തേടി വന്ന പ്രണയം 3 [പ്രണയരാജ] 172

തേടി വന്ന പ്രണയം 3

 

അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു.

നോ……

അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു.

മോളെ എന്താ… എന്താ… ഇത്.

എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ

മോളെ നീ ….

എനിക്കൊന്നും കേക്കണ്ട ,

അതും പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും നടന്നു നീങ്ങി. കലി തുള്ളി പോകുന്ന മകളെ നോക്കി രാഗവൻ ഒരു ദീർഘശ്വാസം വലിച്ചു. പിന്നെ പതിയെ രാമചന്ദ്രനോടായി പറഞ്ഞു.

രാമചന്ദ്രാ… തൻ്റെ മോൻ  ആ കൊച്ചിനെ കെട്ടിയ സ്ഥിതിക്ക് AR ഗ്രൂപ്പ് ആയിട്ട് ഒരു ഡീൽ നമുക്ക് എളുപ്പമല്ലെ.

രാഗവൻ്റെ വാക്കുകൾ കേട്ടതും രാമചന്ദ്രൻ്റെ മുഖം മാറി. ഒരു നിരാശയോടെ രാമചന്ദ്രൻ പറഞ്ഞു.

ആ കുട്ടി പോകുമ്പോൾ പറഞ്ഞതു നീ മറന്നോ രാഗവാ… ഞങ്ങളുമായുള്ള എല്ലാ ബന്ധവും അറുത്തു മുറിച്ചു കൊണ്ടല്ലെ അവൾ അവനെയും കൊണ്ടു പോയത്.

ആ സമയം രാഗവൻ്റെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു.

രാമചന്ദ്ര താൻ മറന്നു ഒരാളെ, തൻ്റെ ഭാര്യ ലക്ഷ്മിയെ ,

അതു കേട്ടതും രാമചന്ദ്രൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ആ സമയം രാഗവൻ തുടർന്നു പറഞ്ഞു.

താനിപ്പോർ ധൃതി പിടിച്ച് ഒന്നും കാണിക്കണ്ട, ആദ്യം അമ്മായിയമ്മയും മരുമകളും ഒന്ന് അടുക്കട്ടെ ,എന്നിട്ട് അവർക്കു തന്നോടുള്ള  പിണക്കം മാറ്റാം. പിന്നെ ഒക്കെ നമ്മൾ കരുതും പോലെ.

ഹാ…ഹാ…ഹാ…

അതും പറഞ്ഞു കൊണ്ട് അവർ ഇരുവരും പൊട്ടിച്ചിരിച്ചു.

☀️☀️☀️☀️☀️

ലാപ് ടോപ്പിൽ വർക്കുകൾ ചെയ്ത് സമയം കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ഓർത്തതു പോലെ അവൾ ലാപ് അടച്ചു വെച്ചു. അവിടെ നിന്നും മുറിയിലേക്കു വന്ന അവൾ അവനരികിലായി ചെന്നു നിന്നു.

പതിയെ അവനരികിലേക്ക് മുഖം അടുപ്പിച്ചു. നിഷ്ക്കളങ്കമായി ഉറങ്ങുന്ന അവൻ്റെ  മുഖത്തേക്ക് അവൾ ഉറ്റു നോക്കി. ആ സമയം അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. തൻ്റെ മാറോടണഞ്ഞു കിടക്കുന്ന അവൻ കെട്ടിയ താലിയിൽ അവളുടെ കൈകൾ മുറുങ്ങിയതും ആ മിഴികൾ നിറഞ്ഞു തുളുമ്പുവാൻ വെമ്പൽ കൊണ്ടു.

ആ നിമിഷം അവൾ ആ മുറിയിൽ നിന്നും വേഗം ബാൽക്കണിയിലേക്കു തിരിച്ചു പോയി. നിറഞ്ഞു തുടങ്ങിയ അവളുടെ മിഴികൾ തുടച്ചു കൊണ്ട് അവൾ ഫോൺ എടുത്തു ഒരു കോൾ ചെയ്തു. ഏറെ നേരത്തെ റിംഗിനു ശേഷം മറുതലയ്ക്കൽ നിന്നും കോൾ എടുത്തു.

