ചതിയുടെ ഒടുവില്‍ 20

പരിഭവം നടിച്ച് അവന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി അവള്‍ പറഞ്ഞു. ഉള്ളില്‍ അത്യുച്ചത്തില്‍ വിജയച്ചിരി മുഴക്കുന്ന സ്വന്തം സത്വത്തിന്റെ നിഴല്‍ പോലും അവളുടെ ഭാവത്തിലോ സ്വരത്തിലോ ഉണ്ടായിരുന്നില്ല..
അവളുടെ വശ്യതയാര്‍ന്ന നോട്ടം സിരകളില്‍ പടര്‍ത്തിയ അഗ്നി നിയന്ത്രിക്കാനാക്തെ സാംസണ്‍ അവളെ വാരിയെടുത്തു.

വീണ്ടും ശരീരത്തിന്റെ തീ അണഞ്ഞു കഴിഞ്ഞപ്പോള്‍ അവന്‍ കിടക്കയില്‍ നീണ്ടു നിവര്‍ന്നു കിടന്നു. അവന്റെ ശിരസ്സ് ദലീലയുടെ മടിയില്‍ ആയിരുന്നു. ഇവന്റെ ഈ ഉരുക്ക് ശരീരത്തില്‍ ആ മരുന്ന് ഫലിക്കുമോ? ആശങ്കയോടെ അവളുടെ മനസ്സ് ചോദിക്കുന്നുണ്ടായിരുന്നു. ഏഴു വലിയ ഭാഗങ്ങളായി നീണ്ടു വളര്‍ന്നു കിടന്നിരുന്ന അവന്റെ മുടിയില്‍ അവള്‍ തലോടി. പറഞ്ഞത് സത്യമാണെങ്കില്‍, ഈ മഹാമേരുവിന്റെ ശക്തി കുടികൊള്ളുന്നത് ഇവയിലാണ്. അവളുടെ അന്തരംഗം ക്രൂരമായി മന്ത്രിച്ചു. ദലീല ആശങ്കയോടെ നോക്കി. അവന്റെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. ഉറക്കമോ അതോ താന്‍ നല്‍കിയ മരുന്ന് ഇവന്റെ ബോധത്തെ കവര്‍ന്നോ?

“ഹേയ് സാംസണ്‍..നീ ഉറങ്ങിയോ..” അവള്‍ അവനെ കുലുക്കി വിളിച്ചു. അവനില്‍ നിന്നും പ്രതികരണം ഉണ്ടായില്ല.

“പുറത്ത് ഉദ്യാനത്തില്‍ രാപാര്‍ക്കണം എന്ന് പറഞ്ഞിട്ട്..”

അവള്‍ കുനിഞ്ഞ് അവന്റെ അധരങ്ങളില്‍ ചുംബിച്ചു. പക്ഷെ അവന്‍ ആഴമേറിയ മയക്കത്തിലേക്ക് വീണുകഴിഞ്ഞിരുന്നു.
ദലീലയുടെ കണ്ണുകള്‍ ഇറുകി. ക്രൂരമായ, വിജയിയുടെ പുഞ്ചിരിയോടെ അവള്‍ അവന്റെ ശിരസ്സ് സ്വന്തം മടിയില്‍ നിന്നും ഇറക്കിവച്ചു. പിന്നെ മെല്ലെ എഴുന്നേറ്റ് കൈകള്‍ കൊട്ടി. അത് കേട്ട നിമിഷം തന്നെ ഉള്ളിലേക്ക് വന്നവന്റെ പക്കല്‍ ഒരു നീളമുള്ള കത്തി ഉണ്ടായിരുന്നു. നീണ്ടു നിവര്‍ന്നു കിടക്കുന്ന സാംസനെ ദലീല ചൂണ്ടിക്കാണിച്ചു.

“ഉറക്കമാണോ?” അവന്‍ ഭയത്തോടെ ഉറപ്പ് വരുത്താനായി ചോദിച്ചു.

“സമയം കളയരുത്..വേഗം അവന്റെ മുടി മുറിച്ചു മാറ്റൂ”

അവള്‍ തിടുക്കത്തോടെ മന്ത്രിച്ചു. അയാള്‍ അമാന്തിച്ചില്ല. ജനനം മുതല്‍ ക്ഷൌരക്കത്തി തൊട്ടിട്ടില്ലാത്ത അവന്റെ മുടിയുടെ ഓരോ ഭാഗവും മുറിഞ്ഞു മാറുന്നത് ദലീല ശക്തമായി മിടിക്കുന്ന ഹൃദയത്തോടെ നോക്കി നിന്നു. അവസാനത്തെ ഭാഗവും മുറിഞ്ഞു മാറി ക്ഷുരകന്‍ നിവര്‍ന്നപ്പോള്‍ ദലീല അവനെ കണ്ണ് കാണിച്ചു. അവന്‍ വേഗം പുറത്തേക്ക് പോയി. ക്രൂരമായ കണ്ണുകളോടെ അവള്‍ അവന്റെ അരികിലെത്തി വന്യമായ കരുത്തുള്ള ആ ദേഹത്തേക്ക് നോക്കി. പിന്നെ ഉറക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞു: