ വിസിറ്റെഴ്സ് റൂമിൽ അയാൾ ലൈനിൽ നിൽക്കുമ്പോൾ മറുഭാഗത്തെ ലൈനിൽ ഫ്ലൈറ്റിൽ വെച്ച് കണ്ട സ്ത്രീയും കുട്ടിയും നിൽക്കുന്നുണ്ടായിരുന്നു. ആ കുട്ടിയോട് ഞാൻ ചോദിച്ചു… ‘മോള് ആരെ കാണാൻ വന്നതാ?’ അയാൾ ചോദിച്ചു.. ‘ന്റച്ചനെ കാണാനാ.. അച്ഛൻ ഇവിടെയാ താമസിക്കുന്നെ…’ ആ മറുപടി കേട്ടപ്പോൾ അയാൾ കരുതി ആ കുട്ടിയുടെ അച്ഛൻ എന്തെങ്കിലും വിസ പ്രശ്നത്തിന് ജെയിലിലായതാവും.
കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് അകമ്പടിയോടെ ഒരാളെ കൊണ്ട് വന്നു. റസാക്ക് പറഞ്ഞു അതാണ് ഘാതകനെന്ന്. ഞങ്ങൾ എഴുനേറ്റു. അപ്പോൾ ‘ന്റച്ചൻ വന്നേ’ എന്ന് പറഞ്ഞ് ആ കുട്ടിയും തുള്ളിച്ചാടാൻ തുടങ്ങി. ആ മനുഷ്യൻ ആ കുട്ടിയെ തൊടാൻ കൈനീട്ടി. പക്ഷെ, …. വിലങ്ങു വെച്ച അയാൾക്ക് അത് കഴിഞ്ഞില്ല.
‘നമുക്ക് പോകാം റസാക്കെ.’ അത് പറഞ്ഞ് അവർ റൂമിലേക്ക് പോയി.
പിറ്റേന്ന് വിധി കേൾക്കാൻ അയാൾ കോടതിയിലേക്ക് പോയി.
‘ഈ വ്യക്തി ചെയ്ത തെറ്റിന് ഇസ്ലാമിക ശെരീഅത്ത് നിയമപ്രകാരം വധശിക്ഷ വിധിച്ചിരിക്കുകയാണ്. അനന്തരാവകാശിക്ക് എന്തെങ്കിലും പറയാനുണ്ടോ?’ ജഡ്ജിയുടെ ചോദ്യം മുത്തർജിം പരിഭാഷപ്പെടുത്തി. കോടതിയിൽ പരിപൂർണ നിശബ്ധത. അത് ഭേദിച്ചു അയാൾ പറഞ്ഞു…. ‘ഞാൻ മാപ്പ് കൊടുത്തിരിക്കുന്നു……’