ഗസൽ 4 [ദത്തൻ ഷാൻ] 36

“അപ്പോ ഓള് വന്നില്ലേ.. മഴപെയ്യുന്നില്ലേ പുറത്ത്..”

കണ്ണ് തുടച്ചവൻ വാതിലിലേക്ക് നോക്കി..

“ഏത് ഓള് വന്നില്ലേന്ന്..?ആ വെറുതെയല്ല.. സ്വപ്നത്തിലും കണ്ട പെണ്ണുങ്ങളെ പിറകെ പോയിട്ട് ഓന് എവിടെന്നോ അടി കിട്ടിയതാ ഹമീക്കാ.. ഹഹ”

കാര്യം പിടികിട്ടിയ മണി അവനെ കളിയാക്കിയിട്ട് മൂത്താപ്പാനോട് പറഞ്ഞു..

“പടച്ചോനെ ഇനി എന്തൊക്കെ കാണണം.. വൈകുന്നേരം കിട്ടാനുള്ള അടി പടച്ചോൻ നേരത്തെ കാണിച്ചു തന്നതാവും ഇനി..”

മൂത്താപ്പാനെ നോക്കി ഇജാസ് ചമ്മിയ ചിരി ചിരിച്ചു..

“ഇളിക്കാണ്ട് സ്വലാത്തും ചൊല്ലി കിടന്ന് ഉറങ്ങ് ഷെയ്ത്താനെ..”

ഇജാസ് വേഗം പുതപ്പ് കൊണ്ട് മുഖം പൊത്തി തിരിഞ്ഞ് കിടന്നു..

ഇരുട്ടിനെ പുൽകും മുൻപ് ചുമന്നു തുടുത്ത കൊച്ചി കടപ്പുറം.. മണി വൈകുന്നേരം ആറ് കഴിഞ്ഞു.. സദസ്സിലെയും സ്റ്റേജിലെയും വിളക്കുകൾ കത്തി തുടങ്ങി.. ആളുകൾ ഒക്കെ എത്തി തുടങ്ങുന്നതേയുള്ളു.. പക്ഷേ ഇജാസിന് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു.. സംഘാടകരോട് സംസാരിക്കുമ്പോഴും വേദി ഒരുക്കുമ്പോഴും ഇജാസിന്റെ കണ്ണുകൾ ആളുകൾക്കിടയിൽ അവളേ തിരഞ്ഞുകൊണ്ടിരുന്നു.. ഇജാസിന്റെ പരവേശം കണ്ട് മണിക്കും മൂത്താപ്പയ്ക്കും ചിരി പൊട്ടി..

“ഹമീക്കാ.. ചെക്കന് തലക്ക് പിടിച്ചെന്നാണ് തോന്നുന്നേ.. ഓന്റെ കളി കണ്ടിട്ട് പാവം തോന്നുന്നു..”

“മണിയെ.. പണ്ട് ഓന്റുമ്മ അയിഷാനെ കണ്ടിട്ട് ഓന്റെ ബാപ്പ കളിച്ച അതേ കളിയാണ് എനക്ക് ഓർമ വരണേ.. നിലാവത്ത് അഴിച്ചിട്ട കോഴിനെ പോലെ കളിക്കുന്ന കളി കണ്ടോ..”

“പാവം ഇണ്ടാവും ഇക്കാ.. നമുക്കിന്നു അവന്റെ കൂടെ പോയി നോക്കാം..”

“നിനക്ക് എന്തിന്റെ പിരാന്താണ്.. ഓന് മിണ്ടണേൽ ഓൻ പോയി കാണട്ടെ.. മാത്രല്ല പരിപാടി കഴിഞ്ഞ് നമ്മള് മൂന്നാളും ഒറ്റയടിക്ക് ഓളെ പിന്നാലെ പോയാൽ പിന്നേ ഇതൊക്കെ ഓന്റെ ബാപ്പ അഹമ്മദ് വന്നു എടുത്ത് വെക്കോ.. ഓൻ ഒറ്റയ്ക്ക് പോയി കിട്ടുന്നത് വാങ്ങിക്കട്ടെ.. അതിപ്പോ അടിയാണേലും മുഹബ്ബത്താണേലും..”

 

രണ്ടാളും ചിരിച്ചോണ്ട് പരിപാടിക്കുള്ള തയ്യാറെടുപ്പിൽ മുഴുകി..

“എങ്കിലുമെന്നോമലാൾക്ക്.. താമസിക്കാൻ എൻ കരളിൽ…”

ബാബുരാജ് മാഷിന്റെ മാസ്റ്റർപീസ് ഇജാസിന്റെ ശബ്ദത്തിൽ ആളുകളിലേക്ക് എത്തിയപ്പോ വൻ കയ്യടിയോടെയാണ് അവർ സ്വീകരിച്ചത്.. അത് ശ്രവിച്ചുകൊണ്ട് സദസ്സിന്റെ വലത് ഭാഗത്തു അവളും ഉണ്ടായിരുന്നു.. ഇജാസ് അവളേ നോക്കി പാടി..

 

“എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ..

തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൾ ഞാനുയർത്താം”

 

അവളുടെ കണ്ണുകളിലേക്ക് നോക്കുന്തോറും ആഴമുള്ള ചുഴിയിൽ പെട്ടപോലെ അവന്റെ കണ്ണും മനസ്സും അവളിൽ മാത്രം ചുറ്റപ്പെട്ടിരുന്നു..

1 Comment

Add a Comment
  1. നിധീഷ്

    ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *