ദേവദത്ത 9 ( പാർത്ഥൻറെ കണ്ണുനീര് ) [VICKEY WICK] 87

ആദുവും അമ്മുവും ഞാനും നിരന്നു നിന്നു കറുപ്പിട്ട് വെളുത്ത പല്ലിൽ ഉരച്ചുകൊണ്ടിരുന്നു. കറുത്ത ഉമിക്കരി തേച്ചു പിടിപ്പിച്ചിട്ടും പല്ല് വെളുത്തുതന്നെ വരുന്നത് എന്താണ്? ആ കറ പറ്റി പിന്നെയും കറുത്ത് പോകേണ്ടത് അല്ലെ? ആവോ…?

ആദുവിലും അമ്മുവിലും ഞാൻ എന്നെ തന്നെ ആണ് കണ്ടത്. രണ്ട് എന്നെ… ഒരു കൊച്ചു ദേവദത്തയും അൽപ്പം വളർന്ന ദേവദത്തയും പിന്നെ ദാ ടീച്ചർ ആയി വളർന്ന ദേവദത്തയും. അതെ, ഇവരുടെ രണ്ടാളുടെയും പ്രായത്തിലും ഞാൻ ഇതുപോലെ ഇവിടെ നിന്ന് ഇങ്ങനെ പല്ല് തേച്ചിട്ട് ഉണ്ട്.

 

ആദുവും അമ്മുവും ഇടയ്ക്കിടെ എന്തൊക്കെയോ പരസ്പരം പറഞ്ഞു ചിരിക്കുന്നുണ്ട്. പല്ല് തേക്കുമ്പോൾ വിരലോടിച്ചു കൊണ്ട് അത്ര വ്യക്തമല്ലാത്ത രീതിയിൽ ഉള്ള അവരുടെ ആശയ കൈമാറ്റം കേൾക്കാൻ നല്ല രസമായിരുന്നു. എന്നെ കുറ്റം പറയുകയാണോ എന്തോ? പല്ലുതേപ്പ് കഴിഞ്ഞ് ഞങ്ങൾ മൂന്നാളും കിണറിന്റെ അരുകിൽ ഇരിക്കുന്ന മൺകുടത്തിൽ നിന്നും വെള്ളം കോരിയെടുത്തു വായ വെളുപ്പിച്ചു. മഴവെള്ളവും കൂടി കലർന്നകൊണ്ടാണോ ഇത്ര തണുപ്പ്? വെള്ളം കുലുക്കി തുപ്പി അമ്മു പറഞ്ഞു.

 

“ദേവമ്മായി മഴ പോയല്ലോ. നമുക്ക് കാപ്പികുടിച്ചിട്ട് ഒന്ന് നടക്കാൻ പോയാലോ? ”

 

“പിന്നെ…, ചെറിയ മൂടലുണ്ട്, എപ്പഴാ മഴ വരുകാന്നു അറിയില്ല. അകത്തെങ്ങാനും ഇരുന്ന മതി. ”

 

അതുങ്ങളോട് അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിലും പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങാൻ ആയിരുന്നു ആഗ്രഹം. മഴക്കാര് ചെറുതായിട്ടേ ഉള്ളു. ഉടനെ ഒന്നും പെയ്യാൻ പോണില്ല.

 

“എന്താ ദേവമ്മായി… ”

 

അമ്മുവിന് പിന്തുണയായി ആദുവും നിന്നു ചിണുങ്ങി. ഇനിയും ജാട പിടിച്ചാൽ പിള്ളേരുടെ മനസ് ചിലപ്പോ മാറും. അതുകൊണ്ട് ഞാൻ ഗൗരവം വെടിഞ്ഞു.

 

” മ്മ്… ആദ്യം കാപ്പി കുടിക്ക്. നമുക്ക് നോക്കാം… ”

 

എന്റെ പാതി സമ്മതം രണ്ടാളുടെയും മുഖത്ത് ഒരു ചിരി പടർത്തി. കുണുങ്ങി ചിരിച് രണ്ടും അടുക്കള വാതിൽ വഴി ഉള്ളിലേക്ക് ഓടി. ഞാനും വേഗത്തിൽ നടന്നു. കാപ്പി തണുത്താൽ ആ സുഖമങ്ങു പോകും. മുറിയിലെത്തി ഞാൻ കാപ്പിയെടുത്തു ചുണ്ടോടു ചേർത്തു. അൽപ്പം തണുത്തെങ്കിലും തരക്കേടില്ലാത്ത ചൂടുണ്ട്. അങ്ങനെ കാപ്പി മൊത്തിക്കുടിച്ചു ഞാൻ ജനാല വഴി താഴെ കാട്ടിലേക്ക് നോക്കി. മരത്തിന്റെയും ചെടികളുടെയും പച്ചപ്പിനെ പൊതിഞ്ഞ മഴ വെള്ളം ഊറി തുടങ്ങിയിട്ടില്ല. കിഴക്കുന്നു പൊന്നുരുകി വന്ന് ആ ഇലകളിലെ ജലത്തിൽ കലർന്നു തിളങ്ങി. സൂര്യനെ വരവേൽക്കാണെന്നോണം എവിടെ നിന്നോ ഒരു കുയിൽ നാദം ഉയർന്നു. എത്ര മനോഹരമായ പ്രഭാതം.

4 Comments

  1. ??

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.