ചാരിത്ര്യം 22

പുലര്‍ച്ചെ നാലുമണിയ്ക്ക് നിമിഷയെപ്പിടിച്ചെഴുന്നേല്‍പ്പിച്ച് തുരുതുരാ ഉമ്മവച്ച സന്ദീപ് കണ്ണീര്‍ച്ചിരിയോടെ, ചുവന്നു തുടുത്ത മുണ്ടെടുത്ത് അവളെക്കാണിച്ച് പറഞ്ഞു…

ഇത് നോക്കിയേ…

ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും വഴിപിഴയ്ക്കാന്‍ സാധ്യതയുള്ള ഈ കാലത്ത് എന്റെ നിമിഷയെപ്പോലെ പരിശുദ്ധിയുള്ളൊരു പെണ്ണിനെ കിട്ടിയ ഞാന്‍ ഭാഗ്യവാനല്ലേ ?

അപ്പൊഴാണവളും അല്‍ഭുതത്തോടെ ആ സംഗതി ഉറ്റുനോക്കുന്നത്….

നാണമുഖിയായ് സന്ദീപിനെ പ്രോല്‍സാഹിപ്പിച്ചെങ്കിലും, ഇതെങ്ങിനെ സംഭവിച്ചെന്ന ജിജ്ഞാസയോടെ ബാത്ത് റൂമിലേയ്ക്ക് കയറിയപ്പോഴാണ് ചുവന്ന നിറത്തില്‍ മുറതെറ്റി വന്ന ദെെവത്തെ അവള്‍ ശരിയ്ക്കും കാണുന്നത്….

ഷവറിലെ വെള്ളം തലയിലൂടെയൊഴുകുമ്പോള്‍ ചിന്നിച്ചിതറിയ പളുങ്കുമണികള്‍ക്കിടയിലൂടെ
അവളുടെ കണ്ണന്‍ ചിരിച്ചു ചോദിച്ചു…

ഇന്നെന്നെക്കാണാന്‍ അമ്പലത്തില് വരാന്‍ പാടില്ലാന്ന് ആരോടും പറയണ്ടാട്ടോ…

നിന്റെ കെട്ടിയോന്റെ തറവാട്ടില് ഒരു പ്രസവപ്പുല കൊടുക്കണുണ്ട്…..

അപ്പോപ്പിന്നേ…ഹഹഹ

കണ്ണന്റെ ചിരിയ്ക്കൊപ്പം നന്ദിയോടെ അവളും ചിരിച്ചു……