ചതിയുടെ ഒടുവില്‍ 20

“പറയാം..ഞാന്‍ പറയാം..നീ ഇല്ലെങ്കില്‍ പിന്നെ എനിക്ക് രഹസ്യങ്ങള്‍ എന്തിന്? വരൂ പ്രിയേ..എന്റെ ഈ കൈകളില്‍ ചേര്‍ത്ത് നിര്‍ത്തി നിന്റെ കാതില്‍ ഞാനത് മന്ത്രിക്കാം..”

തന്റെ കരുത്തുറ്റ കരങ്ങള്‍ അവന്‍ നീട്ടി. ദലീല സംശയത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ മന്ദം മന്ദം നടന്നു ചെന്ന് അവന്റെ കരങ്ങള്‍ക്കുള്ളില്‍, ആ കണ്ണുകളിലേക്ക് ദൃഷ്ടി പായിച്ച് ചുണ്ടുകള്‍ വിടര്‍ത്തി. മതിഭ്രമം പിടിച്ചവനെപ്പോലെ അവന്‍ തന്റെ ചുണ്ടുകള്‍ അവള്‍ക്ക് നേരെ അടുപ്പിച്ചപ്പോള്‍ ദലീല സ്വന്തം കൈ കൊണ്ട് അവനെ തടഞ്ഞു.

“എന്നെ തൊടുന്നതിനു മുന്‍പ് നീയത് പറയണം..ഇല്ലെങ്കില്‍ എന്നെ നീ വീണ്ടും ചതിക്കും…നിന്റെ ദൈവത്തെ സാക്ഷി നിര്‍ത്തി, അവന്റെ നാമത്തില്‍ സത്യം ചെയ്ത് എന്നോടത് പറയാന്‍ നിനക്ക് മനസ്സില്ലെങ്കില്‍ വേണ്ട” പറഞ്ഞിട്ട് അവള്‍ പിന്നിലേക്ക് ചുവടുകള്‍ വച്ചു.

“പറയാം..ഞാന്‍ പറയാം..നിന്റെ ചെവി എനിക്ക് നല്‍കൂ..നീയല്ലാതെ നമുക്ക് ചുറ്റുമുള്ള വായുപോലും അത് കേള്‍ക്കാന്‍ പാടില്ല..” സാംസണ്‍ പറഞ്ഞു.

ദലീല അവന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി. അവന്‍ പറയും എന്ന് ആ നേത്രങ്ങളില്‍ നിന്നും വായിച്ചെടുത്ത അവള്‍ സ്വന്തം ശിരസ്സ് ചെരിച്ച് തന്റെ വലതുകര്‍ണ്ണം അവന്റെ നേരെയാക്കി. സാംസന്റെ ചുണ്ടുകള്‍ അവളുടെ കാതിനരുകിലെത്തി. അവന്റെ നിശ്വാസവായു അതില്‍ പതിഞ്ഞപ്പോള്‍ ദലീലയുടെ മനസ്സ് പിടച്ചു; സത്യമാകണേ അവന്‍ പറയുന്നത്!

“ഞാന്‍ വിശ്വസിക്കുന്ന എന്റെ ദൈവനാമത്തില്‍ സത്യം ചെയ്ത് ഞാന്‍ പറയുന്നു..എന്റെ ശക്തിയുടെ രഹസ്യം ബാല്യം മുതല്‍ ക്ഷൌരക്കത്തി തൊട്ടിട്ടില്ലാത്ത എന്റെ ഈ മുടിയിലാണ്…ഇത് മുറിക്കുന്ന നാള്‍ ഞാന്‍ മറ്റു മനുഷ്യരെപ്പോലെ സാധാരണക്കാരന്‍ ആയി മാറും…” അവളുടെ ഭ്രമിപ്പിക്കുന്ന ശരീരത്തിന് വേണ്ടി അവന്‍ തന്റെ ഹൃദയം തുറന്നു.

സിരകളിലൂടെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പുത്തന്‍ ഊര്‍ജ്ജം കുതിച്ചു പായുന്നത് ദലീല അറിഞ്ഞു. ശരീരത്തിലെ ഓരോ കോശവും പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഒരു വീര്‍പ്പുമുട്ടല്‍ അവളെ കീഴ്പ്പെടുത്തി. പക്ഷെ അതിന്റെ ലാഞ്ചന പോലും സ്വവദനത്തില്‍ ഉണ്ടാകാതിരിക്കാന്‍ അവള്‍ ബദ്ധശ്രദ്ധാലുവായിരുന്നു. മുഖം തിരിച്ച് അവന്റെ കണ്ണുകളിലേക്ക് അവിശ്വസനീയതയോടെ അവള്‍ നോക്കി. സാംസണ്‍ തന്റെ വലതുകൈപ്പത്തി അവളുടെ ശിരസ്സില്‍ വച്ചു.

“നീയാണെ..എന്റെ ദൈവമാണേ സത്യം”

“എന്റെ പ്രിയനെ..നീ എന്നെ സത്യമായും സ്നേഹിക്കുന്നു എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു..നിന്റെ പളുങ്ക് പോലെയുള്ള മനസ്സ് വേദനിപ്പിച്ചതിന് നീ എന്നോട് ക്ഷമിക്കില്ലേ”