ആളുകൾ പോയ ശേഷം പായയും മറ്റും ചുരുട്ടി ഉള്ളിലേക്കു വെച്ച് ഹസ്സൻ ഉമ്മാക്കും വെല്ലുപ്പാക്കും ഒപ്പം വീട്ടിലേക് നടന്നു. രണ്ടാളും വളരെ മൂകമായിരുന്നതാവാണ് ശ്രദ്ധിച്ചെങ്കിലും കൂടുതലായൊന്നും ചോദിച്ചില്ല അവനോരോന്ന് പറഞ്ഞുകൊണ്ട് നടന്നു.
വീട്ടിലെത്തി ഭക്ഷണം കഴിച്ച ഹസ്സൻ കാലത്തെ കടലിൽ പോവേണ്ടതിനാൽ പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു.
വീടിന്റെ തിട്ടയിൽ ആകാശം നോക്കിയിരിക്കുകയായിരുന്ന ഉമയ്യദിനടുത്തായ് ഹലീമ വന്നിരുന്നു.
“ഉപ്പാ ഉപ്പ പറഞ്ഞത് ശരിയാണോ…അവൻ ജീവിച്ചിരിപ്പുണ്ടോ …”?
മൗനം ബേധിച്ചവൾ സംസാരം തുടങ്ങി.
“ഞാൻ പറഞ്ഞത് കളവാണ് എന്ന് തോന്നുന്നുണ്ടോ ഹലീമ…?” അയാൾ ദേഷ്യത്തോടെ മകളെ നോക്കി.
“അങ്ങനെയല്ല ഉപ്പാ അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ …?”
“ഉമ്മയെ ചതിച്ചു കൊല്ലാൻ കൂട്ടുനിന്ന മാതൃ സഹോദരിയോടും വൃദ്ധനായ മുത്തശ്ശനോടും അവനെന്ത് ചെയ്യും എന്നല്ലേ…?”
ഹലീമ കുറ്റബോധത്തിന്റെ ഭാരത്തിൽ തല കുമ്പിട്ടിരുന്നു കരഞ്ഞു.ഉമയ്യദ് അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
“സത്യം അറിഞ്ഞ ശേഷം അവനെന്ത് ചെയ്യുമെന്നെനിക്കറിയില്ല ഹലീമ. പക്ഷെ അവൻ അറിഞ്ഞോ അറിയാതെയോ
മുദ്രമോതിരം മാതൃവിയോഗത്തിന്റെ കണ്ണുനീരിൽ കഴുകി അല്ലാഹുവിന്റെ നാമത്തിൽ രക്തബന്ധനം ചെയ്തിരിക്കുന്നു.അവനിലെന്ത് ശക്തിയാണുള്ളതെന്നെനിക്കറിയില്ല ഹലീമ ഇന്നുവരെ ആ മോതിരം ധരിച്ച ആരെക്കാളും ശക്തനാണവൻ എന്ന് മാത്രം എനിക്കറിയാം.
എനിക്കെങ്ങനെ അവനെ കുറിച്ച് മനസ്സിലായെന്ന് നീ ചോദിച്ചില്ലേ ഇത് കാണു..”
ഉമയ്യദ് തന്റെ മകൾക്ക് പുറം തിരിഞ്ഞു നിന്ന് തന്റെ നീളൻ മേൽക്കുപ്പായം അഴിച്ചു മാറ്റി അയാളുടെ കഴുത്തിന് തുടക്കത്തിൽ മോതിരത്തിന്റെ മുദ്ര പഴുപ്പിച്ചു കുത്തിയ പാടും താഴേക്കായി പുറം മുഴുവൻ നീണ്ടു വിണ്ടു കീറിയും ഇരുന്നു. അതിൽനിന്ന് അസഹനീയമാം വിധം തപം വമിച്ചുകൊണ്ടിരുന്നു.
ഒരു നോട്ടം നോക്കിയ ഹലീമ സഹിക്കാനാവാത്ത മനംപുരട്ടലിൽ മുഖം തിരിഞ്ഞു നിന്നു .
അവളുടെ ഏങ്ങലടി ഉച്ചസ്ഥായിലെത്തിയിരുന്നു പേടിയും കുറ്റബോധവും കാർന്നു തിന്ന മനസ്സിൽ ചെയ്തുപോയ പാപങ്ങളുടെ കൂട്ടികിഴിക്കലുകൾ അവർ നടത്തിക്കൊണ്ടിരുന്നു.
ഉമയ്യദ് തിരികെ തന്റെ കുപ്പായം ധരിച്ചു മകളെ സമാധാനിപ്പിച്ചു മുറിയിലാക്കിയ ശേഷം പള്ളിയിലേക്കു നടന്നു.
ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം തേടാൻ വരുന്ന മഹാവിപത്തിനെ തടയാൻ അല്ലാഹുവിനല്ലാതെ ആർക്കും സാധിക്കില്ലെന്നു അയാൾ മനസ്സിലാക്കിയിരുന്നു.
പുത്തൻപുരക്കൽ..