നവംബർ [Percy Jackson] 55

അവസാനത്തെ പരീക്ഷ വന്നെത്തി.

പരീക്ഷകൾ ഞങ്ങൾ രണ്ട് ആൾക്കും വെവ്വേറെ ക്ലാസ്സ്‌മുറികളിൽ ആയിരുന്നു.പരീക്ഷ എഴുതി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യം കണ്ടത് ആ കറുപ്പ് ഷാൾ ആയിരുന്നു. ഞാൻ ഒന്ന് പുഞ്ചിരിച്ചുവോ?? അറിയില്ല!!!

എന്തായാലും അവളുടെ മുഖത്തു ഒരു വലിയ പുഞ്ചിരി ഉണ്ടായിരുന്നു.

അവളോടൊപ്പം സ്കൂളിന് വെളിയിലുള്ള ഒരു റെസ്റ്റോറന്റിൽ കയറി. എങ്ങനെയും ഈ ജിമിക്കി കൊടുക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.പോക്കറ്റിൽ കിടന്ന് ജിമിക്കി വിറക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്. അവളെ എന്നെ തന്നെ നോക്കി ഇരിപ്പാണ്. ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ട്, എന്നാലും അവളുടെ കണ്ണിലെ നനവ് എനിക്ക് കാണാം. പോക്കറ്റിലെ തടവറയിൽ നിന്നും ആ ജിമിക്കിയെ ഞാൻ സ്വതന്ത്രമാക്കി. ആ ജിമിക്കി അവളുടെ കയ്യിൽ വച്ചു കൊടുത്തു. എന്തോ എനിക്ക് അവളുടെ കണ്ണുകളിൽ നോക്കാൻ കഴിഞ്ഞില്ല.

‘എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നിപോയി,എങ്ങനെ ഒക്കെ കൊടുക്കണം എന്ന് വിചാരിച്ചതാണ്. ഇതൊരുമാതിരി കള്ളന്മാരെ പോലെ ‘

കുറച്ചു നേരം അവിടെ സമ്പൂർണ നിശബ്ദത ആയിരുന്നു. മേശക്കടിയിൽ ഒളിച്ചിരുന്ന കണ്ണുകൾ ഉയർത്തുമ്പോൾ ആദ്യം കണ്ടത് മേശമേൽ ഊരി വച്ചിരിക്കുന്ന ഒരു ജോഡി കമ്മലുകൾ.അവളുടെ കാതിലായി,കവിളുകളെ മുത്തമിട്ട് എന്റെ ജിമിക്കി…

മിഴികളുടെ ഓരത്തെ തഴുകി ഒരു നീർതുള്ളി അവളുടെ കവിളിലേക്ക് അടർന്നു വീണു.

“ഇനി എന്ന് കാണും..”

അവളുടെ സ്വരത്തിലെ ഇടർച്ച, നെഞ്ചിൽ ഒരു വിള്ളൽ വീണ പോലെ..

“അറിയില്ല “

അത്രയും പറയാനേ എനിക്ക് കഴിഞ്ഞുള്ളു. അവൾക്ക് എന്തൊക്കെയോ എന്നോട് ചോദിക്കണമെന്നുണ്ട്. കവിളിലെ നീർതുള്ളി എന്നെ നോക്കി കണ്ണിറുക്കി. അവിടെ നിന്ന് എത്രയും പെട്ടെന്ന് പോയാൽ മതി എന്നായിരുന്നു എനിക്ക്. അവിടെ നിന്ന് എഴുന്നേറ്റു നടക്കുമ്പോൾ ഒരു പിൻവിളി ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. കൈകൾ ഒരു തണുത്ത സ്പർശം തിരിച്ചറിഞ്ഞു. പരിചിതമായ ഒരു സുഖം, എന്നെ അവിടെ പിടിച്ചു നിർത്തി. അവളിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുകൾ ഇല്ല. എന്നാൽ കവിളുകളെ മുത്തമിട്ട് ഉരുണ്ട് വീഴുന്ന നീർതുള്ളികളിൽ കാണാം അവളുടെ വിരഹം. എവിടെയോ ഒരു വേദന…

“കരയല്ലേ..”

നിസ്സഹായനായി ഞാൻ പറഞ്ഞു.

എവിടെന്നോ വന്ന ധൈര്യത്തിൽ എന്റെ കരം അവളുടെ കവിളുകളെ തഴുകി. കണ്ണുനീർ വീണു നനഞ്ഞ കവിളുകൾ തുടച്ചു.വിരലുകൾ ഹൃദയതാളത്തിന് ഈണമിട്ടു കൊണ്ടിരുന്നു. കൈവിരൽത്തുമ്പുകളിലേക്ക് എന്റെ ഹൃദയം ചേക്കേറി കഴിഞ്ഞു .

“പോവാം. എനിക്ക് ഹോസ്റ്റലിൽ പോയിട്ട് വേണം വീട്ടിൽ പോവാൻ.”

കൈകൾ മുറുക്കെ പിടിച്ചു ഞാൻ പറഞ്ഞു.

“ഞാനും വരുന്നു.”

Updated: July 19, 2022 — 10:00 pm

4 Comments

  1. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. ???

Comments are closed.