അവൾ : “മ്മ്….. ഇന്ട്രെസ്റ്റിങ്ങ്, ഞാൻ കരുതിയത് നീ നമ്മുടെ കഥ എഴുതുമെന്നാണ്. സാധാരണ നിങ്ങൾ എഴുത്തുകാർ അങ്ങനെയാണല്ലോ എഴുതാൻ വിഷയം ഒന്നും കിട്ടാത്തപ്പോൾ തന്നിലേക്ക് തന്നെ നോക്കി ഒരു എഴുത്തല്ലേ” (ചിരിക്കുന്നു.)
അവൻ : “നമ്മുടെ കഥയോ ? അത് എഴുതാനുള്ളതല്ലല്ലോ പറയാനുള്ളതല്ലേ.”
അവൾ : “പറയാനോ.. ? ആരോട് ?”
അവൻ : “നമ്മുടെ മോളോട്”
അവൾ : “മോളോടോ….?”
അവൻ : “അതെ, കൽക്കട്ടാ സർവ്വകലാശാലയിൽ വെച്ച് നമ്മൾ പരിചയപ്പെട്ടതും.ഞാൻ എഴുതുന്ന വരികളൊക്കെ നിന്റയടുത്ത് വിലയിരുത്താൻ തരുന്നതും. പിന്നീട് ആ വരികൾ നിന്റെ ശീലമായി മാറിയതും, മതിവരുവോളം നമ്മൾ സ്നേഹം പകർന്നതും, ഒടുവിൽ നമ്മുടെ കുഞ്ഞിനു വേണ്ടി ആശയങ്ങളും ആദർശങ്ങളും മാറ്റി വെച്ച് നിന്നെ വിവാഹം കഴിച്ചതും, സ്വപ്നങ്ങളിൽ നിന്നും അകലുന്നതിൽ വന്ന ദേഷ്യം വിഷാദമായി മാറിയത്, വിഷാദം വെറുപ്പായപ്പോൾ ഞാൻ നിന്റെ കാമുകനിൽ നിന്ന് ഭർത്താവായി മാറിയത്, ആധിപത്യ സ്വരങ്ങൾ വീട്ടിൽ വല്ലാതെ ഉയർന്ന നിമിഷങ്ങൾ, മോളുടെ ചിരിയിൽപോലും സന്തോഷം കണ്ടെത്താൻ കഴിയാഞ്ഞപ്പോൾ അവളുടെ കവിളിൽ ഒരുമ്മയും കൊടുത്ത് ആ പഴയ എന്നെ തേടി ഞാൻ വീടുവിട്ടിറങ്ങിയത്, കഴിഞ്ഞ മൂന്നുമാസമായി നിന്റെ ഉള്ളിലെ മഞ്ഞുരുക്കാൻ പാട് പെട്ടതും, അത് ഉരുകി തുടങ്ങിയപ്പോൾ നിന്നെ ഇവിടേക്ക് വിളിച്ചതും. ഇനിയങ്ങോട്ട് ആ പഴയ കാമുകനൊപ്പം നീ സുഖമായി ജീവിക്കാൻ പോകുന്നതും ഉൾപ്പെടെ എല്ലാം എല്ലാം പറയണം നമ്മുടെ മോളോട്.”
അവൾ : “കാമുകനൊപ്പമോ..? അപ്പോൾ എന്റെ ഭർത്താവോ..?”
അവൻ : “നിന്റെ ഭർത്താവിനെ ഞാൻ ഈ കടലിൽ മുക്കി കൊന്നു. ഇപ്പോൾ ഈ കാമുകൻ മാത്രമേ ഉള്ളൂ.”
അവൾ ചിരിക്കുന്നു : ” ഞാൻ നേരത്തെ പറഞ്ഞപോലെ കന്യാകുമാരി അത്ര എക്സാജറേറ്റഡ് സ്ഥലമൊന്നുമല്ല. എല്ലാം മനസ്സിലാകാറാകുന്ന ഒരു പ്രായത്തിൽ അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരണം. ഇവിടെ ഈ അസ്തമയതിനും ഉദയത്തിനും ഇടയിൽ അവൾക്ക് ഈ കഥയൊക്കെ പറഞ്ഞു കൊടുക്കണം. പിന്നീടവൾക്ക് തണൽ കൊടുക്കുന്ന മരങ്ങളാവാതെ നമുക്ക് മാറി നിൽക്കണം. വെയിൽ കൊണ്ട് തന്നെയവൾ വളയരട്ടെ…..”
ഇരുവരും ചിരിച്ചു, സൂര്യപ്രകാശത്തിൽ ജ്വലിച്ചു നിന്ന കടലിനെ സാക്ഷിയാക്കി അവർ നടന്നു നീങ്ങി. ചുവപ്പ് പരവതാനിപോലെ തിളങ്ങി നിന്ന മണൽത്തരികൾ അവരുടെ കാൽപ്പാടുകൾ രേഖപ്പെടുത്തി. അനശ്വര പ്രണയത്തിന്റെ തീക്ഷ്ണതയിൽ അവ ജ്വലിച്ചുനിന്നു.
Thanks for this wonderful piece of work man!?