തിരിച്ചുപോക്ക് ✒️[അഹമ്മദ് ശഫീഖ് ചെറുകുന്ന്] 80

നിന്നിൽ നിന്നും ഞാൻ വിട പറയുകയാണ്…ട്ടോ…

നേരാവണ്ണം യാത്ര പറയാൻ പോലും പറ്റിയില്ല…

മരണം…. അത് അങ്ങനെയാണല്ലോ…

ആരും വിളിക്കാതെ തന്നെ, പ്രതീക്ഷിക്കാത്ത സമയത്ത് വരും…

ഒന്നിനെയും വക വെക്കാതെ പ്രാണനും കൊണ്ടു ഓടിപ്പോകുകയും ചെയ്യും..

 

അയ്യോ…

അവൾ അവിടെ തനിച്ചാണല്ലോ..

ഫൈസി വന്നിട്ടുണ്ടാകുമോ…

ഇനിയെങ്ങാനും,അവന്റെ ഭാര്യ വിട്ടു കാണില്ലേ…

ഛേ… അങ്ങനെയൊന്നും ചിന്തിക്കരുത്..

അവനെന്റെ മകനല്ലേ…

അവൻ ന്റെ പെണ്ണിനെ ചേർത്തു പിടിച്ചു നിൽക്കുന്നുണ്ടാകും…

അത് ഉറപ്പാ….

പക്ഷേ….. പക്ഷേ….

എന്റെ തോന്നലാകാം ഇതും…

അവന്റെ ശബ്ദം , ആ ആൾക്കൂട്ടത്തിനിടയിൽ ഞാൻ കേട്ടില്ല…

അതിനെന്താ…

കേട്ടില്ലെങ്കിൽ, വന്നില്ല എന്ന് പറയാൻ സാധിക്കോ….

വന്നു കാണും.. ഞാൻ ശ്രദ്ധിച്ചില്ല..

അത് കൊണ്ടാകാം…

 

അപ്പോൾ, ഞാനെന്ന അദ്ധ്യായം ഇവിടെ പര്യവസാനിക്കുന്നു…

എന്റെ പാദമുദ്രകൾ പതിഞ്ഞ..

എന്നെ ഞാനാക്കിയ…

എനിക്കൊരു ജീവിതമുണ്ടാക്കിയ…

അന്നം തന്ന ഈ മണ്ണിൽ നിന്നു തന്നെ , ഞാൻ വിട പറയുന്നു..

അടക്കവും ഇവിടെ തന്നെയാകും…

അത് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്…

എവിടെയാണോ അവിടെ എന്നെ അടക്കിയേക്കാൻ…

 

പക്ഷേ.. അവൾ…ന്റെ സൽമ…

അവൾ ഇനി തനിച്ചാകുമോ…

അവളെ നാട്ടിലേക്ക് ആര് കൊണ്ട് പോകും..

ഒന്നുമറിയാത്ത പൊട്ടിക്കാളിയാണ്..

വിമാനം കയറുമ്പോൾ ,പേടിച്ചു കരഞ്ഞും കൊണ്ട്, എന്റെ കൈ മുറുക്കെ പിടിച്ച പെണ്ണാ….

പിന്നെ ദുബായിൽ കാല് കുത്തിയപ്പോഴാണ് ആ പിടുത്തം വിട്ടത്…

എന്നെ പോലെ അവളെ മനസ്സിലാക്കുവാൻ, സംരക്ഷിക്കുവാൻ എന്റെ മക്കൾക്ക് സാധിക്കുമോ…

സാധിക്കുമായിരിക്കും..

എങ്കിലും, മനസ്സിന് വല്ലാത്ത ശങ്ക…

അവളെ പിരിഞ്ഞു പോകുന്നതിനല്ല…

ഞാൻ പോയാൽ അവൾ….?

ഒറ്റപ്പെടില്ല അല്ലേ….

ടീ…. പെണ്ണേ….

അങ്ങനെ ഒറ്റപ്പെടുത്തുകയൊന്നുമില്ല ട്ടോ നമ്മടെ മക്കൾ…

നമ്മൾ പൊന്നു പോലെ നോക്കിയതല്ലേ..

അവർ നിന്നെ അതിനേക്കാൾ ഉഷാറായി നോക്കും…

ഇനി അഥവാ, നിനക്ക് എന്നെ കാണാൻ തോന്നുന്നെങ്കിൽ, ഒന്ന് മുകളിലേക്ക് കണ്ണോടിച്ചു നോക്കിയാൽ മതി…

നീലാകാശത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ ,നിന്നെയും നോക്കിയിരിക്കുന്ന ഒരു നക്ഷത്രം കാണും…

നിന്നെ കാണുമ്പോൾ മാത്രം പ്രകാശം പരത്തുന്ന ഒരു നക്ഷത്രം….

എത്ര കാലം കഴിഞ്ഞാലും , നിന്നെയും നോക്കി, നീ വരുന്നതും കാത്ത് ആ താരം അവിടെ തന്നെയുണ്ടാകും..

 

വിട…

 

 

( ശുഭം)

Updated: October 18, 2023 — 10:06 pm

2 Comments

  1. പച്ചയായ ജീവിതം വായിച്ചു തീർന്നപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤

  2. ഈ എഴുത്തിന് ഒന്നും പറയാനില്ല… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.