ജീവന്റെ പാതി 💔
{ THE DEVIL }
ഒരു കഥ എഴുതാൻ ആർക്കും കഴിയും എന്നാൽ കഥയെ ജീവിതമാക്കുന്നവനാണ് യഥാർത്ഥ കഥാകൃത്ത്…വാക്കുകളിലെ ഓരോ വർണനയും വായിക്കുന്നവന്റെ മനസ്സിൽ ഒരു പൂ വിരിയിക്കാൻ കഴിയും പോൽ ആഴത്തിൽ പതിഞ്ഞാൽ അവൻ കഥയെ അവരുടെ ജീവിതത്തോട് സാതൃശ്യപെടുത്തി എന്നാണർത്ഥം……. എന്നാൽ അവന്റെ കണ്ണിലൂടെ പെയ്തിറങ്ങുന്ന കണ്ണുനീർ തുള്ളികളുടെയും അവന്റെ മനസ്സിലൂടെ പെയ്തിറങ്ങുന്ന വേർപാടിന്റെ ചോര പടർപ്പുകളിലൂടെയും ഒരു കഥകൃത്തിന് കടന്നെത്താൻ കഴിഞ്ഞാൽ അവൻ അവരിൽ ഒരാളായി അലിഞ്ഞു ചേർന്നു എന്ന് വേണം വിജാരിക്കാൻ…..
ഞാൻ എഴുതിയ ഈ കഥ നിങ്ങടെ മനസ്സിൽ എങ്ങനെ പതിയും എന്നെനിക്കറിയില്ല പക്ഷെ ഒന്നെനിക്കറിയാം ഈ കഥ പേമാരി പോലാണ്…. ചെലപ്പോ ഒരു തെളിവും ഇല്ലാണ്ട് പെയ്തങ്ങു പോവും….. ചെലപ്പോ എല്ലാം ഒഴുക്കി കൊണ്ടും…..
തുടങ്ങാം…..
അമ്പലത്തിലെ ആലിന്റെ ചോട്ടിൽ ഞാനിരുന്ന് വിറക്കുമ്പോ എന്നിൽ നിറഞ്ഞു കൂടിയ പേടിക്ക് ഉത്തരങ്ങൾ പറയാൻ കാരണങ്ങൾ ഒരുപാടാണ്……ഇതിനു മുമ്പ് ഇങ്ങനെ പേടിച്ചത് അച്ഛനും അമ്മയും തന്നെ ഒറ്റക്കാക്കി പോയ ആ രാത്രിയാണ്…. അന്ന് ഒരു പോള കണ്ണടക്കാതെ മണിക്കൂറുകൾ നീക്കിയത് ഇന്നും തനിക്ക് വർണ്ണിക്കാൻ കഴിയുന്നതിലും അപ്പുറത്തെ പേടിയിലൂടെയാണ്…..ഞാൻ ജീവിതത്തിൽ ഏറ്റോം കൂടുതൽ സ്നേഹിച്ചത് അവരെ അല്ലായിരുന്നോ…. എന്നിട്ടും ദൈവം അവരെ തന്നിൽ നിന്നും പറിച്ചു മാറ്റിയത് ഇന്നും കിട്ടാത്ത ഉത്തരങ്ങളുടെ കൂട്ടത്തിൽ ഒന്നാണ്…
മനസ്സ് കാട് കേറി അപ്പുറം എത്തിയതും ഞാൻ തലക്കുടഞ്ഞു ….. പിന്നെ പതിയെ മുഖം ഉയർത്തി അമ്പലത്തിലേക്ക് നോക്കി….. ശ്രീകോവിൽ അപ്പോഴും തുറന്നിരിപ്പുണ്ട്….. എന്നാൽ അതിനുള്ളിൽ ഇരിക്കുന്ന മൂപ്പരെ മാത്രം എനിക്ക് കാണാൻ കഴിഞ്ഞില്ല…..നടക്ക് മുമ്പിൽ നിക്കുന്നവർ ഉള്ളിലേക്ക് നോക്കി തൊഴുന്നുണ്ട്… അപ്പോ എനിക്ക് മാത്രമാണ് പുള്ളിക്കാരനെ കാണാൻ പറ്റാത്തത്…. ചിലപ്പോ അങ്ങേർക്കും എന്നെ നേരിടാൻ മടി ആയിരിക്കും….. ഒരു ലോഡ് പുച്ഛം വാരി വിതറി അയിലെ പോയ ആളുകളെ വീക്ഷിക്കുമ്പോ ഒഴുകിയെത്തിയ തണുത്ത കാറ്റ് ശരീരത്തിൽ തൊട്ടതും മനസ്സ് മുഴുവൻ ഉരുകി പോവുന്ന പോലെ ഞാനൊന്ന് ആടിയുലഞ്ഞു ആ ആലിന്റെ കൂടെ…….
ശ്രീ….!!!!
അപ്പുറെ നിന്ന് ഒരു പെൺകുട്ടി നീട്ടി വിളിച്ചതും ഞാൻ ശബ്ദം വന്ന ദിക്കിലേക്ക് തല തിരിച്ചു…….. എന്നാൽ അന്നേരം ഇത്രേം നേരം മറന്നു പോയ പേടി വീണ്ടും ഉള്ളിലേക്ക് കടലു പോലെ ഇരച്ചെത്തിയതും ഞാൻ നിന്ന നിപ്പിൽ മണ്ണിടിഞ്ഞു ഭൂമിക്കടിയിലേക്ക് പോയെങ്കിലെന്ന് തോന്നി പോയി…..

