നിലകൊണ്ടിരുന്ന സാംസനെ നോക്കി. വസ്ത്രാഗ്രത്തില്‍ നിന്നും പുറത്തേക്ക് കാണപ്പെട്ട അവളുടെ സ്ത്രൈണതയുടെ മാദകത്വം അവനില്‍ കാമപ്പെരുമഴ തന്നെ സൃഷ്ടിച്ചു. ദലീല അവന്റെ മുന്‍പില്‍ മെല്ലെ കുനിഞ്ഞു.
“എന്നോട് ആ സത്യം പറയാതെ ഇനി ഞാന്‍ നിന്റെ സ്വന്തമാകില്ല.. നിന്നെപ്പോലെതന്നെ എന്നെയും സ്വപ്നം കാണുന്ന ആയിരങ്ങള്‍ ഈ ലോകത്ത് വേറെയുണ്ട്..ഞാനൊന്നു വിരല്‍ ഞൊടിച്ചാല്‍ എന്റെ ദാസ്യവേല ചെയ്യാന്‍ പോലും മടിക്കാത്തവര്‍..പക്ഷെ അവരെ ആരെയും ഞാന്‍ സ്നേഹിച്ചില്ല..എന്റെ മനസ്സില്‍ ഇടം നല്‍കിയില്ല..എന്റെ മനസിലും ശരീരത്തിലും നീ മാത്രമേ ഉള്ളായിരുന്നു..പക്ഷെ എന്നിട്ടും നീ എന്നെ ചതിച്ചു…”
അവള്‍ പറഞ്ഞതൊക്കെ സാംസണ്‍ ശ്രവിച്ചോ എന്ന് തന്നെ സംശയമാണ്. അവളുടെ പ്രതിരോധിക്കാനാകാത്ത സൌന്ദര്യത്തില്‍ മയങ്ങി ഭിക്ഷാംദേഹിയെപ്പോലെ നിന്നിരുന്ന അവന്‍ അവസാനം ശിരസ്സനക്കിക്കൊണ്ട് എഴുന്നേറ്റു. ദലീലയുടെ കണ്ണുകള്‍ അവന്‍ കാണാതെ പുറത്ത് മരങ്ങള്‍ക്ക് പിന്നിലും ചെടികളുടെ ഇടയിലും പരതുകയായിരുന്നു.
“ദലീല..നീ എന്നെ ഉപേക്ഷിച്ചോ..”
സാംസണ്‍ തീരെ ദുര്‍ബ്ബലനായിക്കഴിഞ്ഞിരുന്നു. അത് മനസിലാക്കിയ ദലീല ഉള്ളില്‍ മന്ദഹസിച്ചു; പക്ഷെ പുറമേ അവള്‍ ദുഖിതയെപ്പോലെ മുഖം വീര്‍പ്പിച്ചു.
“എന്നെ നീയല്ലേ ഉപേക്ഷിച്ചത്? എന്നേക്കാള്‍ വലുത് നിനക്ക് നിന്റെ രഹസ്യങ്ങള്‍ അല്ലെ? വേണ്ട..നീ നിന്റെ രഹസ്യങ്ങളുമായി എങ്ങനെയും ജീവിച്ചോളൂ. .ഞാന്‍..ഞാന്‍ ആരുമില്ലാത്തവളല്ലേ” അവള്‍ ഏങ്ങലടിച്ചു. കണ്ണുകളില്‍ രണ്ടുതുള്ളി കണ്ണീര്‍ വരുത്താന്‍ അവള്‍ക്ക് പ്രയാസമേതും ഉണ്ടായില്ല.
“ദലീല..” സാംസണ്‍ അവളെ സ്പര്‍ശിക്കാനായി കൈകള്‍ നീട്ടി.
“തൊടരുതെന്നെ..തൊടരുത്”
അവള്‍ ചീറി. അവളുടെ കോപം അവന്റെ ഭ്രമം വര്‍ദ്ധിപ്പിച്ചതല്ലാതെ അല്‍പ്പം പോലും അതിനെ ശമിപ്പിച്ചില്ല. കോപിക്കുമ്പോള്‍ സൌന്ദര്യം വര്‍ദ്ധിക്കുന്ന ഏക പെണ്ണ് ഈ ഭൂമുഖത്ത് ഒരുപക്ഷെ ഇവള്‍ മാത്രമാകും! ഏതു ചേഷ്ടയും ഏതു ഭാവവും അവളുടെ അഴകിനു മാറ്റ് കൂട്ടുകയല്ലാതെ അണുവിട കുറയ്ക്കുകയില്ല. അവളെ പ്രാപിക്കാന്‍ മനസ് ഭ്രാന്തമായി കൈവിട്ടുപോയ ആ ദുര്‍ബ്ബല നിമിഷത്തില്‍ സാംസണ്‍ മറ്റെല്ലാം മറന്നു.