പ്രവാസിയുടെ വേലി 3 [ഡ്രാക്കുള] 44

“ഇല്ലടാ ..നിനക്ക് അറിയില്ല .എൻ്റെ ജിവിത സത്യം വെച്ച് ഈ പറഞ്ഞതൊക്കെ തെറ്റാണ് .”

ബഷീറിൻ്റെ ശബ്ദം ഇടറി ..കണ്ണുകൾ നിറഞ്ഞു… വിറയാർന്ന കൈകളാൽ തൻ്റെ പേൻ്റിൻ്റെ പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് നിറഞ്ഞു കവിഞ്ഞ കണ്ണുകൾ തുടച്ചു .

“ഇക്കാ …എന്താ ഇത്…?”ഞാൻ പറഞ്ഞതല്ലേ ഇക്കാ …നമുക്ക് ആ വിഷയം വിടാം എന്ന്; എന്നിട്ടും …”സുധീഷ് ശബ്ദം താഴ്ത്തി ബഷീറിനോടായ് ദേഷ്യഭാവത്തിൽ പറഞ്ഞു .

‘കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിയ കണ്ണുകളാ… എന്നിട്ടും എന്താണ് എന്നറിയില്ല…,വീണ്ടും മറക്കാൻ ശ്രമിക്കുന്തോറും ;ആരോ പിന്നിൽ നിന്ന് ഉണർത്തുന്ന പോലെ ….!!’

“സുധീഷേ ….നീ അറിയണം .നീ എൻ്റെ ആരുമല്ല …;എന്നോട് ഈ യാത്രയെ കുറിച്ച് സഹായം ചോദിച്ച് വന്ന ഒരു ചെറുപ്പക്കാരൻ ..;അത്ര മാത്രം …
നമുക്കിനി രണ്ട് മണിക്കൂർ കൂടിയുണ്ട് ഈ യാത്ര .ഈ രണ്ട് മണിക്കൂറ് ഇരുപത്തി രണ്ട് വർഷത്തെ അനുഭവം പറയാം .നിനക്ക് ഉപകാരപെടും .ഒരു ജീവിത യാഥാർത്യം..!”

“പക്ഷെ ….ഇക്കാ … എനിക്ക് കേൾക്കാൻ താൽപര്യം ഉണ്ട് .എന്നാലും …., പറയാൻ പോകുന്നത് മധുരമുള്ളതല്ല എന്ന ബോധവും എനിക്കുണ്ട്. നിങ്ങൾ മറക്കാൻ ശ്രമിക്കുന്നത് എന്തിനാണ് വെറുതെ ….;”സുധീഷ് ബഷീറിൻ്റെ തോളിൽ തട്ടിക്കൊണ്ട് ഒരു പക്വത ആർജിച്ച കൂട്ടുകാരനെ പോലെ പറയണ്ട എന്ന ഭാവത്തിൽ നോക്കി..

” വേദനയല്ല ടാ …വെറുപ്പാണ് ..
വെറുപ്പ് എന്നത് ആത്മാർഥതയോടാണ് . സ്നേഹിക്കണം ..,പക്ഷെ ലാളിക്കരുത് … സ്നേഹിക്കണം ;പക്ഷെ ഹൃദയത്തിനുള്ളിൽ ഇട്ട് കൊണ്ട് സ്നേഹിക്കരുത് …”

“പക്ഷെ ..ഇക്കാ ആത്മാർഥത ഇല്ലാത്ത സ്നേഹത്തിന് എങ്ങനെ സ്നേഹം എന്ന് പറയും .അത് കാപട്യമല്ലേ ….”

“അതേ.. കാപട്യമാണ് .ഈ ലോകം തന്നെ കാപട്യത്തിൻ്റെ ലോകമല്ലേ . ”

“ഇക്കാ പറഞ്ഞ് വരുന്നത് എന്താണ്..? എനിക്ക് ഒന്നും മനസിലാവുന്നില്ല .”സുധീഷ് പുഞ്ചിരിയോടെ ബഷീറിൻ്റെ മുഖത്തേക്ക് നോക്കി ..
“പറയാം ….എനിക്കിപ്പോൾ അമ്പത്തിരണ്ട് വയസായി .. ഇരുപത്തിരണ്ട് വർഷമായി ഞാൻ ഗൾഫിൽ .
കല്യാണം കഴിഞ്ഞിട്ട് ഇരുപത്തി രണ്ട് വർഷവും ..
അതായത് ;നീ ഇപ്പൊൾ എങ്ങനെയാണ് അത് പോലെ കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതും വിസ തരപ്പെട്ടതും …
നി എന്നൊട് പറഞ്ഞില്ലേ കല്ല്യാണം കഴിഞ്ഞ് രണ്ട് മാസമായി എന്ന് .നി അത് പറഞ്ഞ പ്പോൾ …ഞാൻ നിയായ് മാറി .നിന്നിൽ ഞാൻ എന്നെ കാണുകയായിരുന്നു.
എല്ലാവരേയും പോലെ ഒരുപാട് ബാധ്യതയും അതിലേറേ പ്രതിക്ഷയുമായ്‌ എൻ്റെ ആദ്യ പറക്കൽ ….
എൻ്റെ ആദ്യ പറക്കൽ സ്നേഹിക്കുന്നവർക്ക് വേണ്ടിയായിരുന്നു… എന്നാൽ എൻ്റെ ഈ പറക്കൽ അതെല്ലാം മറക്കാൻ വേണ്ടിയാണ്……” ബഷീറിൻ്റെ ഓർമ്മകളിലേക്ക് സുധീഷിൻ്റെ ശ്രദ്ധ യേ ക്ഷണിച്ചു ……

“ഇക്കാക്കാ ….ഇക്കാക്കാ….. .”വാതിലിൽ മുട്ടിക്കൊണ്ട് ബഷീറിൻ്റെ ചെറിയ പെങ്ങൾ മുംതാസ് വിളിച്ചു .

“എന്തെടി…” .
“ഉപ്പ വിളിക്കുന്നു “.
“എന്തിനാ …..”
“ആ…. എനിക്കറീലാ”.
“ആ ….ഞാൻ ഇപ്പം വരാം “.
ബഷീറിൻ്റെ കരവലയത്തിൽ ഉള്ളിൽ മാൻപേടയെ പോലെ പമ്മിയിരുന്ന താഹിറയെ സ്വതന്ത്രമാക്കി വാതിൽ തുറന്നു .

ബഷീർ നേരെ പോയത് അടുക്കളയിലേക്ക് .
“ഉമ്മാ… ഉപ്പ …എന്തിനാ വിളിച്ചെ …”.എന്നും ചോദിച്ച് തനിക്ക് കൊണ്ടു പോവാനുള്ള പലഹാരം തയ്യാറാക്കുന്ന ഉമ്മയെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു .
“ആ… നീ എന്തെടുക്കുകയായിരുന്നു ചെക്കാ .കൂറേ നേരായല്ലോ ഉപ്പ വിളിച്ചിട്ട് .”

“എന്തിനാ …ഉമ്മാ …”.

“ഉപ്പ ബസാറിൽ പോകുന്നുണ്ട് .നിനക്ക് എന്തെങ്കിലും വാങ്ങാനുണ്ടോന് ച്ചോദിക്കാനാ” .
“എന്ത് വാങ്ങാൻ ….ഞാൻ അതെല്ലാം ഇന്നലെയെ വാങ്ങീലേ..”
“എടാ ….താഹിറാൻ്റ പേരേന്ന് കുറേ പേരുണ്ടാവോ..?”