ചുവന്നുടുപ്പ് 16

ശരീരം പിച്ചിച്ചീന്തിയപ്പോഴും നാടിനും വീടിനും പരിഹാസമായെന്റെ വയർ വീർത്തു വീർത്തു വന്നപ്പോഴും ഞാൻ നിസ്സഹായയായിരുന്നു…

കാലത്തിന്റെ കുസൃതിയോ വിധിയുടെ വിളയാട്ടമോ ആവാം അതേ നാഗത്തറയിലയാൾ നീലച്ചു കിടക്കുന്നതും എനിക്ക് കാണേണ്ടി വന്നത്….

ഞാൻ പോയിരുന്നു മോളെയും കൊണ്ട്… അയാളുടെയവസാനത്തെ അവകാശം… മോളുടെയും… ഒരു നോക്ക് കാണിക്കാൻ…

കരഞ്ഞു തളര്ന്നയയാളുടെ ഭാര്യ ആ ആൾക്കൂട്ടത്തിനിടയിലുമെന്നെ തിരിച്ചറിഞ്ഞിരുന്നു…. പറഞ്ഞു കേട്ട കഥയിലെ നായികയെ നേരിട്ട് കണ്ടപ്പോഴുള്ള ഭാവമോ ഒരു തവണയെങ്കിലും തന്റെ ഭർത്താവിന്റെ ഗന്ധവും ശരീരവും പങ്കിട്ടെടുത്തവളോടുള്ള പകയോ ആയിരുന്നില്ല മറിച്ച് തന്നെപ്പോലെ തന്നെ തന്റെ മകളുടെയച്ഛനെ നഷ്ടപ്പെട്ടവളോടുള്ള സഹതാപമായിരുന്നു ആ കണ്ണുകളിൽ…..

ഒരു മാസത്തിനു ശേഷം അടുക്കളയിൽ ഒരു സഹായി വേണം പറ്റുമെങ്കിൽ വന്നോളുയെന്നവർ വീട്ടിൽ വന്നു പറയുമ്പോൾ അത്ഭുതമായിരുന്നു… ഒരു സ്ത്രീക്കിത്രമാത്രം പാവമാവാൻ പറ്റുമോ എന്നുള്ളയത്ഭുതം….

എന്റെ ചോദ്യത്തിനുള്ളയുത്തരം ചോദിക്കാതെയവർ തന്നിരുന്നു… സ്ത്രീ പലപ്പോഴും നിസ്സഹായയാണ് ജയാ… അന്നെതിർക്കാൻ പറ്റാതെ നീയും എല്ലാമറിഞ്ഞിട്ടും ആ കൈകൾക്ക് മുന്നിൽ കഴുത്ത് നീട്ടിക്കൊടുക്കേണ്ടി വന്ന ഞാനും…. നീയോ ഞാനോ തെറ്റുകാരല്ല… ഒന്നുമറിയാത്ത ഈ മക്കളും….

മകൾക്കായി കരുതുന്നതിൽ ഒരു പങ്കവൾ മാറ്റിവെച്ച് ആമിക്ക് നല്കണമെന്ന് പറയുമ്പോൾ…., മകളുടെ വസ്ത്രങ്ങൾ പലതുമെന്നെ ഏൽപ്പിക്കുമ്പോൾ ഞാൻ അറിയാതെ കണ്ണ് നിറഞ്ഞിട്ടുണ്ട് ആ സ്നേഹത്തിനു മുന്നിൽ ആ വലിയ മനസിന്‌ മുന്നിൽ….

സ്വന്തം ചോരയാണെന്നോ താൻ പറഞ്ഞതിന്റെ വ്യാപ്‌തി എത്രയെന്നോ അറിയാതെ നന്ദിനിക്കുട്ടി അന്ന് പറഞ്ഞത് ആമിയെയെന്ന പോലെ എന്നെയും വേദനിപ്പിച്ചിരുന്നു…. എന്നാൽ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ പറഞ്ഞു മറന്നൊരു തമാശ മാത്രമാണതെന്ന്, എന്നോടൊപ്പം ആ വീട്ടിലെത്തിയ ആമിയെയവൾ കൂടെയിരുത്തി തന്റെ പാത്രത്തിലെ ദോശയുടെ പാതി നിര്ബന്ധിപ്പിച്ചു കഴിപ്പിക്കുന്നത് കണ്ടപ്പോൾ മനസ്സിലായിരുന്നു…