ചുവന്നുടുപ്പ് 16

അന്നാമിയുടെ വായിലവൾ വച്ചു നൽകിയ ദോശ വയറു നിറച്ചത് എന്റെയും കതകിനു പിന്നിലിരുന്ന് ഇത് നോക്കിക്കണ്ട ആ സ്ത്രീയുടേയുമായിരുന്നു……

ആ വലിയ വീടിന്റെ പടി കയറിച്ചെല്ലുമ്പോൾ ഒരു വാല്യക്കാരിയുടെ സ്ഥാനവും അടുക്കള ഭാഗത്ത് ചുരുണ്ടുകൂടാൻ ആറടി ഇറയവും മാത്രമേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു, ഒപ്പം അടിമപ്പണിക്കൊപ്പം ആട്ടും തുപ്പും കുരയും കേൾക്കേണ്ടി വരും എന്നാ കരുതിയിരുന്നതും ….

പക്ഷെ ആ സ്ത്രീ അയാളുടെ ഭാര്യ എന്നെ അമ്പരപ്പെടുത്തിയിട്ടേ ഉള്ളു ഇന്നോളം വരെ, ഇതു വരെ ഒരു വാക്കു കൊണ്ടു പോലും നോവിച്ചില്ലാത്ത അവരുടെ കണ്ണുകളിൽ നിറയെ ഞങ്ങളോടുള്ള നിറഞ്ഞ സ്നേഹം മാത്രമാണ് ഞാൻ കണ്ടത്….

എന്റെ മോളെ അവരുടെ മടിയിലിരുത്തി അക്ഷരങ്ങളോതി പഠിപ്പിക്കുമ്പോൾ എന്റെ കണ്ണുകൾ പലപ്പോഴും നിറഞ്ഞിട്ടുണ്ട് , എന്നേപ്പോലെത്തന്നെ അവരും ചതിക്കപ്പെടുകയായിരുന്നില്ലെ? ആ ആഭാസന് ഇങ്ങനെയൊരു പുണ്യത്തെ ലഭിക്കാൻ യാതൊരു അർഹതയുമില്ലെന്ന് തമ്പുരാന് മനസ്സിലായിരിക്കണം, അറപ്പും വെറുപ്പും വിദ്വേഷവും ഉണ്ടായിട്ടും അകാല ചരമമടഞ്ഞ ആ മനുഷ്യന്റെ ചിതയ്ക്കരികിലിരുന്ന് അവർ പൊട്ടിക്കരയുന്നത് കണ്ടപ്പോൾ മാത്രമാണ് ഒരു തുളളി കണ്ണുനീരുകൊണ്ട് എന്റെ കവിൾത്തടമൊന്ന് നനഞ്ഞതും….

ഒരു സ്ത്രീയ്ക്ക് ഇത്രയും ത്യാഗം ചെയ്യാൻ സാധിക്കുമോ എന്ന എന്റെ ഉള്ളിലെ ചോദ്യത്തിനവർ ഉത്തരം തന്നത് പ്രവർത്തിച്ചു കാണിച്ചു കൊണ്ടാണ്, അതെ ഒരു സ്ത്രീയുടെ മനസ്സു മറ്റൊരു സ്ത്രീക്കെ മനസ്സിലാക്കാൻ സാധിക്കൂ….

ഇന്നലെ ആമി മോള് ചുവന്ന ഉടുപ്പണിഞ്ഞ് എന്റെയടുക്കലേക്ക് ഓടി വന്നു ചോദിച്ചു അമ്മേ എങ്ങനെയുണ്ട് ഈ ഉടുപ്പ് എന്ന്, ആരാണിത് വാങ്ങിത്തന്നത് എന്ന മറുചോദ്യത്തിന് അവിടെ പ്രസക്തിയില്ലായിരുന്നു , കാരണം നിറകണ്ണുകളോടെയാ സ്ത്രീ എന്റെ കൈകൾ കൂട്ടിപ്പിടിച്ചെന്നോട് ഒന്നേ പറഞ്ഞുള്ളൂ , എന്റെ മോൾടെ ശരീരത്തിലോടുന്ന രക്തം തന്നെയാണ് ആമിയുടെ ശരീരത്തിലും ഓടുന്നത് , എനിക്ക് ജീവനുള്ളിടത്തോളം കാലം അവൾക്കിവിടെ ഒരു കുറവും വരില്ലെന്നവർ പറയുമ്പോൾ എന്റെ കവിൾത്തടം കവിഞ്ഞൊഴുകുകയായിരുന്നു,

അയാളെന്നെ കാമം കൊണ്ട് കീഴ്പ്പെടുത്തിയപ്പോൾ അവരെന്നെ സ്നേഹം കൊണ്ട് തോൽപ്പിക്കുകയായിരുന്നു എനിക്കു സ്വപ്നം കൂടെ കാണാൻ പറ്റാത്തത്രത്തോളം വിധത്തിൽ……