മോളെ,…

അമ്മെ ,….

നീ… കരഞ്ഞോ….

ഉം….

മൂളുവാൻ മാത്രമേ.. അവൾക്കു സാധിച്ചുള്ളു.

അവൻ്റെ വിവാഹം നേരിൽ കണ്ടില്ലെ നീ,… അമ്മയ്ക്കറിയാം മോളെ, സങ്കടം കാണും, അമ്മ ഒന്നു പറയാം. കരയാനുള്ളതൊക്കെ അവിടെ തന്നെ കരഞ്ഞു തീർത്ത് അവനെന്ന ആ അടഞ്ഞ അദ്ധ്യായം പൂർണ്ണമായി കളഞ്ഞു വേണം എൻ്റെ മോൾ തിരിച്ചു വരാൻ.

അമ്മ അത്രയും പറഞ്ഞു തീർന്നിട്ടും  അവൾ ഒന്നും പറയാനാവാതെ ഒരു ശില കണക്കെ നിന്നു. നിശബ്ദത അവർക്കിടയിൽ തളം കെട്ടി നിന്നു. അവളുടെ ആ മൗനം അമ്മയുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ആതി പടർത്തി കൊണ്ടിരുന്നു.

മോളെ, നീ… വീണ്ടും, അവൻ മറ്റൊരാൾക്കു സ്വന്തമായി, അതോർത്ത് ഇനിയും എൻ്റെ കുട്ടി സ്വന്തം ജീവിതം ഇല്ലാണ്ടാക്കരുത്.

അമ്മേ… ഒന്നു നിർത്തോ.. ആദ്യം ഞാനൊന്നു പറഞ്ഞോട്ടെ,

വേണ്ട , എനിക്കൊന്നും കേക്കണ്ട, എനിക്കറിയാം നീയെന്താ.. പറയാൻ വരുന്നെ എന്ന്. നിനക്കവനെ, മറക്കാൻ പറ്റില്ലായിരിക്കും പക്ഷെ മറന്നേ പറ്റൂ…

കലി കയറിയ അവൾ അപ്പോ തന്നെ കോൾ കട്ട് ചെയ്തു.

☀️☀️☀️☀️☀️

ഇതേ സമയം അവളുടെ വീട്ടിൽ,

ചന്ദ്രേട്ടാ… അവൾ കോൾ കട്ട് ചെയ്തു.

ഭാര്യ രമണിയെ കലിയോടെ നോക്കി  കൊണ്ട് ചന്ദ്രൻ പറഞ്ഞു.

അല്ലേലും അതങ്ങനെ അല്ലെ ഉണ്ടാവുക , അവൾ ഇപ്പോ എത് അവസ്ഥയിലായിരിക്കും എന്നു നീ ചിന്തിച്ചോ… അതു പോട്ടെ അവളെ ഒന്ന് ആശ്വസിപ്പിക്കേണ്ടതിനു പകരം നീ എന്താ ചെയ്തത്.

ചന്ദ്രേട്ടാ… ഞാൻ, അത്. അപ്പോഴത്തെ,

ആ ഇനി  അങ്ങനെ പറഞ്ഞാൽ മതിയല്ലൊ.. നീ മിണ്ടരുത്. ഞാൻ വിളിച്ചു സംസാരിച്ചോളാം എൻ്റെ കൊച്ചിനോട്.

അതും പറഞ്ഞു കൊണ്ട് ചന്ദ്രൻ ഫോൺ എടുത്തു മകളെ വിളിച്ചു. കുറച്ചു നേരത്തെ റിംഗിനു ശേഷം അവൾ ഫോൺ എടുത്തു.

എന്താ… അച്ഛാ..

ആ വാക്കുകളിലെ ഈർഷ  തിരിച്ചറിഞ്ഞ ചന്ദ്രൻ ഒന്നു ചിരിച്ചു പോയി. ശേഷം മകളെ സമാധാനിപ്പിക്കാനായി പറഞ്ഞു.

