ദേവദത്ത 9 ( പാർത്ഥൻറെ കണ്ണുനീര് ) [VICKEY WICK] 87

പിന്നിൽ ഒരു അടികിട്ടിയപ്പോഴാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നുണർന്നത്. ആദുവാണ്… നടക്കാൻ പോകാൻ ഉള്ള തിടുക്കത്തിൽ ആണെന്ന് തോന്നുന്നു. തല്ലിനു പകരം തലമണ്ടക്ക് ഒരു കുഞ്ഞു കിഴുക്കും കൊടുത്തു ഞാൻ കാപ്പിയുടെ അവസാന തുള്ളിയും കുടിച്ചിറക്കി. എന്നിട്ട് ആദുവിനെയും എളിയിലെടുത്തു താഴേക്ക് ഇറങ്ങി. മരം കൊണ്ടുത്തീർത്ത പടികളിൽ കാൽപാദം കൊണ്ട് താളം പിടിച്ച് ഞാൻ അങ്ങനെ ഇറങ്ങി വരുമ്പോൾ അതാ നിൽക്കുന്നു അമ്മു. ആദു എന്റെ എളിയിൽ അങ്ങനെ ഗമക്ക് ഇരിക്കുന്നത് കണ്ട് അമ്മു വാ പൊത്തി ചിരിച്ചു. ഞാൻ ഒരു നീരസത്തോടെ തിരക്കി.

 

“എന്താണാവോ തമാശ…? ”

 

“ഏയ്‌, ദേവമ്മായി ആദു മുത്തശ്ശിയേം എളിയിൽ എടുത്തു വരണ കണ്ട് ചിരിച് പോയതാ… ”

 

അമ്മുവിന്റെ പരിഹാസം ഏറ്റു. ആദു “ഹും… ” എന്നൊരു ശബ്ദത്തിന് ശേഷം എന്റെ എളിയിൽ നിന്നും ഊർന്ന് നിലത്തിറങ്ങി. ഞാൻ അവളോട് പറഞ്ഞു.

 

“എന്റെ ആദുസേ, ഈ അമ്മു അസൂയ കൊണ്ട് പറേണതല്ലേ. അവള് വലുതായി പോയല്ലോ. ഇനി ഇങ്ങനെ കേറി ഇരിക്കാൻ പറ്റില്ലല്ലോ. കുശുമ്പ്… ”

 

“ഓ പിന്നെ… ”

 

അമ്മു ഞാൻ പറഞ്ഞതിനെ എതിർത്തു.

 

ആദു പക്ഷെ വീണ്ടും വരാനോ എളിയിൽ കേറാനോ ഒന്നും നിന്നില്ല. ഞാനും അമ്മുവും അവൾ പോയതിനു പിന്നാലെ പുറത്തേക്കിറങ്ങി. ആ… കാവൽക്കാര് രണ്ടുപേരും കോലായിൽ തന്നെ ഉണ്ട്. നാണു മുത്തച്ഛൻ ചാരുകസേരയിൽ വിസ്‌തരിച്ചു കിടക്കുന്നു. തിണ്ണയിലെ തൂണിൽ പുറം ചാരി അച്ഛനും ഇരിക്കുന്നുണ്ട്. ഞങ്ങളുടെ പുറപ്പാട് കണ്ട് അച്ഛൻ ചോദ്യമെറിഞ്ഞു.

 

“ഇത് എങ്ങോട്ടാ മൂന്നും കൂടി ?”

 

“ചുമ്മാ പുറത്തേക്ക് ഒന്ന് നടക്കാനാ വല്യമ്മാമ… ”

 

ആദുവാണ് മറുപടി പറഞ്ഞത്.

 

“ഈ മഴക്കോള് ഉള്ളപ്പഴോ…? ”

 

നാണു മുത്തശ്ശൻറെ വക സംശയം.

 

“ഏയ്‌, മഴയൊന്നും പെയ്യില്ല ഇപ്പൊ. ”

 

ഞാൻ പറഞ്ഞു.

 

“ഓ, ടീച്ചർ വാനം നിരീക്ഷിച്ചു കണ്ട് പിടിച്ചതായിരിക്കും… ”

 

അച്ഛൻ എനിക്കിട്ടൊന്നു കൊട്ടി.

 

“അതെ, ഉവ്വ്… എന്റച്ഛ, കാരധികം ഒന്നും ഇല്ലല്ലോ. പെയ്തങ്ങു തോർന്നതല്ലേ ഉള്ളു. അധികമൊന്നും പോണില്ലന്നെ, ഇപ്പൊ ഇങ്ങു വരാം. വാ കുട്ട്യോളെ…”

 

ഇനിയും നിന്നാൽ പിടി വീഴും എന്ന് മനസിലാക്കി ഞാൻ അവരെയും വിളിച്ചു ഇറങ്ങി.

 

“അഹ്, നടക്കട്ടെ നടപ്പ്… ”

 

അച്ഛന്റെ വക അടുത്ത ഡയലോഗ്.

 

അപ്പോഴേക്കും ആദുവും അമ്മുവും ഓടി കഴിഞ്ഞു. അവരോട് നിൽക്കാനും പറഞ്ഞുകൊണ്ട് ഞാൻ പതിയെ മുറ്റത്തേക്കിറങ്ങി. വീട്ടിലെ പോലെ അല്ല. മണതരികൾ ആണ് കയിലക്കാടിന്റെ മുറ്റത്ത്. അവ വെള്ളത്തിൽ മുങ്ങിയിരിക്കുന്നു. ഓരോ കാലടിയിലും ഉള്ളം കാല് പൊങ്ങുന്നത് കുതിർന്ന മണൽത്തരിയിൽ മുങ്ങിയ ശേഷമാണ്. അങ്ങനെ ആസ്വദിച്ചു ഞാൻ മുന്നോട്ട് നടന്നു.

4 Comments

  1. ??

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.