അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്.
അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു കൂടി. എല്ലാം അമ്മയ്ക്കു വേണ്ടി മാത്രം.
ചിന്തകൾക്കു വിരാമമിട്ടു കൊണ്ട് , അവൻ കാറിൽ നിന്നും ഇറങ്ങി. ആ വലിയ കവാടം തള്ളി തുറന്ന് അകത്തേക്കു കയറുമ്പോൾ മനസു മടിക്കുന്നത് അവൻ തിരിച്ചറിഞ്ഞിരുന്നു. അമ്മയെന്ന ചെറു കിരണം മാത്രമാണ് ആദിയെന്ന ആ കുഞ്ഞു മഴപ്പാറ്റയെ വീണ്ടും ആ അന്ധകാരനിലയത്തിലേക്ക് ആകർക്ഷിക്കുന്നത്.
വീടിനകത്തേക്ക് കാലടി വെച്ചതും ആദി കണ്ടു സോഫയിലിരിക്കുന്ന തൻ്റെ അച്ഛനെ . ആദിയെ കണ്ടതും ആ മുഖം മാറി. പെട്ടെന്ന് ഒരു പുഞ്ചിരിയോടെ ആദ്യമായി അവൻ്റെ അച്ഛൻ അവനോടായി പറഞ്ഞു.
ആ നീ.. വന്നോ… ഒറ്റയ്ക്കാണോ… അതോ..
ആ വാക്കിൻ്റെ പൊരുൾ അറിഞ്ഞതു പോലെ അവൻ ഒന്നു ചിരിച്ചു. ആ ചിരിയിൽ നിറഞ്ഞു നിന്ന ഭാവം വെറും പുച്ഛം മാത്രം.
ഞാനമ്മയെ കാണാൻ വന്നതാണ്.
എടുത്തടിച്ച പോലെ ആദിയതു പറഞ്ഞപ്പോൾ രാമചന്ദ്രനും എന്തോ പോലെയായി. എന്നാൽ അതൊന്നും പുറത്തു കാട്ടാതെ രാമചന്ദ്രൻ വിളിച്ചു പറഞ്ഞു.
എടി, ലക്ഷ്മി… ലക്ഷ്മി… നിൻ്റെ പുന്നാര മോൻ വന്നിട്ടുണ്ട്.
ഞാൻ വന്ന വിവരമറിഞ്ഞ് അടുക്കളയിൽ നിന്ന് ഓടി വരുന്ന ആ രൂപം കണ്ടതും ചങ്കൊന്നു പിടഞ്ഞു. അവനും വേഗം തന്നെ അമ്മയ്ക്കരികിലേക്ക് ഓടി ചെന്നു. അവനരികിലെത്തിയതും ആ അമ്മയുടെ കരങ്ങൾ അവൻ്റെ കവിളിൽ തലോടി കൊണ്ടിരുന്നു.
ആ സമയമത്രയും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതു കണ്ടതും അവൻ്റെ മിഴികളും നിറഞ്ഞു.
മോനെ,…..
അമ്മ വിളിച്ചതും അവനൊന്നു ചിരിച്ചു. പെട്ടെന്നു ഓർമ്മ വന്നതു പോലെ അവൻ അമ്മയെയും കൂട്ടി തൻ്റെ മുറിയിലേക്കു പോയി. മകനും തൻ്റെ ഭാര്യയും മുറിയിലേക്കു പോകുന്നത് രാമചന്ദ്രൻ നോക്കി നിന്നു. ആ മുഖത്ത് തെളിഞ്ഞു നിന്നത് പുച്ഛം മാത്രമായിരുന്നു.
മുറിയിലെത്തിയതും ആദി അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു. അവനെ ആശ്വസിപ്പിക്കുവാൻ എന്ന വണ്ണം ആ കൈകൾ സ്നേഹത്തോടെ അവൻ്റെ പുറത്ത് തലോടി കൊണ്ടിരുന്നു.
അമ്മേ…
മോൻ ഒന്നും പറയണ്ട, അമ്മയ്ക്കറിയാം. ഇത്തവണ തെറ്റു പറ്റിയത് അമ്മയ്ക്കാണ് മോനെ, ഇഷാനിക അവളെ കുഞ്ഞു നാൾ മുതൽ കാണുന്നതല്ലെ , പണത്തിൻ്റെ അഹങ്കാരം അവൾക്കുണ്ടെന്ന് അമ്മയ്ക്കറിയാം, അവൾ ഈ വിവാഹത്തിനു സമ്മതിച്ചു എന്നു കേട്ടപ്പോൾ അമ്മ കരുതി.
അതു വിട്ടേക്ക് അമ്മാ… അവളെ കുറിച്ച് സംസാരിച്ച് ഉള്ള മൂഡ് കൂടെ കളയാൻ.
