ചതിയുടെ ഒടുവില്‍ 20

“സാംസണ്‍..പടയാളികള്‍ ഇതാ എത്തിയിരിക്കുന്നു..എഴുന്നേറ്റ് അവരെ ചിതറിക്കൂ”

വീടിനുള്ളിലേക്ക് ആയുധധാരികളായ പടയാളികള്‍ കുതിച്ചെത്തി. കണ്ണ് തുറന്ന സാംസണ്‍ പതിവുപോലെ തല കുടഞ്ഞ്‌ ചാടി എഴുന്നേറ്റു. ചുറ്റും ആയുധങ്ങളുമായി നില്‍ക്കുന്ന പടയാളികളെ കണ്ടപ്പോള്‍ അവന്‍ എന്നത്തേയും പോലെ തന്നിലേക്ക് ദൈവം ജന്മസിദ്ധമായി നല്‍കിയിരുന്ന മഹാശക്തി ആവാഹിച്ചു. പക്ഷെ ആ ശക്തി തന്നെ വിട്ടുപോയിരിക്കുന്നു എന്ന ഭീകരമായ സത്യം അവന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. കട്ടിലില്‍ മുറിഞ്ഞു കിടക്കുന്ന തന്റെ മുടിയും, അല്‍പ്പം അകലെ ചുണ്ടിലൂറുന്ന ചതിയുടെ ചിരിയുമായി നില്‍ക്കുന്ന ദലീലയെയും കണ്ടതോടെ ചിത്രം സ്പഷ്ടമായിക്കഴിഞ്ഞിരുന്നു. പടയാളികളുടെ ആക്രമണത്തെ ചെറുക്കാന്‍ കഴിയാതെ അവന്‍ പൊരുതി കീഴടങ്ങി. അവന്റെ രണ്ടു കണ്ണുകളിലേക്കും അവര്‍ കുന്തം കുത്തിയിറക്കി.

“ദലീലാ..നീ..നീയെന്നെ ചതിച്ചു..അല്ലെ..”

അന്ധനായി മാറിയ സാംസണ്‍ ദയനീയമായി അലറി. പടയാളികള്‍ അവനെ വലിച്ചിഴച്ച് പുറത്തെ ഇരുട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ ദലീല ക്രൂരമായ ചിരിയോടെ വീടിന്റെ വാതില്‍ വലിച്ചടച്ചു. കതകടച്ചിട്ട് തിരിഞ്ഞ അവള്‍ കിതച്ചുകൊണ്ട് അതില്‍ത്തന്നെ ചാരി നിന്നു. അവളുടെ കണ്ണുകള്‍ അതിലേക്ക് നീണ്ടു.

അവിടെ, മേശയുടെ പുറത്ത് മഹാരാജാവ് വാഗ്ദാനം ചെയ്ത നൂറോളം സ്വര്‍ണ്ണക്കിഴികള്‍ ഒന്ന് പോലും കുറയാതെ ഇരിക്കുന്നു. ദലീലയുടെ കണ്ണുകള്‍ വജ്രങ്ങള്‍ പോലെ തിളങ്ങി. പക്ഷെ വേഗം തന്നെ അവള്‍ കണ്ണുകള്‍ പൂട്ടിയടച്ചു. പുറത്തെ ഇരുട്ടില്‍ സാംസന്റെ ദയനീയമായ, വേദനയില്‍ പുളയുന്ന അലര്‍ച്ച. അത് അകന്നകന്നു പോകുകയാണ്. ദലീല കതകില്‍ ചാരി നിന്ന് കിതച്ചു. അവളുടെ കഴുത്തിലൂടെ മാറിടങ്ങളുടെ ഇടയിലേക്ക് വിയര്‍പ്പുചാല്‍ ഒഴുകിയിറങ്ങി.

എന്താണ്..എന്താണ് താന്‍ ചെയ്തത്?
വീണ്ടും അവള്‍ ആ കിഴികളിലേക്ക് നോക്കി.