അവൾ : “പുസ്തകത്തെ പറ്റിയൊന്നും പറഞ്ഞില്ല”
അവൻ : “ഡോൺ റ്റു ഡെസ്ക് അറ്റ് കന്യാകുമാരി”, എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ റിലീസ് ഉണ്ടാകും. റോയൽ ബുക്സാണ് പബ്ലിഷ് ചെയ്യുന്നത്.”
അവൾ : “റോയൽ ബുക്സോ വലിയ കോളാണല്ലോ അപ്പോൾ..”
അവൻ : “മ്മ്…”
അവൾ : “കന്യാകുമാരിയിൽ വെച്ചാണോ കഥ നടക്കുന്നത്.”
അവൻ : “ഹേയ് അല്ല”
അവൾ : “പിന്നെന്തുകൊണ്ടാണ് കന്യാകുമാരി. വല്ല ട്രാവലോഗുമാണോ?”
അവൻ : “ഫിക്ഷൻ തന്നെയാണ്”
അവൾ : “അപ്പോൾ കന്യാകുമാരി കഥയിൽ എവിടെയും ഇല്ലേ”
അവൻ : “ഇല്ല”
അവൾ : “പഴയ ഭ്രാന്തിന് കുറവൊന്നുമില്ല അല്ലേ ?. എന്തുകൊണ്ടാണ് കന്യാകുമാരി, പറയൂ..”
അവൻ : “കന്യാകുമാരിയുടെ ഈ സ്പ്ളെൻഡിഡ് ബ്യൂട്ടി കൊണ്ടാവാം.എന്തോ അങ്ങനെ ഇടാൻ തോന്നി, അങ്ങ് ഇട്ടു.”
അവൾ : “ബ്യൂട്ടി കൊണ്ടോ ? ഈ പറയത്തക്ക ബ്യൂട്ടിയൊക്കെ കന്യാകുമാരിക്ക് ഉണ്ടോ. കന്യാകുമാരിയെ പറ്റി പറയപെടുന്നതൊക്കെ അല്പം എക്സാജറേറ്റഡ് ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. കഥയുമായി അതിന് ബന്ധമൊന്നുമില്ലെങ്കിൽ അങ്ങനെയൊരു ടൈറ്റിൽ ഗുണം ചെയ്യുമോ ?”
അവൻ : “ബന്ധം ഉണ്ടാക്കുന്നതും ഇല്ലാണ്ടാക്കുന്നതുമൊന്നും നമ്മളല്ലലോ അത് സംഭവിച്ചു പോകുന്നതല്ലേ.”
അവൾ : “പുസ്തകത്തിൽ പോരെ ഈ സാഹിത്യമൊക്കെ മനുഷ്യരുമായി സംസാരിക്കുമ്പോൾ ഇത്രെയും സാഹിത്യമൊക്കെ വേണോ”
അവൻ : “ജീവിതത്തിൽ സാഹിത്യം വരുന്നതും സാഹിത്യത്തിൽ ജീവിതം വരുന്നതുമൊക്കെ സർവ്വസാധാരണമല്ലേ”
അവൾ : “എന്നാലും ഇത്തരം ഡയലോഗ്കളുടെ ഉദ്ദേശം കേൾക്കുന്നവനിൽ താൻ ഒരു സംഭവമാണെന്ന തോന്നൽ ജനിപ്പിക്കുകയാണല്ലോ. കേൾക്കുന്നവർക്കുള്ളിൽ ഒരു ഡോമിനന്സ് ഉണ്ടാക്കി എടുക്കുക. മാത്രമല്ല ഇതൊക്കെ കൂടുതലും പറയുന്നത് സ്ത്രീകളോടാണല്ലോ”
അവൻ : “ഇതിനൊക്കെ എന്തു മറുപടി പറയാനാണ്” (ചിരിക്കുന്നു)
അവൾ : “കൗതുകം തോന്നുന്ന സ്ത്രീകളോട് ഇങ്ങനെയൊക്കെ പറഞ്ഞടുത്തുകൂടാം എന്നൊരു വിചാരമുണ്ട്. അപ്പോൾ ഒരുപാട് സാഹിത്യം പറച്ചിലും ആദർശങ്ങളുമൊക്കെ കാണും. അടുത്ത് കഴിഞ്ഞാൽ പിന്നെ പതിയെ ഉള്ളിലെ ആൺവർഗ്ഗാധിപത്യം കാണിച്ചു തുടങ്ങും”
അവൻ : “കൗൺസിലിങ് ക്ലാസുകളിൽ നിന്ന് പഠിച്ചതാണോ ഇതൊക്കെ”
അവൾ : “അല്ല, ജീവിതത്തിൽ നിന്ന് പഠിച്ചതാണ്”
അവൻ : “ആവാം, ഒരുപാട് സഹിച്ചില്ലേ ഈ പ്രായത്തിനിടയിൽ”
അവൾ : “അതെ, ഒരുപാട് സഹിച്ചു. 4 വർഷമാകുന്നു കല്യാണം കഴിഞ്ഞിട്ട്. അതിൽ രണ്ടു വർഷം ഭർത്താവിനെ സഹിച്ചു, പിന്നീട് രണ്ടുകൊല്ലം ഭർത്താവ് തനിച്ചാക്കിപ്പോയ പെണ്ണിനോട് നാട്ടിലെ ആങ്ങളമാർക്കുള്ള കരുതൽ സഹിച്ചു. ഇപ്പോൾ ഇതാ നീ തിരിച്ചു വന്നിരിക്കുന്നു നാലു വർഷം മുൻപ് എന്നെ ഉപേക്ഷിച്ചു പോയ എന്റെ പഴയ കാമുകനായിട്ട് തന്നെ. ഇനി നിന്നെ സഹിക്കേണ്ടി വരുമോ എന്നാണ് ഇപ്പോൾ സംശയം”
Thanks for this wonderful piece of work man!?