അവനതു പറഞ്ഞതും ആ അമ്മ ഒന്നു പുഞ്ചിരിച്ചു. ഉള്ളിൽ നീറുന്ന വേദനയുമായി.
ആട്ടെ എൻ്റെ മരുമകൾ എങ്ങനെ?
അതു നല്ലൊരു കൊച്ചാണമ്മേ…. ഞങ്ങളുടെ വിവാഹം രെജിസ്ടർ ചെയ്തു ഇനി,
എന്താടാ…. പറ
അത് അമ്മ നാളെ ഞങ്ങൾ തിരിച്ചു പോകാണ്.
എവിടേക്ക്?
ബാംഗ്ലൂർക്ക്.
അവൻ അതു പറഞ്ഞതും ആ അമ്മ ഒന്നു നിശ്ചലയായി. പിന്നെ എന്തോ ഓർത്ത പോലെ അവനോടായി പറഞ്ഞു.
നന്നായി മോനെ, ഈ നരകത്തിൽ നിന്നും നീ രക്ഷപ്പെട്ടല്ലോ…?
അതിനവൻ ഒന്നു ചിരിച്ചു. അതു കണ്ടതും ആ അമ്മ പതിയെ പറഞ്ഞു.
മോനെ, അമ്മയ്ക്കറിയാം ഇവരെല്ലാം പറയുന്നതു പോലെ എൻ്റെ മോൻ ഒരു വെയ്സ്റ്റ് അല്ല എന്ന്. നീ എന്തൊക്കെയോ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട് എന്നെനിക്കറിയാം,
അയ്യേ… അമ്മ എന്താ ഈ പറയുന്നെ ,
ടാ.. നിന്നെ പെറ്റതു ഞാനാണ്. അതു നീ മറയ്ക്കരുത്. നീ നിൻ്റെ അച്ഛൻ്റെ പണം കൈ കൊണ്ട് പോലും തൊടാറില്ല, ആ നിൻ്റെ കൈയ്യിൽ ബ്രാൻഡട് ഡ്രസ്സ്, ഷൂസ്, പിന്നെ നീ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ ഗിറ്റാർ . ഇനിയും ഞാൻ പറയണോടാ…
അത് അമ്മാ… ഞാൻ.
ഇതൊക്കെ അമ്മയ്ക്ക് എന്നോ അറിയാം, ഇതുവരെ ഞാൻ ചോദിച്ചില്ല എന്നു മാത്രം. പക്ഷെ ഇപ്പോ ചോദിക്കാൻ ഒരു കാരണമുണ്ട്.
അതു കേട്ടതും ആദിയുടെ മുഖം മാറി. സംശയത്തോടെ അവൻ അമ്മയോടായി ചോദിച്ചു.
എന്താ അമ്മേ….
ഞാൻ ഒത്തിരി തവണ കേട്ടിട്ടുണ്ട് നീ ഫോണിലൂടെ ആരെയോ കണ്ടെത്താൻ ശ്രമിക്കുന്നത്. അത് രാധികയല്ലേടാ…..
അത് അമ്മേ ഞാൻ,
എനിക്കറിയാം മോനെ, അന്ന് അങ്ങനെ ഒന്നും നടന്നില്ലായിരുന്നങ്കിൽ,
അതും പറഞ്ഞു കൊണ്ട് ആ അമ്മ ഒരു ദീർഘശ്വാസം വലിച്ചു. ശേഷം പതിയെ പറഞ്ഞു.
ഇഷാനികയുടെ കല്യാണത്തിന് ഞാൻ നിർബദ്ധിക്കാനും ഇതു തന്നെയാണ് കാരണം.
ഒരു സംശയത്തോടെ അവൻ അമ്മയെ തന്നെ നോക്കി അതു കണ്ടതും ആ നോട്ടത്തിൻ്റെ അർത്ഥം മനസിലായെന്ന പോലെ അമ്മ പറഞ്ഞു തുടങ്ങി.
നീ നോക്കണ്ട. എനിക്കറിയാം നീയെന്തിനാണ് രാധികയെ തിരയുന്നതെന്ന്. അവളെ നീ കണ്ടെത്തിയില്ല എങ്കിലോ….? അല്ലെ നീ അവളെ കണ്ടെത്തുമ്പോൾ അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ ? അപ്പോ നിൻ്റെ ജീവിതം.
അമ്മെ അത് ഞാൻ ?
അമ്മയ്ക്കറിയാം അന്ന് പ്രായത്തിൻ്റെ അവിവേകമാണ് നീ കാട്ടിയത് , പക്ഷെ അതു മനസിലാക്കാതെ നിൻ്റെ ചേച്ചിയും അച്ഛനും ചെയ്തു കൂട്ടിയത് അതിരു കടന്നതു തന്നെയാണ് . അതിൻ്റെ പ്രായശ്ചിത്വം ചെയ്യാൻ നീ മനസിലുറപ്പിച്ച കാര്യവും ശരി തന്നെയാണ് പക്ഷെ സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല മോനെ.
