ചതിയുടെ കൂലി..വിശ്വസിച്ചു സ്നേഹിച്ചവനെ ചതിച്ചതിന് തനിക്ക് കിട്ടിയ പ്രതിഫലം..കണ്ണുകള്‍ കുത്തിപ്പൊട്ടിക്കപ്പെട്ട അവന്റെ നിലവിളി അസ്ത്രം പോലെയായിരുന്നു അവളുടെ ഹൃദയത്തെ കീറി മുറിച്ചത്. എന്ത് നേടി താന്‍? സ്നേഹത്തെ ചതിച്ച് നേടുന്ന നേട്ടത്തിന് എന്ത് അര്‍ഥം? അവളുടെ മനസ്സ് പിടഞ്ഞു. അവന്റെ ശരീരത്തില്‍ നിന്നും ചീന്തിയ രക്തം ഇതാ ഒരു പുഴപോലെ തന്റെ അടുത്തേക്ക് ഒഴുകിവരുന്നു. തന്നെ സ്വന്തമാക്കാന്‍ വേണ്ടി ഒരാള്‍ക്കും വെളിപ്പെടുത്തിക്കൊടുത്തിട്ടില്ലാത്ത ആ രഹസ്യം അവന്‍ പറഞ്ഞിട്ടും താനവനെ മനസാക്ഷി ഇല്ലാതെ ചതിച്ചു. ജീവാന്ത്യം വരെ മനസ്സിനെ വേട്ടയാടുന്ന കുറ്റബോധം അല്ലാതെ ഇനി എന്തുണ്ട് തന്റെ ജീവിതത്തില്‍? സാംസനെ അവര്‍ കഷണം കഷണമാക്കി നുറുക്കും. കൊടിയ പീഡനങ്ങള്‍ കൊണ്ട് അവനെ തകര്‍ത്ത ശേഷമേ അവര്‍ അതും ചെയ്യൂ. കാഴ്ച നഷ്ടപ്പെട്ട് ശക്തി നശിച്ചുപോയ സാംസണ്‍! ദലീലയുടെ കണ്ണുകളില്‍ നിന്നും രക്തം ഒഴുകി.
അവള്‍ ധരിച്ചിരുന്ന തന്റെ മേല്‍വസ്ത്രം ഊരി ചുരുട്ടി അതൊരു കയര്‍ പോലെയാക്കി. അടുക്കി വച്ചിരുന്ന പണക്കിഴികളുടെ മുകളില്‍ ചവിട്ടിക്കയറി നിന്നുകൊണ്ട് അവളത് മച്ചില്‍ കുരുക്കി; പിന്നെ അതിന്റെ മറ്റേ അഗ്രം തന്റെ കഴുത്തിലും.
“എന്റെ പ്രിയനെ, നിന്നോട് മാപ്പ് ചോദിക്കാന്‍ പോലും എനിക്ക് അര്‍ഹത ഇല്ല..എന്തിന് ഞാനത് ചെയ്തു എന്നെനിക്ക് ഇപ്പോഴും അറിയില്ല..പക്ഷെ ഒന്നെനിക്കറിയാം..നീയില്ലാത്ത ഈ ലോകത്ത് ഞാനും ഉണ്ടാകില്ല..മാപ്പ്..മാപ്പ്..മാപ്പ്..”
കാലുകള്‍ കൊണ്ട് അവള്‍ ആ പണക്കിഴികള്‍ തട്ടിമാറ്റി. ആ ശരീരം അല്‍പനേരം പിടഞ്ഞ് മെല്ലെ നിശ്ചലമായി..ഇരുട്ടില്‍ ദൂരെ എവിടെയോ നിന്നും വേദന കൊണ്ട് പുളയുന്ന സാംസന്റെ നിലവിളി അപ്പോഴും മാറ്റൊലിക്കൊള്ളുന്നുണ്ടായിരുന്നു..