“പടച്ചോനെ.. എങ്ങനേലും ഒന്ന് നാളെ വൈകുന്നേരം ആയാൽ മതിയായിരുന്നു..”
ആ മൊഞ്ചുള്ള കണ്ണുകളെ ഓർത്തു അവൻ പതിയെ നിദ്രയിലേക്ക് ആണ്ടു…
“ടക്ക് ടക്ക്”
വാതിലിന്റെ ശക്തമായ മുട്ടൽ കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്… തന്റെ വലതു ഭാഗത്തായി ഊരി വെച്ച വാച്ച് പതിയെ എടുത്ത് സമയം നോക്കി.. പുലർച്ചെ മൂന്ന് മണി.. “ആരാ ഈ നേരത്ത്…. ശോ.. ഇവരൊക്കെ എന്ത് ഉറക്കമാണ്…. വാതിൽ മുട്ടിയത് ആരും കേട്ടില്ലേ.. എങ്ങനെയോ ഒന്ന് ഉറങ്ങി വന്നതായിരുന്നു.. അപ്പോഴേക്കും..”
പിറുപിറുത്തുകൊണ്ട് അവൻ വാതിലിന്റെ അടുത്തേക്ക് പോയി… വാതിൽ തുറന്ന കാഴ്ച കണ്ട അവന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. താൻ തേടിനടന്ന അതേ കണ്ണുകൾ.. വാലിട്ടെഴുതിയ വെള്ളാരം കണ്ണുകൾ തന്റെ മുറിക്ക് പുറത്ത് നിൽക്കുന്നു.. പുറത്താണെൽ ശക്തമായ മഴയും കാറ്റും ഉണ്ട്..അവൾ നന്നായി നനഞ്ഞിട്ടുണ്ട്.. കിതയ്ക്കുന്നുമുണ്ട്.. എന്ത് പറയണം എന്ത് ചോദിക്കണം എന്നറിയാതെഒരു നിമിഷം അവൻ പതറിപ്പോയി.. അവൾ പെട്ടെന്ന് മുറിക്കകത്തേക്ക് കേറി.. ആ ഒറ്റമുറി വീടിന് വരാന്ത എന്ന് പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല.. അവളാകെ ഭയന്നപോലെ ഉണ്ട്..
“എന്നെ രക്ഷിക്കണം.. രണ്ട് പേര് കുറേ നേരം ആയി എന്റെ പിന്നാലെ വരുന്നു.. അതാ ഞാൻ ഓടി ഇങ്ങോട്ട് വന്നത്..”
“പടച്ചോനെ.. പണിയും കൊണ്ടാണോ ഇവൾ വന്നു കേറിയിരിക്കുന്നെ.. ജീവിതത്തിൽ ആരോടും തല്ലുകൂടിയിട്ടില്ലാത്ത ഞാൻ ഇന്ന് അവന്മാരുടെ തല്ല് കൊണ്ട് ചാവുമല്ലോ..” (അവൻ മനസ്സിൽ പേടിയോടെ പറഞ്ഞു പോയി)
അതാ രണ്ട് പേര് വാതിലിന് നേരെ ഓടി വരുന്നു.. ഇജാസ് വാതിൽ പടിയിലേക്ക് ഇറങ്ങി വാതിലിന് കുറുകെ നെഞ്ച് വിരിച്ചു ധൈര്യം കൈവരിച്ചു നിന്നു.. എന്തേലും ചോദിക്കുന്നതിനോ പറയുന്നതിനോ മുൻപേ.. നെഞ്ചിൽ ഒറ്റ ചവിട്ടായിരുന്നു.. തെറിച്ചവൻ താഴെ കിടക്കുന്ന മണികണ്ഠന്റെ മേലേക്ക് വീണു..
“അള്ളോഹ്… മണിയേട്ടാ.. മൂത്താപ്പാ.. ഗുണ്ടാ ഗുണ്ടാ.. മണിയേട്ടാ എണീറ്റ് അടിക്ക്..”
ബഹളം കേട്ട് എണീറ്റ മണിയും മൂത്താപ്പയും നോക്കുമ്പോ കാണുന്നത് പാതിരാത്രി ന്തോ സ്വപ്നവും കണ്ട് പേടിച്ചു അലറുന്ന ഇജാസിനെയാണ്..
മൂത്താപ്പ അവനെ കുലുക്കി വിളിച്ചു.. അവൻ കണ്ണ് തുറന്ന് മൂത്താപ്പയുടെ മുഖത്ത് നോക്കി..ഉച്ചത്തിൽ
“മൂത്തൂ ഇങ്ങളെന്താ നോക്കി നിക്കുന്നെ.. ഓനെന്നെ ചവിട്ടിയത് കണ്ടില്ലേ.. ഗുണ്ട മൂത്താപ്പ.. രണ്ട് ഗുണ്ട..”
“ഉണ്ട.. പാതിരാക്ക് കണ്ട സ്വപ്നവും കണ്ട് ഒച്ചവെച്ചു മനുഷ്യനേം പേടിപ്പിച്ചു ഓന്റെ ഒരുണ്ട.. അതെങ്ങനാ ഉറങ്ങാൻ കിടക്കുമ്പോ ആയത്തുൽ ഖുർസി ഒക്കെ ഓതി കിടക്കാൻ പറഞ്ഞാൽ കേൾക്കണ്ടേ..”
♥️♥️♥️