“നായ്ക്കെപ്പഴും തീറ്റക്കാര്യം മാത്രോള്ളൂ ഇപ്പോഴും മാറ്റൊന്നുല്ലല്ലോ…?”
ഉമറവനെ ഒന്നാക്കി ചിരിച്ചു.അതിനു മാത്രം മാറ്റമില്ലെന്ന് വട്ടം കൂടി നിന്നവരും പറഞ്ഞു ചിരിച്ചു.
“നിങ്ങ വാടാ കളിക്കാ ആള് കുറവാ…”
സുധി ചേട്ടൻ അവരെ വിളിച്ചു പിന്നീടൊരിക്കലാവാം എന്ന് പറഞ്ഞു അവരത് സ്നേഹത്തോടെ നിരസിച്ചു.
“എന്ന ഗോളി നിക്ക് അപ്പൊ കറക്ട് ഏഴാവും ആളെണ്ണം കുറവാ..”
സുഹൈൽ അവരെ വീണ്ടും നിർബന്ധിച്ചു.
അതവർ ശിരസാവഹിച്ചു ഗ്രൗണ്ടിലിറങ്ങി കളിച്ചു.ആദ്യം ഗോളി നിന്നെങ്കിലും കളി മുറുകിയ ആവേശത്തിൽ രണ്ടാളും കളിക്കാനും ഇറങ്ങി ആറരയോടടുപ്പിച്ചു ഓരോരുത്തരായി ജോലിക്കും മറ്റും പോകാൻ വേണ്ടി കൊഴിഞ്ഞു തുടങ്ങി.ഏകദേശം വെയിൽ വീണു തുടങ്ങി ആളെണ്ണം ഒരു ടീമിൽ അഞ്ച് എന്ന അവസ്ഥ വന്നപ്പോളവർ കളി നിർത്തി ഗ്രൗണ്ടിൽ തന്നെ കിതപ്പടക്കാൻ ഇരുന്നു.
അന്നേരം കൊണ്ടവർ അവിടെയുണ്ടായിരുന്ന ബാക്കിയുള്ളവരെ കൂടി പരിചയപെട്ടു.പലരും അവരോടപ്പം തന്നെ കളിച്ചു വളർന്നവർ തന്നെയായിരുന്നു ചിലർ പുതുമുഖങ്ങളാണ്.അടുത്ത കൂട്ടുകാരായിട്ടുള്ള ചിലർ നാട് വിട്ട് ജോലിക്കും മറ്റും പോയതായും ചുരുക്കം ചിലർ വീട് വിറ്റു പോയതായും അവരറിഞ്ഞു.
“ടാ നിങ്ങൾ രണ്ടിന്റേം ടച് പോയിട്ടില്ലല്ലോ ഒരാഴ്‌ച ശരിക്ക് കളിച്ചാ അടുത്താഴ്ച ചിറ്റൂർ ടൂർണമെന്റിന് ഇറങ്ങാം”..
സുധി അവരെ ഒന്ന് പ്രോത്സാഹിപ്പിച്ചു. അതിനവർ ഒന്ന് ചിരിച്ചുകൊണ്ട് നോക്കാം എന്ന് മറുപടി നൽകി
“അല്ല സുധിയേട്ടാ ഇപ്പൊ കാലത്തു പിള്ളേർ സെറ്റൊന്നും കളിക്കാറില്ലേ”?
മുതിർന്നവരല്ലാത്ത ആരെയും കാണാത്ത കൗദുഗത്തിൽ ഖാലിദ് ചോദിച്ചു.
“ഇല്ലടാ ഇപ്പൊ പിള്ളേരൊക്കെ പബ്‌ജി,ഫ്രീ ഫയർ ഒക്കെ ആയിട്ട് ഫുൾ മൊബൈൽ കളിയല്ലേ..പുറത്തോട്ട് കാണാനേ ഇല്ല ആകെ ഒന്നോ രണ്ടോ പേര് വരും അതും കാലത്തു വരില്ല രാത്രി മൊത്തം ഗെയിം കളിച്ചു ഒരു മണിക്കൊക്കെ ആണ് എല്ലാതും കിടക്കണത് തന്നെ. സ്കൂളിൽ പോയി വന്നിട്ട് വൈകീട് വരും.അതും അവർക്കു മൂഡ് ഉണ്ടെങ്കിൽ.ഇല്ലെങ്ങി നമ്മളൊക്കെ തന്നെടാ.
പണ്ട് നമ്മളോടൊക്കെ വീട്ടിലിരിക്കാനല്ലേ പറയാറ് ഇപ്പൊ വീട്ടീന്ന് ഇറങ്ങാനാണ് കാർന്നോമ്മാരൊക്കെ പിള്ളേരോട് പറയണത് നേരെ ഉൾടയാ ഇപ്പൊ.”
സുധിയേട്ടന്റെ പറച്ചിലും ശൈലിയും കണ്ടു എല്ലാരും ചിരിച്ചു.
“ക്ലബ്ബിപ്പോ ഇല്ലേ ?”
“ഉണ്ടല്ലോ നമ്മൾ സ്ഥലം മാറ്റി.നിങ്ങളുടെ തന്നെ ബിൽഡിങ് ഉണ്ടല്ലോ പള്ളി കഴിഞ്ഞു പോകും വഴി റോഡ് സൈഡിൽ അതിലാണിപ്പോ ക്ലബ്. പള്ളി ബിൽഡിങ്ങിൽ ക്ലബ് പറ്റില്ലെന്ന് പറഞ്ഞു കമ്മറ്റിക്കാർ പ്രശ്നം ഉണ്ടാക്കിയ ടൈമിൽ നിങ്ങടെ വാപ്പ ആയിരുന്നു സോൾവ് ചെയ്തേ ആള് തന്നെയാണ് റൂമും സെറ്റാക്കി തന്നത്.”