നാലായപ്പോൾ ഞാൻ പീടികേൽ എത്തി.. ഒരു പരിപ്പുവടേം കഴിച്ചിരിക്കുമ്പോഴാണ് മൂപ്പര് ഒരു ബുള്ളറ്റിൽ വരണേ.. വേഗം കേറടി.. ഭാഗ്യിണ്ടേൽ മ്മക്ക് തെയ്യം കെട്ട് കാണാം..
ഞാൻ ഒരു നോട്ടം പാതി കടിച്ചു കൈയിലിരിക്കുന്ന പരിപ്പുവടയെ നോക്കി.. ഹോ അതിന്റെടെലാ ഓളെ ഒരു പരിപ്പുവട.. എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ച് ഒറ്റ വായയ്ക്ക് അത് അകത്താക്കി എന്നിട്ട് പുറകിൽ കേറാൻ പറഞ്ഞു..
കുറച്ചു ദൂരം പോയി വണ്ടി നിർത്തി സ്ഥലമെത്തിനു പറഞ്ഞ് എന്നെയിറക്കി.. ചുറ്റും നോക്കിയിട്ടും എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല.. വണ്ടി സൈഡിൽ വെച്ചിറങ്ങി പുള്ളി രണ്ടു മരങ്ങൾക്കിടയിലൂടെ നടന്നു.. പുറകെ ഞാനും..
നഗരത്തിനു നടുവിൽ ഒളിഞ്ഞിരിക്കുന്ന പത്തൊമ്പതേക്കർ വിസ്തീർണം ഉള്ളൊരു കാട്.. അതായിരുന്നു നീലിയാർ കോട്ടം. തെയ്യം കെട്ടിയാടുന്നൊരു കാവ്.. ഉള്ളിലേക്ക് നടക്കുന്തോറും കുളിരും, കാറ്റും ഒക്കെ കൂടി പവിത്രവും ശാന്തവുമായൊരു കാവ്.. നിറയെ ചെടികളും, മാനം മുട്ടെ ഉയരമുള്ള മരങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്നു…
“ച്ചെ.. ഇന്ന് തെയ്യം കെട്ട് ഇല്ലാന്ന് തോന്നുന്നു.. നമുക്ക് ഭാഗ്യം ഇല്ലന്ന് .. സാരല്യ ഉള്ളിൽ പോയി തൊഴാം”.. പുള്ളി പറഞ്ഞു..
ഞാൻ മൂളി..
ചെടികൾക്കിടയിലൂടെ ചെറിയ ഒരു വഴി മാത്രം.. പക്ഷെ അതും പരിചയമില്ലാത്ത ആൾക്കാർക്ക് കണ്ടു പിടിക്കാൻ ബുധിമുട്ടാണ്..
എന്തോ കണ്ടപ്പോ ദേ അങ്ങോട്ട് നോക്കിയേന്നു പറഞ്ഞ എന്നെ “ഇവിടെ ഇങ്ങോട്ടും കൈ ചൂണ്ടരുത്ട്ടോ” എന്ന് പറഞ്ഞു ശകാരിച്ചു.
എന്നിട്ട് മുകളിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ കാട്ടി പറഞ്ഞു തന്നു.. ” ഇതിനിടയിൽ ഒരു സ്പേസ് കണ്ടോ? അത് തെയ്യം നടന്നു പോകുമ്പോ തിരുമുടി എവിടെയും തട്ടാതെ പോകാൻ പ്രകൃതി ഉണ്ടാക്കിയതാണെന്ന്.. ഉയരമുള്ള തിരുമുടി ഒരു ഇല പോലും സ്പർശിക്കാതെ ഇതിലൂടെ കടന്നു പോകുമെന്ന്..
കുറേക്കൂടി മുന്നിലേക്ക് പോകുമ്പോൾ കുറച്ചു സ്ഥലം കണ്ടു.. അവിടെയാണത്രെ തെയ്യം കെട്ടിയാടുക..അവിടം വരെയേ ചെരുപ്പിടാൻ അനുവാദമുള്ളൂ.. ചെരുപ്പൂരി വെച്ച് പിന്നെയും മുന്നോട്ട് നീങ്ങി…ചെടികൾക്കിടയിൽ കുറച്ചു കൽപ്പടവുകൾ..
“സൂക്ഷിച്ചിറങ്ങണട്ടോ.. വഴുക്കളുണ്ടാക്കും” നു പറഞ്ഞു ആദ്യം ഇറങ്ങി എന്നെ കൈ പിടിച്ച് ശ്രദ്ധയോടെ ഇറക്കി..
Super!!!
നല്ല കഥ