Chathiyude Oduvil by Samuel George
ദര്‍പ്പണത്തില്‍ കണ്ട സ്വന്തം രൂപത്തിന്റെ അഴകളവുകളില്‍ മതിവരാതെ വീണ്ടും വീണ്ടും ദലീല നോക്കി. കൊത്തിവച്ചത് പോലെയുള്ള വദനകാന്തി. സ്വര്‍ണ്ണത്തില്‍ ചന്ദനം ചാലിച്ചെടുത്ത ചര്‍മ്മഭംഗി. ഇപ്പോള്‍ ജനിച്ച ശിശുക്കള്‍ക്ക് പോലും ഉണ്ടാകില്ല ഇത്ര മൃദുവായ ചര്‍മ്മം. ലജ്ജയും അഹന്തയും കലര്‍ന്ന മനസോടെ അവള്‍ സ്വയം പറഞ്ഞു. ദലീലയുടെ കണ്ണുകള്‍ വീണ്ടും ദര്‍പ്പണത്തില്‍ പതിഞ്ഞു. വിദഗ്ധനായ ഒരു ശില്‍പ്പി വര്‍ഷങ്ങള്‍ നീണ്ട ത്യാഗോജ്വലമായ സമര്‍പ്പണത്തിലൂടെ കൊത്തിയുണ്ടാക്കിയത് പോലെ തോന്നിക്കുന്ന ആകാരവടിവ്. റോസാദളങ്ങള്‍ പോലെ വിടര്‍ന്നു നില്‍ക്കുന്ന ചെഞ്ചുണ്ടുകള്‍; പനങ്കുല പോലെ തഴച്ചു വളര്‍ന്നു നിതംബങ്ങളോളം നീണ്ട സമൃദ്ധമായ സ്വര്‍ണ്ണ നിറമുള്ള കേശഭാരം. വെറുതെയാണോ ലോകത്തൊരു പെണ്ണിനും കീഴ്പ്പെട്ടിട്ടില്ലാത്ത മഹാപരാക്രമിയായ സാംസണ്‍ തന്റെ മുന്‍പില്‍ സ്വയം അടിയറ വച്ചത്. പരസ്യമായും രഹസ്യമായും ആ അതികായനെ മോഹിക്കാത്ത ഒരൊറ്റ സ്ത്രീപോലും ഈ മഹാരാജ്യത്ത് ഉണ്ടാകില്ല. അത്രയ്ക്ക് പ്രശസ്തനായ ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത യോദ്ധാവല്ലേ? പുരുഷന്മാരുടെ അസൂയയും സ്ത്രീകളുടെ വന്യമായ ആരാധനയും നേടിയ നൂറു സിംഹങ്ങളുടെയും ആനകളുടെയും ശക്തിയുള്ള സാംസണ്‍!
അലറിപ്പാഞ്ഞടുത്ത ക്രൂരനായ സിംഹത്തെ ഒരു ആട്ടിന്‍കുട്ടി എന്ന പോലെ സ്വന്തം കൈകള്‍ കൊണ്ട് നടുവേ പിളര്‍ന്നെറിഞ്ഞ ശക്തരില്‍ ശക്തന്‍! ആയിരം പേരെ ഒരു എല്ലിന്‍ കഷണം കൊണ്ട് കൊന്നൊടുക്കിയ തുലനതകള്‍ ഇല്ലാത്ത പടയാളി. ആയിരമല്ല, പതിനായിരം പേര്‍ എതിരെ അണിനിരന്നാലും കൂസാതെ അവരെ തോല്‍പ്പിച്ചോടിക്കാന്‍ സ്വന്തം കൈകളുടെ ഊറ്റം മാത്രം ആവശ്യമുള്ള അസാമാന്യനായ ധീരന്‍. ചുവന്നു തുടുത്ത ചുണ്ടുകളില്‍ വിരിഞ്ഞ മൃദുസ്മിതത്തോടെ ദലീല സ്വന്തം അളകങ്ങള്‍ വിടര്‍ത്തിയിട്ടു. സാംസണ്‍ എന്ന ആ മഹാമേരു ഇന്ന് തന്റെ അടിമയാണ്..ഈ മുഗ്ധസൌന്ദര്യത്തിന്റെ പ്രണയിതാവ്!
ദര്‍പ്പണത്തില്‍ കണ്ട തന്റെ രൂപത്തോട് അവള്‍ക്ക് സ്വയം അസൂയ തോന്നി. ശക്തനായ സാംസണ്‍ ദര്‍ശനമാത്രയില്‍ നിപതിച്ചുപോയ സ്ത്രൈണ സൌന്ദര്യത്തിന്റെ പാരമ്യമല്ലേ ഈ ഞാന്‍!. വശ്യമായ ചിരിയോടെ അവള്‍ സ്വന്തം അഴകളവുകളില്‍ വീണ്ടും കണ്ണോടിച്ചു. ദലീലയ്ക്ക് പകരം വയ്ക്കാന്‍ ഒരു സുന്ദരി ഇനിയും ജനിക്കേണ്ടിയിരിക്കുന്നു! സാംസനെ വെല്ലാന്‍ ഒരു യോദ്ധാവ് ഈരേഴു പതിന്നാലു ലോകങ്ങളിലും ഇല്ലാത്തത് പോലെ, തന്റെ സൌന്ദര്യത്തിന്റെ നിഴല്‍ പോലുമാകാന്‍ യോഗ്യതയുള്ള ഒരു സ്ത്രീ ഈ ഭൂമുഖത്തില്ല. ചുവന്നു തുടുത്ത കപോലങ്ങളില്‍ വിരലോടിച്ചുകൊണ്ട് അവള്‍ മനസ്സില്‍ നുരഞ്ഞുപൊന്തിയ അഹന്തയോടെ അന്തര്‍ഗതം ചെയ്തു.