നീ അമ്മ പറഞ്ഞതൊന്നും കാര്യക്കി എടുക്കണ്ട അവൾക്കു വട്ടാണ്. മോൾ പറ, ഇപ്പോ എങ്ങനെ ഉണ്ട് മോൾക്ക്, സങ്കടമാണെ മോൾ ഒന്ന് കറങ്ങിയിട്ടു വാ.. കമ്പിനി കാര്യങ്ങൾ അച്ഛൻ നോക്കിക്കോളാം.

എനിക്കു കൊഴപ്പമൊന്നുമില്ല, അച്ഛാ… എനിക്ക് അച്ഛനോടൊരു കാര്യം പറയാനുണ്ട്.

എന്താ… മോളെ, ….

അച്ഛാ… എന്നോടു ക്ഷമിക്കണം, ഞാനെങ്ങനെ ഇതച്ഛനോട് പറയണം എന്നെനിക്ക് അറിയില്ല.

ക്ഷമിക്കാനോ… നീ അത് വിട് , എന്നിട്ട് കാര്യമെന്താണെന്ന് പറ,

അത് അച്ഛാ… എൻ്റെയും ആദുട്ടൻ്റെയും കല്യാണം കഴിഞ്ഞു.

എന്ത് ….

ഒരു ഞെട്ടലോടെയാണ് ചന്ദ്രൻ ആ വാക്കുകൾ കേട്ടത്. കേട്ടത് വിശ്വസിക്കണോ.. അതോ വേണ്ടയോ എന്നറിയാതെ തരുത്തു നിൽക്കുകയായിരുന്നു ആ പാവം അച്ഛൻ.

അച്ഛാ…. ഒരു പ്രത്യേക സാഹചര്യത്തിൽ നടന്നു പോയി. എല്ലാം കൂടെ ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ല. ഞാൻ വന്നിട്ടു പറയാം.

ഉം… ശരി മോളെ, എന്നാ നീ… തിരിച്ചു വരുന്നത്.

അത് അച്ഛാ… അതിലുമുണ്ട് ചെറിയൊരു പ്രശ്നം.

ഇനിയും പ്രശ്നമോ..

അത് അച്ഛാ… ഞാനാരാന്ന് ആദൂട്ടനറിയില്ല. അച്ഛനേയും അമ്മയേയും കണ്ടാൽ ഞാനാരാണെന്ന് അവനു മനസിലാവും. സോ… ഞാൻ എൻ്റെ ആ ഫ്ലാറ്റിലേക്ക് താമസം മാറ്റുവാ… അതൊന്ന് റെഡിയാക്കാൻ അച്ഛൻ സഹായിക്കണം.

ഒന്നാലോചിച്ച ശേഷം, ചന്ദ്രൻ  പതിയെ പറഞ്ഞു.

ശരി, ഞാൻ അതു റെഡിയാക്കാം.

താങ്ക്സ് അച്ഛാ… ഞാൻ വന്നിട്ട് എല്ലാം വിശദമായി പറഞ്ഞു തരാം .

ഉം… ശരി, എന്നാ നീ വെച്ചോ….

അതും പറഞ്ഞു കൊണ്ട് ചന്ദ്രൻ കോൾ കട്ട് ചെയ്തു. ശേഷം മകൾ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുവാൻ തുടങ്ങി. മോളെ വിളിച്ചു സംസാരിച്ച ശേഷം ചിന്തകളിൽ മുഴുകി നിൽക്കുന്ന ചന്ദ്രനെ നോക്കി രമണി വിളിച്ചു.

ചന്ദ്രേട്ടാ….

ചന്ദ്രേട്ടാ…. എന്താ മോൾ പറഞ്ഞത്.

തൻ്റെ ചിന്തകൾക്കു വിരാമമിട്ടു കൊണ്ട് ചന്ദ്രൻ രമണിയെ ഒന്നു നോക്കി.

നിങ്ങൾ എന്താ.. മനുഷ്യാ… എന്നെ കാണാത്ത പോലെ നോക്കി നിൽക്കുന്നെ.

