ചതിയുടെ ഒടുവില്‍ 20

അകലെ നിന്നും ഒരു മഹാമേരുവിനെപ്പോലെ നടന്നടുക്കുന്ന സാംസനെ അവള്‍ കണ്ടു. ആ നടയഴകില്‍ ഭ്രമിച്ച് സ്വയം മറന്ന് അവള്‍ നിന്നുപോയി. മൃഗരാജാവിന്റെ മദിച്ചുള്ള ഗമനം പോലെ കരുത്തുറ്റ കൈകള്‍ വീശിയുള്ള ആ നടത്ത ഏതു പെണ്ണിന്റെയും സിരകളില്‍ അഗ്നി പടര്‍ത്തി അവളെ അതില്‍ ചാമ്പലാക്കാന്‍ പര്യാപ്തമാണ്. പുരുഷസൌന്ദര്യത്തിന്റെ മൂര്‍ദ്ധന്യം! അവളുടെ സിരകള്‍ തുടിച്ചു. ധമനികളില്‍ ചുടുരക്തം കുതിച്ചു പാഞ്ഞു. വശ്യമായ ചുവടുകളോടെ അവള്‍ പുറത്തേക്കുള്ള വാതിലിനരുകിലേക്ക് നീങ്ങി. ആഗമന മണിനാദം മുഴങ്ങിയപ്പോള്‍ ദലീല അല്‍പ്പസമയം സ്വമനസ്സിന്റെ അമിതമായ തുടിപ്പ് നിയന്ത്രിക്കാനെടുത്തു. ഇന്ന് താന്‍ അവന്റെ മുന്‍പില്‍ പതറിക്കൂടാ! മനസ്സിനെ വരുതിയിലാ‍ക്കിയ ശേഷം അവള്‍ മെല്ലെ കതക് തുറന്നു.

അത്യാവേശത്തോടെ, അവളെ മൃഗീയമായി പ്രാപിക്കാന്‍ എത്തിയ സാംസണ്‍ ഒരു നിമിഷം അവളുടെ അഭൌമമായ സൌന്ദര്യത്തില്‍ മയങ്ങി നിശ്ചലനായി നിന്നുപോയി. ഉള്ളിലുയര്‍ന്ന ആത്മഹര്‍ഷം ബഹിര്‍ഗമിക്കാന്‍ അനുവദിക്കാതെ ദലീല മുഖം വീര്‍പ്പിച്ച് അവനെ കാണാത്ത ഭാവത്തില്‍ വെട്ടിത്തിരിഞ്ഞ് ഉള്ളിലേക്ക് നടന്നുകളഞ്ഞു. അവളുടെ പിന്നഴകും, പുരുഷധമനികളില്‍ അഗ്നി പടര്‍ത്താന്‍ പാകത്തിലുള്ള നിതംബനടനവും നോക്കി സ്വപ്നാടനത്തിലെന്നപോലെ സാംസണ്‍ ഉള്ളിലേക്ക് കയറി. അലങ്കരിച്ച് മനോജ്ഞമാക്കിയിരുന്ന സ്വന്തം കിടപ്പറയിലെത്തി ഒരു ശിലാവിഗ്രഹം പോലെ നിര്‍വികാരയായി ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ട് നില്‍ക്കുന്ന തന്റെ പ്രണയിനിയെ അവന്‍ പ്രേമവായ്പോടെ നോക്കി.

“ദലീല…”

അവന്റെ കിതപ്പാര്‍ന്ന, കാമാതുരമായ സ്വരം അവളുടെ കാതുകളില്‍ പതിഞ്ഞു. അവള്‍ പക്ഷെ അവനെ ഗൌനിക്കുന്നുണ്ടായിരുന്നില്ല.

‘നിന്റെ സൌന്ദര്യം എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നു ദലീല..വരൂ..എന്റെ ഈ കരങ്ങളിലേക്ക് വരൂ..”

കാമവികാരത്തിന്റെ ഉത്തുംഗശൃംഗത്തില്‍, ദലീലയുമായി ഒരൊറ്റ ശരീരമായി മാറാന്‍ വെമ്പല്‍ പൂണ്ടിരുന്ന സാംസണ്‍ ഭിക്ഷാംദേഹിയെപ്പോലെ കൈകള്‍ നീട്ടി. ദലീല തെന്നിമാറി. അവളുടെ തുടുത്ത വദനത്തില്‍ കളിയാടുന്ന ദുഖവും കോപവും സാംസണ്‍ കാണുന്നുണ്ടായിരുന്നു എങ്കിലും മനസ്സ് അവളെന്ന പെണ്ണിന് വേണ്ടി എല്ലാ സീമകളും ലംഘിച്ച് നിലകൊണ്ടിരുന്ന ആ സമയത്ത് അവളുടെ ഭാവമാറ്റം അവനറിഞ്ഞില്ല എന്നതാണ് സത്യം. അവളുടെ വിറ കൊള്ളുന്ന തുടുത്തു ചുവന്ന അധരങ്ങള്‍ അവന്റെ ഹൃദയതാളം തെറ്റിച്ചു. വീണ്ടും അടുത്തേക്ക് ആവേശത്തോടെ വന്ന സാംസണില്‍ നിന്നും ദലീല ഒരു മത്സ്യത്തെപ്പോലെ തെന്നിമാറി. അവള്‍ കിതപ്പോടെ അവനെ നോക്കി.