“അവന്മ്മാരെന്തേ?” ഉമറവനോട് ചോദിച്ചു.
“ഒറക്കത്തിലാട കുറെ തട്ടി നോക്കി വാതിലടച്ചു കിടക്കാ…ഇന്നലെ നേരം വൈകീലെ ഇന്നിനി ഉച്ചക്ക് നോക്കിയ മതി രണ്ടിനേം”..
പണ്ടേ രണ്ടാൾക്കും കാലത്തെണീക്കൽ ബാലികേറാ മലയാണ് ഉമ്മ വന്ന് ഒച്ചയിട്ട ശേഷമാണ് മദ്രസയിൽ പോവാൻ തന്നെ എഴുന്നേൽക്കാറ്.രണ്ടാളും അതാലോചിച്ചു പരസ്പരം ഒന്ന് ചിരിച്ചു.
പള്ളിയിൽ ആകെ ഒരു വരി കഷ്ടിച്ചു പൂർത്തിയാകാൻ മാത്രം ആളുകളുണ്ട് അതിലും കൂടുതലും വൃദ്ധൻമാരാണ്.പ്രായം കൂടുന്തോറും ആളുകൾക്ക് മരണഭയം കൂടും അത്കൊണ്ട് തന്നെ ദൈവഭയവും ഉമർഓർത്തു.
നമസ്കാരം കഴിഞ്ഞവർ പള്ളിയിൽ നിന്ന് തിരികെ പൊന്നു പോരും വഴിയാണ് ഖാലിദിന് സച്ചി തലേന്ന് ഗ്രൗണ്ടിലേക് വരാൻ ക്ഷണിച്ച കാര്യം ഓർമ്മ വന്നത് അവൻ ഉമറിനെ കൂട്ടി ഗ്രൗണ്ടിലേക്ക് നടന്നു.
പുത്തൻപുരക്കൽ വീടിന്റെ ഓരത്തുകൂടെ ഒരു ചെമ്മൺ പാതയുണ്ട് കുറച്ചു ദൂരം അതിലൂടെ നടന്നാൽ അത് നേരെ ചെന്ന് നില്കുന്നത് അന്നാട്ടിലെ പഞ്ചായത്തു ഗ്രൗണ്ടിലാണ്. അതിനു ചുറ്റുവട്ടതായി കുറച്ചു വീടുകൾ തിങ്ങിപ്പാര്ക്കുന്നുണ്ട് ഒരു ലക്ഷംവീട് കോളനി.
അവരങ്ങോട്ട് നടന്നു വഴിയരികിൽ വീടുകളിൽ പലരും കാലത്തേ എഴുന്നേറ്റ് മുറ്റമടിയും മറ്റും നടത്തുന്നുണ്ട്. ഓട് മേഞ്ഞൊരു വീടിനു വെളിയിൽ മധ്യവയസ്കനായൊരു മനുഷ്യൻ പല്ലുതേച്ചു കഴിഞ്ഞു കയ്യിലെ നാല് വിരലുകൾ പരമാവധി അണ്ണാക്കിലേക്ക് ആഴ്ത്തി നിന്ന് കാർപ്പിക്കുന്നുണ്ട് ഖാലിദിനത് വളരെ അരോജകമായി തോന്നി അവൻ അങ്ങോട്ട് നോക്കാതെ വേഗത്തിൽ നടന്നു.
പണ്ട് എല്ലാദിവസവും രാവിലെയും വൈകീട്ടും മുടങ്ങാതെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിയുണ്ടാവാറുണ്ട് .രാവിലെയാണ് കുട്ടികളുടെ കളി വൈകീട് ചേട്ടൻമ്മാർ ജോലിയെല്ലാം കഴിഞ്ഞു വന്നു കളിക്കുന്ന സമയമാണ് അന്നേരം ആള് കുറവാണെങ്കിൽ മാത്രം കൂട്ടത്തിൽ നന്നായി കളിക്കുന്നവരുണ്ടെങ്കിൽ കൂട്ടും. അന്നൊക്കെ പിള്ളേർ സെറ്റ് മൊത്തം വൈകീട് സ്കൂൾ കഴിഞ്ഞു ചായ കുടി തീർത്തു ബൂട്ടും കൊണ്ട് വന്നു കാവലിരിക്കും.ചേട്ടന്മാരോടൊപ്പം കളിക്കുക എന്നു പറഞ്ഞാൽ വേൾഡ് കപ്പിന് ഇന്ത്യൻ ടീമിലെടുക്കുന്നതിനു തുല്യമാണ്.അങ്ങനെ എടുത്ത ചുരുക്കം ചിലരെ ടൂര്ണമെന്റുകളിലും മറ്റും ഇറക്കുന്നതും പതിവാണ്. ബാക്കിയുള്ളവർക് അണ്ടർ പതിനാറു പതിനഞ്ചു ഒക്കെ കളിക്കാം അതിനും ചേട്ടന്മാരാണ് മുഴുവൻ സപ്പോർട്ട് അന്ന് ചെറിയ പള്ളിക്കടുത്തുള്ള പള്ളി ബിൽഡിങ്ങിൽ കൈതാരം എഫ് സി എന്നൊരു ക്ലബും ഉണ്ടായിരുന്നു രണ്ടുനില ബില്ഡിങ്ങിന്റെ സ്റ്റെയർ റൂം ആണ് ക്ലബ്.
പണിയില്ലാത്ത ചിലർ മുഴുവൻ സമയവും ബാക്കിയുള്ളവർ രാത്രി കാലങ്ങളിലും സമ്മേളിക്കുന്ന സ്ഥലമായിരുന്നത് കാരംസ് കളിയും ഫുട്ബോൾ,ക്രിക്കറ്റ് മാച്ചുകൾ ടീവിയിൽ കാണാനും അന്ന് അവിടെ ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഇന്നും പള്ളിയിറങ്ങി പോരും വഴി അതാണ് നോക്കിയത് അവിടെയെങ്ങും പണ്ട് വെച്ചിരുന്ന ബോർഡ് കണ്ടില്ല എല്ലാം കലഹരണ പെട്ടിരിക്കണം.