എനിക്കറിയാം അമ്മേ.. ഞാൻ
ഇനി നീ അതെ കുറിച്ച് ചിന്തിക്കരുത്. രാധികയെ കണ്ടെത്തിയാൽ നിന്നാൽ ആവുന്ന സഹായം എല്ലാം ചെയ്തോ…. പക്ഷെ ആ പഴയ വാശി അതു നീ ഉപേക്ഷിക്കണം.
അമ്മേ.. ഞാൻ.
നീ ഒന്നും പറയണ്ട. ഇന്ന് നീ താലി കെട്ടിയ ഒരു പെണ്ണുണ്ട്. അത്രയും ആളുകൾക്കു മുന്നിൽ വെച്ച് നിൻ്റെ മാനം കാത്തവൾ അവളെ നീ ഒരിക്കലും ഉപേക്ഷിക്കരുത്. അവളെക്കാൾ നല്ലൊരു പാർടണറെ നിനക്കു കിട്ടില്ല മോനെ?
ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അവൻ നിന്നു. ശേഷം പതിയെ പറഞ്ഞു.
ശരിയമ്മേ……
മോനെ, ഇടയ്ക്ക് അമ്മയെ കാണാൻ വരില്ലെ നീ….
അതു പറയുമ്പോൾ ആ അമ്മയുടെ മിഴികൾ നിറഞ്ഞിരുന്നു. ഒപ്പം അവൻ്റെയും.
ഈ ഭൂമിയിൽ എനിക്കേറെ ഇഷ്ടം എൻ്റെ അമ്മയെ അല്ലെ , ആ അമ്മയെ കാണാൻ ഞാൻ വരാതിരിക്കോ….?
അതു കേട്ടാൽ മതി ഈ അമ്മയ്ക്ക്. നീ സന്തോഷായി പോയി വാടാ …..
ഞാൻ എന്നും വിളിക്ക അമ്മേ..
നീ ഓരോന്ന് പറഞ്ഞ് എന്നെ കരയിക്കാതെ പോകാൻ നോക്കെടാ…..
അതും പറഞ്ഞു കൊണ്ട് പതിയെ ആ അമ്മ അവൻ്റെ പുറത്തായി മെല്ലെ തല്ലിയതും ഒരു പുഞ്ചിരിയോടെ അവൻ തലയാട്ടി കൊണ്ട് മുറിക്കു പുറത്തേക്കിറങ്ങി. ഹോളിലൂടെ അവൻ നടന്നു നീങ്ങുമ്പോൾ അവനെയും പ്രതീക്ഷിച്ചെന്ന പോലെ രാമചന്ദ്രൻ ഇരിക്കുന്നുണ്ടായിരുന്നു.
എന്നാൽ ആ ഭാഗത്തേക്ക് ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ അവൻ ആ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി.
🌟🌟🌟🌟🌟
രാമചന്ദ്രൻ്റെ മുഖമാകെ മാറിയിരുന്നു. അവൻ തന്നെ അവഗണിച്ചു കൊണ്ട് അങ്ങനെ പോകും എന്നയാൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
സത്യം പറഞ്ഞാൽ അവനു ഇപ്പോൾ ഒരു വിലയുണ്ട്. സോ തൻ്റെ മുന്നിൽ ആ തലക്കനം അവൻ കാണിക്കും. അവൻ എന്തു പറഞ്ഞാലും ക്ഷമിച്ചു കേട്ടു നിൽക്കണം. പയ്യെ പയ്യെ തെറ്റിദ്ധാരണകൾ മാറ്റണം എന്നെല്ലാം ചിന്തിച്ച രാമചന്ദ്രനു തെറ്റി.
ഒന്നയാൾ തിരിച്ചറിഞ്ഞു അവൻ്റെ മുന്നിൽ തനിക്കൊരു വിലയുമില്ല. താനുമായി ഒരു ബന്ധം നിലനിർത്താൻ പോലും അവൻ ആഗ്രഹിക്കുന്നില്ല . അതോർത്തതും അയാൾ പല്ലു കടിച്ചു പിടിച്ചു.
ലക്ഷ്മി… എടി ലക്ഷ്മി…
അയാൾ ഉറക്കെ വിളിച്ചു. വിളി കേട്ടെന്ന പോലെ ആ മുറിയിൽ നിന്നും അവൾ പുറത്തേക്കു വന്നു.
എന്താ…..
എന്താന്നോ… നിൻ്റെ പുന്നാര മോന് ഞാൻ അവൻ്റെ അച്ഛനാണെന്ന ഓർമ്മ വല്ലതും ഉണ്ടോ..?