എടി… അത്,

എന്താ…. നിങ്ങൾ ഒന്നു പറയുന്നുണ്ടോ…

അവളുടെയും ആ ചെക്കൻ്റെയും കല്യാണം കഴിഞ്ഞു.

ആ… അതിനെന്താ… ആ കല്യാണം കൂടാനല്ലെ അവൾ നാട്ടിലേക്കു പോയത്.

ഓ.. ഈ പൊട്ടിയെ കൊണ്ട് ഞാൻ തോറ്റു..

ദേ… മനുഷ്യാ… എൻ്റെ വായേന്നു വല്ലതും കേട്ടാലെ നിങ്ങൾക്ക് ഉറക്കം വരൂ.. എന്നാണെങ്കിൽ..,

എടി അതല്ല, നമ്മുടെ മോളുടെ കല്യാണം കഴിഞ്ഞെന്ന്.

ഒരു നിമിഷം ഞെട്ടലോടെ, ഒന്നും പറയാനാവാതെ, ശില കണക്കെ ആ അമ്മ നിന്നു. പെട്ടെന്ന് എന്തോ ബോധോദയം വന്നതു പോലെ പെട്ടെന്ന് ചോദിച്ചു.

ആര് ആദൂട്ടനുമായോ….

അതെടി,

തലയാട്ടി കൊണ്ട്, ചന്ദ്രനതു പറഞ്ഞതും രമണി തലയ്ക്കു കൈ വെച്ചു കൊണ്ട് അവിടെ നിലത്തിരുന്നു.

അവനോ… ഏട്ടാ… അവൻ അവളെക്കാൾ അഞ്ചു വയസ് ചെറുതല്ലെ…. ശ്ശെ…

ഓ… അവൾക്ക് അതാണ് പ്രശ്നം? ഇതുവരെ മോൾ കെട്ടാഞ്ഞിട്ടായിരുന്നു, ഇപ്പോ കെട്ടിയപ്പോൾ തൊടങ്ങി വീണ്ടും.

ഏട്ടാ… അങ്ങനെ അല്ല.

രമണി, അവളുടെ സന്തോഷമല്ലെ നമുക്ക് വലുത്. ഇതു വരെ അവളുടെ വിവാഹം നടക്കാഞ്ഞത് എന്തു കൊണ്ടാണ് എന്നു നിനക്കറിയാലോ…

അവൻ്റെ കല്യാണത്തിന് അവളെ വിടണ്ടായിരുന്നു. വിട്ടതാണ് കുഴപ്പമായത്.

രമണി, അവൻ വേറെ കെട്ടിയിരുന്നെങ്കിൽ നിൻ്റെ മോൾ മറ്റൊരു വിവാഹം കഴിക്കും എന്ന്  നിനക്കു തോന്നുന്നുണ്ടോ… സത്യം പറയണം.

അതിനൊരു മറുപടി പറയാനാവാതെ തല കുനിച്ചു നിൽക്കുകയാണ്  രമണി ചെയ്തത്. പറയാൻ അവൾക്കു വാക്കുകൾ ഉണ്ടായിരുന്നില്ല.

രമണി, ഒരു പ്രണയം മാത്രമല്ല നിൻ്റെ മകളുടേത്, ഒപ്പം അതൊരു പ്രതികാരം കൂടിയാണ്. ഒരിക്കലും തീരാത്ത അവളുടെ വാശി കൂടി. അന്നങ്ങനെ ഒന്നും നടന്നില്ലായിരുന്നെങ്കിൽ അവൾ അവനെ അന്നു കണ്ടിരുന്നതു പോലെ അനിയനായി തന്നെ കണ്ടേനെ… 13 കൊല്ലത്തെ അവളുടെ കാത്തിരിപ്പ് ഫലം കണ്ടു. ഇനി അവളുടെ കളികൾ തുടങ്ങും.

അതെ ഏട്ടാ.. രാമചന്ദ്രൻ കുഴിച്ച കഴിയിൽ ഇനി അയാൾ തന്നെ വീഴും. അല്ലെ നമ്മുടെ മോൾ വീഴ്ത്തിക്കും.

അതെ…..

