പ്രണയത്തിന്റെ കാൽപ്പാടുകൾ 9

അവൻ : “തത്ത്വചിന്തകരെപ്പോലും കുടുംബമുതലാളിയാക്കുന്ന ഏർപ്പാടാണ് ഈ കല്യാണം. അന്നും ഇന്നും ആ ഔട്ട്ഡേറ്റഡ് ഏർപ്പാടിനോട് എനിക്ക് എതിർപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ.”

അവൾ : “നിന്റെയാ എതിർപ്പുകളാണല്ലോ എന്റെ ജീവിതം ഇന്നീക്കാണുന്ന നിലയിലേക്ക് എത്തിച്ചത്. സമയത്തിനും സ്നേഹത്തിനും വേണ്ടിയാണ് ഇന്ന് ഈ ലോകത്തു കാണുന്ന സകലമാന അവിഹിതങ്ങൾക്കും പെണ്ണ് നിന്ന് കൊടുത്തിട്ടുള്ളത്”

അവൻ : “അതാണ് ഏറ്റവും വലിയ ഐറണി. സ്വന്തം ഭാര്യക്ക് സമയവും സ്നേഹവും കൊടുക്കാത്തവരാണ് അന്യന്റെ ഭാര്യയ്ക്ക് ഇത് രണ്ടും കൊടുക്കാൻ പോകുന്നത്. അതും ഒളിച്ചും പാത്തും” (ചിരിക്കുന്നു, തുടരുന്നു.) “എന്റെയൊരഭിപ്രായത്തിൽ സ്നേഹിക്കുന്നവർ തമ്മിൽ കെട്ടരുത്. അവരെ മറ്റാരെങ്കിലും കെട്ടിയിട്ട് ഒളിച്ചും പാത്തും പോയി കഷ്ടപ്പെട്ട് സ്നേഹിക്കണം എങ്കിലേ ലവ് ഈസ് എറ്റേർണൽ എന്നൊക്കെ പറയാൻ കഴിയൂ അല്ലാത്തപക്ഷം കല്യാണമണ്ഡപത്തിൽ പ്രേമത്തിന്റെ ഖബറടക്കം കഴിഞ്ഞേ ജീവിതത്തിലേക്ക് കയറാൻ കഴിയൂ”

അവൾ : “അത് സാറ് കല്യാണം കഴിഞ്ഞും പ്രേമിക്കുന്നവരെ കണ്ടിട്ടില്ലാത്തത് കൊണ്ട് തോന്നുന്നതാണ്. അതുകൊണ്ടാണ് ഈ തിയറി ഓഫ് അവിഹിതം ഒക്കെ രൂപപ്പെടുത്തി വെച്ചിരിക്കുന്നത്”

അവൻ : “എന്തോ ഞാൻ കണ്ടിട്ടില്ല അങ്ങനെയാരെയും.പിന്നെ കണ്ടിട്ടുള്ളത് എന്ന് പറയാൻ അനുസരണയുള്ള അടിമകളും ഉടയോന്മാരും തമ്മിലുള്ള ചില അഡ്ജസ്റ്മെന്റ് ബന്ധങ്ങളാണ്”

അവൾ : “അതൊന്നും നിങ്ങൾ കാണില്ലല്ലോ. നിങ്ങൾ മനുഷ്യന് മനസിലാകാത്ത കാര്യങ്ങൾ മനസിലാക്കുന്നവരും മനുഷ്യന് മനസിലാകുന്ന കാര്യങ്ങൾ അംഗീകരിക്കാത്തവരുമല്ലേ. എങ്കിലല്ലേ എഴുത്തുകാരൻ ഇന്റെലക്ച്ചലാകൂ, അല്ലാത്തവരൊക്കെ നിങ്ങളെ സംബന്ധിച്ച് പൈങ്കിളി എഴുത്തുകാരല്ലേ. എഴുത്തുകാരെ പോലെ ഹിപ്പോക്രസിയുള്ള മറ്റൊരു വർഗ്ഗമില്ല. കുറേ സ്യുഡോ ഇന്റെലക്ച്ചലുകൾ.”

അവൻ : “അതെ, തന്നെപോലുളള കൗൺസിലർ കം മോട്ടിവേഷണൽ സ്പീക്കർസ് ആണല്ലോ യഥാർത്ഥ ഇന്റെലക്ച്ചലുകൾ. അപ്പുപ്പൻതാടിയുടെ പടം കാണിച്ച് ഇത് കാണുമ്പോൾ എന്തു തോന്നുന്നു എന്ന് ചോദിക്കും. ‘ ഇഷ്ടാനുശ്രിതം പറന്നു നടക്കാൻ സ്വാതന്ത്ര്യം ഉള്ളവയാണ് അപ്പുപ്പൻതാടി ‘ എന്ന് തോന്നുന്നവരോട് പറയും ‘നിങ്ങൾ പെർഫെക്ട്ലി ഓക്കേയാണ് ‘എന്ന്. ‘കാറ്റു തളിക്കുന്ന വഴിയിലൂടെ പോകാൻ നിർബന്ധിതരാകുന്നവയാണ് അപ്പൂപ്പൻതാടി ‘ എന്ന് തോന്നുന്നവരോട് പറയും ‘നിങ്ങൾ കനത്ത വിഷാദത്തിന് അടിമയാണ് ‘എന്ന്. ഇനി ഇത് രണ്ടും തോന്നുന്നവർക്കോ, നിങ്ങൾ അവർക്ക് സൈക്കാട്രിസ്റ്റിനെ റെഫർ ചെയ്യും. അതല്ലേ ഈ കൌൺസിലേഴ്സ് , എന്ന റിയൽ ഇന്റെലക്ച്ചലുകൾ.”

1 Comment

  1. Vishnu Areekkal

    Thanks for this wonderful piece of work man!?

Comments are closed.