അച്ഛനോ ….? നിങ്ങളോ…..? മറന്നോ നിങ്ങൾ കൊല്ലങ്ങൾക്കു മുന്നെ നിങ്ങൾ തന്നെയാണ് തടഞ്ഞത്. അന്നു പറഞ്ഞ വാക്കുകൾ മറന്നു പോയോ. വേണേ ഞാൻ ഓർമ്മിപ്പിക്കാം
ലക്ഷ്മിയതു പറഞ്ഞതും അയാൾ തലകുനിച്ചു നിന്നു.
ഇനി മേലിൽ എന്നെ അച്ഛാ എന്നു വിളിച്ചു പോകരുത്. എനിക്കിങ്ങനെ ഒരു മകനില്ല എന്നു നിങ്ങൾ പറഞ്ഞ ആ നിമിഷം അവൻ്റെ മനസിൽ നിങ്ങൾ മരിച്ചു. ആ അവൻ നിങ്ങളെ ഇനി അച്ഛനായി കാണും എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ.?
ലക്ഷ്മി അത് ഞാൻ
രാമേട്ടാ ….. മതി, ഇന്നവനൊരു വിലയുണ്ട്. ആ വിലയുടെ പിൻബലത്തിൽ നിങ്ങൾക്കു ചിലതു നേടാനുണ്ട് , അതിനു വേണ്ടിയുള്ള നാടകം എന്തിനാ….. ഞാൻ പൊട്ടിയൊന്നുമല്ല.
ലക്ഷ്മി മതി , പറ്റിപ്പോയി , അതു തിരുത്താൻ ഒരു അവസരം അതെനിക്കു തന്നു കൂടെ.
വൈകിപ്പോയി രാമേട്ടാ … ഒത്തിരി വൈകി പോയി.
ലക്ഷ്മി, എനിക്കറിയാം, പക്ഷെ നീ വിചാരിച്ചാൽ നടക്കും. നാളെ അവരെ രണ്ടു പേരെയും നീ വീട്ടിലേക്കു ക്ഷണിക്ക് . നമുക്ക്
നടക്കില്ല രാമേട്ടാ …. നാളെ അവർ തിരിച്ചു പോവുകയാണ്. അതു പറയാനാണ് അവൻ വന്നത് തന്നെ.
തിരിച്ചു പോവുകയോ…. എങ്ങോട്ട്
ബാംഗ്ലൂർക്ക്.
അതു കേട്ടതും രാമചന്ദ്രൻ പല്ലു കടിച്ചു. വർദ്ധിച്ചു വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് അയാൾ പറഞ്ഞു.
നിന്നെ അല്ലെ അവന് ഏറെ പ്രിയം, എന്നിട്ടു പോകുന്നതിനു മുന്നെ ആ കുട്ടിയെ ഇവിടെ കൊണ്ട് വന്ന് നിൻ്റെ അനുഗ്രഹം വാങ്ങിക്കുക പോലും ചെയ്തോ അവൻ.
രാമേട്ടാ .. മതി , എൻ്റെ അനുഗ്രഹം അതു കല്യാണ മണ്ഡപത്തിൽ വെച്ചു തന്നെ അവർ ഇരുവരും വാങ്ങിയതാണ് . പിന്നെ ഇവിടെ കൂട്ടി കൊണ്ട് വന്ന് ആ കുട്ടിയെ കൂടി അപമാനപ്പെടുത്തണ്ട എന്നവൻ കരുതി കാണും.
ലക്ഷ്മി..
ഒച്ചയെടുക്കണ്ട രാമേട്ടാ …. അന്ന് മണ്ഡപത്തിൽ വെച്ച് നിങ്ങളും ഇഷാനികയും ആ കൊച്ചിനോട് പറഞ്ഞെതെല്ലാം മറന്നോ… നിങ്ങൾക്കു തോന്നുന്നുണ്ടോ സ്വമനസാൽ ആ കുട്ടി ഈ വീടിൻ്റെ പടി ചുവട്ടുമെന്ന്.
ലക്ഷ്മായതു പറഞ്ഞതും മറുപടി പറയാനാവാതെ തല കുനിച്ചു നിൽക്കുവാൻ മാത്രമാണ് രാമചന്ദ്രനു സാധിച്ചത്. അയാൾക്കു വ്യക്തമായി അറിയാം തെറ്റുകൾ ആരുടെ ഭാഗത്താണെന്ന്.
പിഴച്ചു പോയെന്നു കരുതിയ അമ്പ്, സ്വയം കളഞ്ഞ ശേഷം അതു ലക്ഷ്യം കണ്ടപ്പോൾ തനിക്കു സ്വന്തമാണെന്നു വാശി പിടിച്ചിട്ടു കാര്യമില്ല എന്നയാൾക്കറിയാം.
( തുടരും…)
