കാലത്തെ സുബ്ഹിക്ക് മുൻപായി ഉമറെഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം കഴിച് രാത്രി കിടക്കുന്നേരം ഉടുത്ത മുണ്ടു മാറ്റി ഒരു ട്രാക് പാന്റും ടി ഷർട്ടും എടുത്തിട്ട് അടുക്കള ലക്ഷ്യമാക്കി നടന്നു.
കാലത്തേ നാലര അഞ്ചു മണിക്കെഴുന്നെല്കുന്ന ശീലം പണ്ടുമുതലേ ഉള്ളതിനാൽ എത്ര വൈകി കിടന്നാലും ആ സമയത് താനേ ഉറക്കം തെളിയും.
അവൻ അടുക്കളയിൽ ചെന്ന് ഒരുപാട് നേരത്തെ തപ്പിപിടുത്തത്തിനൊടുവിൽ ആവശ്യ സാധനങ്ങൾ കണ്ടെത്തി അവൻ ഒരു കട്ടനിട്ടു പഞ്ചാര തപ്പിയിട്ട് കിട്ടാത്തതിനാൽ ഒഴിവാക്കി.അല്ലെങ്കിലും ചായക്കെന്തിനാ പഞ്ചാര ചായക്ക് അതിന്റെ രുചി കിട്ടാൻ പഞ്ചാര ഒഴിവാക്കുന്നതാണുത്തമം അവനോർത്തു.
ബാങ്ക് കൊടുക്കാൻ ഇനിയും സമയം ഉണ്ട് അവൻ ചായയുമായി വീടിനു പുറത്തോട്ടിറങ്ങി.നിലാവിന്റെ നീല വെളിച്ചം പറമ്പിലെ പച്ചപ്പുകൾക്കിടയിലൂടെ അരിച്ചിറങ്ങികൊണ്ടിരുന്നു.അതുകൊണ്ട് തന്നെ കാഴ്ചക്കവന് തടസ്സമൊന്നും നേരിട്ടില്ല
പുത്തൻപുരക്കൽ വീടിന്റെ പുറകിലോട്ട് നീണ്ടുകിടക്കുന്ന ഭൂമിയിൽ തട്ട് തിരിച്ചു ജാതിയും വാഴയും കൃഷികളുണ്ട് ബാക്കി പറമ്പിൽ തെങ്ങ് തേക്ക് മുതൽ തൊട്ടാവാടി വരെ വളർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്. ഈട്ടിയും മഹാഗണിയും മാവും പ്ലാവും എല്ലാം കൊണ്ടും പ്രകൃതിസമ്പന്നമായ ഒരു ഭൂമി. അടുക്കളക്ക് പിന്നിൽ വാതിൽ പടിക്കടുത്തായി ഭൂമി ചെറിയൊരു തട്ടായി തിരിച്ചു വരമ്പ് കീറി പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് കൂടെ കാച്ചിലും മരച്ചീനിയും വേറെയുമുണ്ട്.
നീണ്ടു നിവർന്ന് കിടക്കുന്ന ആ പറമ്പിൽ കുറച്ചു മാറി ഒരു ഔട്ട് ഹൌസുണ്ട് അതിനുമപ്പുറം ചുറ്റുമതിൽ കെട്ടിയ കുളമാണ്. പറമ്പിലേക്കുള്ള കൃഷിക്ക് മുഴുവൻ വെള്ളം അവിടെനിന്നാണ് എടുക്കുന്നത്.
അതിഥികളെ സ്വീകരിക്കാൻ വൈമനസ്യം കാണിച്ചുകൊണ്ട് ആ പടവുകളാകെ കാട് പിടിച്ചു കിടന്നു.ഉമർ കയ്യിലെ ചായയുമായി അതികം കാടുമൂടാത്ത ഒരു പടവിൽ പോയിരുന്നു.കുളത്തിലേക്ക് ചാഞ്ഞുനിക്കുന്ന വരിക്കപ്ലാവിൽ നിന്നും മറ്റു മരങ്ങളിൽ നിന്നും ഇലകൾ വീണു കുളം നിറഞ്ഞു കിടന്നു ഇടയ്ക്കിടെ ബ്രാലുകൾ വെട്ടുന്നുണ്ട്. പരിചയം പുതുക്കാനെന്നവണ്ണം പ്ലാവിന്റെ പഴുത്തോരില്ല അവന്റെ മടിത്തട്ടിലേക് വീണു.
പണ്ട് ഒരുപാട് തവണ കുളം വറ്റിച്ചു മീൻ പിടിച്ച ഓര്മകളവനുണ്ട്.അന്നൊക്കെ ചുറ്റുവട്ടത്തെ മറ്റു കുളങ്ങളെക്കാൾ ബ്രാലുകൾക്ക് പഥ്യം ഇവിടത്തോടായിരുന്നു.ബ്രാലിനെ കൂടാതെ കോലാനും കൂരിയും കൊണ്ട് നിറഞ്ഞ കുളം.അതുകൊണ്ട് തന്നെ എല്ലാക്കൊല്ലവും കുളം പിടിക്കാൻ വരുന്ന സുധി ചേട്ടനും കൂട്ടുകാരും വാപ്പി പറയുന്ന പൈസ കൊടുത്തു എടുക്കാനും തയ്യാറായിരുന്നു.