ഇരുവർക്കും കൂടുതൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അവർ പ്രതീക്ഷിച്ചതു തന്നെയാണ് നടന്നത്. പക്ഷെ എന്നിട്ടും ആ ഞെട്ടൽ അവരെ വിട്ടു മാറുന്നില്ല എന്നതാണ് സത്യം .

☀️☀️☀️☀️☀️

അച്ഛനോടു സംസാരിച്ചതിനു ശേഷം അവളുടെ മനസാകെ ഒന്നു ശാന്തമായി. ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി അവൾ കുറച്ചു നേരം നിന്നു.

“രാധേച്ചി… ഞാൻ വലുതായാൽ ചേച്ചീനെ കല്യാണം കഴിക്കാവേ…. ”

ആ കുഞ്ഞു ശബ്ദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. ആ പഴയ ഓർമ്മകൾ അവളുടെ ഉളളിൽ തികട്ടി വന്നു കൊണ്ടിരുന്നു.

അവൾ വേഗം തന്നെ ബെഡിനരികിലേക്ക് ഓടി ചെന്നു. അവനരികിലിരിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങൾ അവളെ തേടി വന്നു. അവനരികിലിരിക്കുമ്പോൾ എന്താേ ഇന്നുവരെ നേടാൻ കഴിയാത്ത എന്തോ ഒന്നു വെട്ടിപ്പിടിച്ച പ്രതീതിയായിരുന്നു അവൾക്ക്.

എത്ര നേരം അങ്ങനെ അവനരികിൽ ഇരുന്നു എന്നവൾക്കു പോലും അറിയില്ല. നിദ്രാ ദേവി അവളെ തേടി വന്നിരുന്നില്ല. ഒരു പുഞ്ചിരിയോടെ അവൾ അവിടെ നിന്നും എഴുന്നേറ്റു. പതിയെ  ബെഡിൽ കയറി അവനരികിൽ അവനോടു ചേർന്നു കിടന്നു.

വളരെ ശ്രദ്ധയോടെ അവൾ തൻ്റെ കൈകൾ അവനു കുറുകെ ആയി ഇട്ടു കൊണ്ട് അവനൊടായി ചേർന്നു കിടന്നു. നിമിഷങ്ങൾ ഒച്ചു കണക്കെ ഇഴഞ്ഞു നീങ്ങി. അവൾ പോലുമറിയാതെ എപ്പോഴോ.. ഉറക്കത്തിലേക്ക് വഴുതി വീണു.

☀️☀️☀️☀️☀️

സൂര്യ കിരണങ്ങൾ മിഴികൾക്കു മീതെ പ്രഹരങ്ങൾ പകർന്ന നിമിഷമാണ് ആദി ഉറക്കമുണരുന്നത്. ഉറക്കമുണർന്നതും അവനറിഞ്ഞു ഒന്നനങ്ങാനാവാത്ത വിധം തന്നെ വരിഞ്ഞു മുറുക്കി , തൻ്റെ ഒപ്പം തന്നോടു ചേർന്നു കിടക്കുന്ന തൻ്റെ ഭാര്യയെ.

പാതി മുഖം മറച്ചു പിടിക്കുന്ന അവളുടെ കാർകൂന്തലുകൾക്കിടയിലൂടെ തെളിഞ്ഞു കാണുന്ന അവളുടെ മുഖം അവൻ സസൂക്ഷ്മം നോക്കി കിടന്നു. എന്തു കൊണ്ടോ ആ സമയം ഒന്നനങ്ങുവാൻ പോലും അവൻ്റെ മനസനുവദിച്ചില്ല.

നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ നിദ്രയ്ക്കു വിരാമമിടുവാൻ അവൻ്റെ മനസനുവദിക്കാത്തതിനാൽ അവളെയും നോക്കി കൊണ്ട് അവൻ ആ കിടത്തം തുടർന്നു.

( തുടരും….)

Updated: June 6, 2024 — 10:06 pm

1 Comment

Add a Comment
  1. ഇത് കുറച്ചേ ഉള്ളു, എന്ത് പറ്റി

Leave a Reply

Your email address will not be published. Required fields are marked *