പാൽത്തുള്ളിയിലെ ആത്മഹത്യ – 2 11

അളവ് തൂക്കങ്ങളിൽ അശ്വന്ത് എന്ന ചെറുപ്പക്കാരന്റെ കുടുംബം ഒരുപാട് ഉയർന്നു പോയി.

നടക്കില്ല സാറേ.അനുപമയുടെ അച്ഛൻ ചാടിയേറ്റു.എന്തൊക്കെ പറഞ്ഞാലും അവനെപ്പോലെ വേലയും കൂലിയും ഇല്ലാത്ത ഒരുത്തന് എന്റെ മോളെ ഞാൻ കൊടുക്കില്ല.

ഹാ.താങ്കൾ ഒന്ന് അടങ്ങൂ ഞാൻ പറയട്ടെ.അവർക്ക് എന്താ കുഴപ്പം.ഞാൻ അയാളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.

യ്യോ ഒരു കുഴപ്പവുമില്ലേ.അയാൾ ചിറി കോട്ടി ചിരിച്ചു.പറയാൻ നല്ലൊരു ജോലിയില്ല. പണമില്ല.കുടുംബ മഹിമ തൊട്ട് തീണ്ടിയിട്ടില്ല.

ഇവനെപ്പോലെ ഒരു തെണ്ടിക്ക് എന്റെ മോളെ കൊടുക്കില്ല പറഞ്ഞാൽ കൊടുക്കില്ല.

സമൂഹത്തിലുള്ള എന്റെ നിലയും വിലയും സാറിന് അറിയാത്തത് കൊണ്ടാണ്.

പിന്നെ എന്താണ് താങ്കളുടെ ഉദ്ദേശം.ഞാൻ അക്ഷമനായി.

പ്രത്യേകിച്ചു ഉദ്ദേശം ഒന്നുമില്ല.സാർ പറഞ്ഞ കാര്യം നടക്കില്ല.അവളെ കായലിൽ കെട്ടി താഴ്ത്തിയാലും അവന് ഞാൻ കൊടുക്കില്ല.

അയാൾ രോക്ഷത്തോടെ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി.

കേസ് ചാർജ് ചെയ്യുന്നില്ല എന്ന് അറിയിച്ച് കമിതാക്കളെ ഒന്ന് താക്കീതും ചെയ്ത് വീട്ടുകാർക്കൊപ്പം അയച്ചു.

അൽപ്പം വിഷമം ആ നിമിഷത്തിൽ എനിക്കുണ്ടായിരുന്നു എന്നത് സത്യം.

ദയനീയമായ നോട്ടത്തോടെ വണ്ടികളിൽ കയറി ഇരുവരും രണ്ട് ദിക്കിലേക്ക് മറയുന്നത് ഞാൻ നോക്കി നിന്നു.

ഒരു കുലുക്കത്തോടെ വണ്ടി എവിടെയോ നിന്നു.

സർ,സ്ഥലമെത്തി.സുരേഷ് എന്റെ തോളിൽ തട്ടി.ഞാൻ കണ്ണ് തുറന്ന് പുറത്തേക്ക് നോക്കി.

ചുറ്റും ആളുകൾ തിങ്ങി നിറഞ്ഞിട്ടുണ്ട്.പോലീസുകാർ തിരക്ക് നിയന്ത്രിക്കാൻ നന്നേ പാട് പെടുന്നു.

മഴ ചിന്നിച്ചിതറി നിൽക്കുന്നു.ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി. ആളുകൾക്കിടയിൽ ഒരു മർമ്മരം.

ശിക്ഷിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാൻ ജീപ്പിന്റെ ബോണറ്റിൽ ചേർന്ന് നിന്നു.

അഡീഷണൽ എസ്‌ഐ ഗൗരീദാസ് ഓടിയെത്തി സല്യൂട്ട് ചെയ്തു.സർ ബോഡി അങ്ങ് താഴെയാണ്.

വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള പാറക്കുഴിയിലാണ് കിടക്കുന്നത്. ഫയർ ഫോഴ്‌സ് ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്.