പക്ഷെ പെട്ടെന്ന് തന്നെ അവളുടെ മുഖം വാടി. ഉദയസൂര്യനെപ്പോലെ പ്രകാശിച്ചിരുന്ന വദനത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. അവന്‍ പക്ഷെ ഒരു കുറുക്കനാണ്; ദലീല വാടിയ മുഖത്തോടെ മന്ത്രിച്ചു. ഈ ജ്വലിക്കുന്ന സൌന്ദര്യത്തില്‍ നിലംപൂകിയ അവന്‍ പക്ഷെ സ്വന്തം മനസ്സ് ഇനിയും തനിക്ക് തന്നിട്ടില്ല. അവന്റെ മനസ്സിന്റെ താക്കോല്‍ കണ്ടെത്തണം! കണ്ടെത്തിയേ തീരൂ. എന്നിട്ടത് തുറക്കണം. ഇല്ലെങ്കില്‍ പെണ്ണായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. അവന്റെ മനസ്സില്‍ ഒരു നിധിയുണ്ട്. ആ നിധി സ്വായത്തമാക്കാന്‍ തനിക്കിനിയും കഴിഞ്ഞിട്ടില്ല. ഒരു ജന്മം മുഴുവന്‍ ഈ ശരീരം പ്രഭുക്കന്മാര്‍ക്ക് കാഴ്ച വച്ചാല്‍പ്പോലും ഉണ്ടാക്കാന്‍ കഴിയുന്നതിന്റെ നൂറിരട്ടിയാണ് അതിലൂടെ തനിക്ക് സ്വായത്തമാകുക. പക്ഷെ അവനതറിയുന്നില്ല. ദലീലയുടെ മനസ്സില്‍ ചിന്തകള്‍ കൂലംകുത്തിയൊഴുകി. തന്റെ തന്ത്രങ്ങള്‍ ഒന്നുംതന്നെ ഇതുവരെ അവന്റെയടുക്കല്‍ വിലപ്പോയിട്ടില്ല. ഇന്ന്, ഇന്ന് വിജയം തനിക്കായിരിക്കണം; ആയിരിക്കും.
അവള്‍ വസ്ത്രങ്ങള്‍ ഒന്നൊന്നായി ഊരിമാറ്റി ഒരു സ്വര്‍ണ്ണ ശില്‍പ്പം പോലെ കണ്ണാടിയുടെ മുന്‍പില്‍ നിന്നു. ഇന്ന്, സാംസണ്‍ ഈ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അവന്റെ മനസ്സ് തനിക്ക് തന്നതിന് ശേഷം മാത്രം. ദര്‍ശനമാത്രയില്‍ത്തന്നെ അവനെ തളര്‍ത്തിക്കളയുന്ന ഈ അഴക്, ഇന്നവന് കിട്ടാക്കനിയായി മാറണം. അവള്‍ മനസ്സില്‍ കണക്കുകള്‍ കൂട്ടിക്കൊണ്ട് ലെബാനോനില്‍ നിന്നും വരുത്തിയ പ്രത്യേകതരം നൂല് കൊണ്ട് നെയ്ത പുടവ എടുത്ത് നെഞ്ചോട് ചേര്‍ത്തു. കടും ചുവപ്പ് നിറമുള്ള, നേര്‍ത്ത ആ വസ്ത്രം അവള്‍ ധരിച്ചു. മൃദുവായ ചര്‍മ്മത്തിന് മീതെ മറ്റൊരു ആവരണം പോലെ അത് ശരീരത്തോട് പറ്റിപ്പിടിച്ച് കിടക്കുന്നത് അവള്‍ പല രീതിയില്‍ നിന്ന് നോക്കി തൃപ്തി വരുത്തി. നീണ്ട നീല മിഴികളുടെ വശ്യത കറുത്ത ലേപനം ഉപയോഗിച്ച് അവള്‍ വര്‍ദ്ധിപ്പിച്ചു. സ്വതവേ ചുവന്ന അധരപുടങ്ങളില്‍ നേരിയ നിറം ചാലിച്ചു. കഴുത്തിന് താഴെ, യുദ്ധത്തിന് തയാറായി നില്‍ക്കുന്ന പടക്കുതിരകളെപ്പോലെ സ്വന്തം മാറിടങ്ങള്‍ എഴുന്നു നില്‍ക്കുന്നത് അവളില്‍ ആത്മവിശ്വാസം വാനോളമാണ് വര്‍ദ്ധിപ്പിച്ചത്. ഈ വസ്ത്രം തന്റെ സൌന്ദര്യത്തിന്റെ മാറ്റ് ഇരട്ടിയാക്കിയിരിക്കുന്നു! സ്വര്‍ണ്ണ നിറമുള്ള ഇടതൂര്‍ന്ന കാര്‍കൂന്തല്‍ ഇളക്കിയിട്ടുകൊണ്ട് ദലീല തന്നോട് തന്നെ മന്ദഹസിച്ചു. സ്ത്രൈണ ഗന്ധത്തിന്റെ ലഹരി അധികരിപ്പിക്കുന്ന സുഗന്ധലേപനം അവള്‍ വസ്ത്രത്തിന്റെ ഉള്ളിലൂടെ സ്വശരീരത്തില്‍ പൂശി. ഈ ഗന്ധം പുരുഷന്മാരെ ഭ്രാന്ത് പിടിപ്പിക്കും. ചുവര്‍ ഘടികാരം അവന്റെ വരവിന്റെ സമയം അറിയിച്ചപ്പോള്‍ ദലീല മെല്ലെ പൂമുഖത്തേക്ക് നടന്നു.