പടിപ്പുര കഴിഞ്ഞതും കരിമ്പച്ച രൂപങ്ങൾ എനിക്ക് ചുറ്റും നിരന്നു. ആ വന്മരങ്ങളിൽ നിന്നും വിയർപ്പു പൊടിയും പോലെ ഇടയ്ക്കിടെ ഓരോ തുള്ളികൾ പതിക്കുന്നത് കേൾക്കാം. ഒരു വേള ഞാൻ മയൂരിക്കാവിലെ ഹരിതമേഘങ്ങളെ ഓർത്തുപോയി. ചെറിയ മഴക്കാര് കൂടി ഉള്ളത്കൊണ്ടാകും ഒരു നേരിയ ഇരുളിമ അന്തരീക്ഷത്തിന് ഉണ്ടായിരുന്നു.
“ദേവമ്മായി… അമ്മമ്മ പറഞ്ഞു ഇവിടുന്നു കുറച്ചു മാറി മാനോട്ട് മന എന്നൊരു ഇല്ലം ഉണ്ടെന്നു. നമ്മക്ക് അങ്ങട്ടേക്ക് ഒന്ന് പോയവന്നാലോ? ”
അമ്മു ചോദിച്ചു.
“ഏത് ചെറുമീൻ മനയല്ലേ. എന്തിനു, അവിടൊന്നും ഇപ്പൊ ആൾതാമസം പോലും ഇല്ല. അതൊന്നും വേണ്ട. അങ്ങട്ടേക്ക് ഒന്നും പോകണ്ട.”
ഞാൻ വിലക്കി.
എന്നാൽ ആദുവും അമ്മുവിന്റെ ഒപ്പം ചേർന്നു. വാശിയും കരച്ചിലും തുടങ്ങി രണ്ടും. കള്ളകണ്ണീരിന്റെ ആശാത്തിമാരാണ് രണ്ടും. ചേച്ചിയെ കണ്ടാല്ലോ അനിയത്തിയും പഠിക്കുക. ഒക്കെ അറിയാമെങ്കിലും എനിക്കും തോന്നി ഒരു കൗതുകം. ഒരുപാട് കാലമായി അങ്ങട്ടേക്ക് ഒക്കെ പോയിട്ട്. ഒടുവിൽ ഞാൻ തോറ്റുവെന്നു തോന്നിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ഓ… മതി, നിർത്ത്. വാ പോയിട്ട് വരാം… ”
പറഞ്ഞു തീരണ്ട താമസം, സ്വിച്ച് ഇട്ടപോലെ നിന്നു കരച്ചിൽ. എനിക്ക് ചെറുതായി ചിരി വന്നു പോയി.
പണ്ട് മുത്തശ്ശി പറഞ്ഞിട്ടുണ്ട് മാനോട്ട് മനയുടെ കഥ. ചെറുമീൻ മനയെന്നും ഒരു വിളിപ്പേരുണ്ട്. മനയോടു ചേർന്നു കിഴക്ക് ഭാഗത്തു ആയിട്ട് ഒരു കുളം ഉണ്ടായിരുന്നു. വലിയ മീനുകളും കൊച്ചു കൊച്ചു മീനുകളും ഒരുപാട് ഉണ്ട് കുളത്തിൽ. മഴപെയ്തു വെള്ളം പൊങ്ങുമ്പോൾ ചിലപ്പോൾ ഈ കുളത്തിന്റെ ഒരു ഭാഗം കവിയാറുണ്ടായിരുന്നു. അതുവഴി ചെറിയ മീനുകൾ മനയുടെ വിശാലമായ മുറ്റത്ത് കെട്ടികിടക്കുന്ന വെള്ളത്തിലേക്ക് കയറി നീന്തി നടക്കും. ഇങ്ങനെ കിട്ടിയ വിളിപ്പേരാണ് ചെറുമീൻ മന. മാനോട്ട് മനയും വിളിപ്പേര് തന്നെ ആയിരുന്നെങ്കിലും പിന്നീട് അത് മനയുടെ ഔദ്യോഗിക നാമമായി മാറി.
കാട്ടിൽ നിന്നും ഈ മനയുടെ മുറ്റം വഴി മാനുകൾ വരാറുണ്ടായിരുന്നു അത്രേ. അവക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ല. ഇല്ലത്തുകാർ അതിന് എന്തെങ്കിലും ഭക്ഷണവും കൊടുക്കുമായിരുന്നു. ഒരു നാഴിക ദൂരത്തോളം നടന്ന് ഒടുവിൽ ഞങ്ങൾ ചെറുമീൻ മനയുടെ മുറ്റത്തെത്തി. പ്രതീക്ഷിച്ചതുപോലെ തന്നെ കുളത്തിന്റെ അരിക് കവിഞ്ഞു തുളുമ്പുന്നുണ്ട്. അതുവഴി മുറ്റത്തേക്ക് വ്യാപിച്ച വെള്ളത്തിൽ ചെറുമീനുകൾ നീന്തി നടക്കുന്നുമുണ്ട്. ആദുവും അമ്മുവും ആ മീനിനെ കൈകൊണ്ട് പിടിക്കാൻ നോക്കികൊണ്ടിരുന്നു. എന്റെ മുന്നിൽ തട്ടി തട്ടി നിന്നപ്പോ രണ്ടു തട്ടുകൊടുത്തു രണ്ടിനേം മാറ്റി ഞാൻ മുന്നോട്ട് നടന്നു.
??
?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️