കുപ്പിവളകൾ പറഞ്ഞത് 8

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ക്ലാവ് പിടിച്ച നാഴികമണിയിലെ നാവു പോലെ മെല്ലെ മെല്ലെ അയാളുടെ നാവുകൾ ചലിച്ചു..”ശ്രീക്കുട്ടി…….. ”

കാലം തന്റെ കരവിരുത് കാണിച്ച ആ മുഖം കാലമിത്ര കഴിഞ്ഞിട്ടും അയാൾക്കു ഒരു ചെറിയ സംശയം പോലും തോന്നിയില്ല..അവൾ കരഞ്ഞു കൊണ്ട് അയാളുടെ അടുത്തേയ്ക്ക് ഓടിയെത്തി നെഞ്ചോട് ചേർന്നു നിന്നു. കണ്ണുകളിൽ നിന്നും തീരാനഷ്ടങ്ങളുടെയും കൊടിയ പശ്ചാത്താപത്തിന്റെയും നൊമ്പരം അണപൊട്ടിയൊഴുകി.

“അഭിനയിച്ചു മടുത്തു കുഞ്ഞേട്ടാ, എനിക്ക് ഒരു ദിവസമെങ്കിലും ആ പഴയ ശ്രീക്കുട്ടിയാവണം”

അയാളുടെ ചുണ്ടുകളിൽ ഒരു ചിരി തെളിഞ്ഞു.

അവർ ഒരുമിച്ചു കാവിൽ വിളക്ക് തെളിച്ചു. തിരിച്ചു വരുമ്പോൾ അവളുടെ കയ്യിൽ കോറി വലിച്ച മുൾച്ചെടി അയാൾ പതിയെ പിഴുതെടുത്ത് കളഞ്ഞു. നീറുന്ന കയ്യിൽ അപ്പച്ചെടി തേച്ചു. കുഞ്ഞേട്ടന് ഒരു മാറ്റവുമില്ല. അവൾ കൊഞ്ചി. പൂമുഖത്തിരുന്ന് കഥകൾ പറഞ്ഞു ..അയാൾ തന്റെ മടിയിൽ നിന്നും പഴയ കുറെ കുപ്പിവളകലെടുത്ത് അവൾക്കു നൽകി. അവൾ ആശ്ചര്യപ്പെട്ടു. ഞാൻ വരുമെന്ന് എങ്ങനെ അറിഞ്ഞു. എന്നെങ്കിലും നീ വരുമെന്ന് എനിക്കറിയാമായിരുന്നു. അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കവിളിൽ നുള്ളിക്കൊണ്ടു അവൻ വിളിച്ചു, ശ്രീക്കുട്ടി…

ആ രാത്രി പുലർന്നപ്പോൾ അവൾ ഞെട്ടി എണീറ്റു. മുന്നിൽ ഒരാൾ. :ആരാ..എവിടുന്നാ..”, ഞാൻ സുലേഖ..ഇവിടത്തെ ആണ്. കുറെ കാലായി വന്നിട്ട്.”

“ഓ..മനസ്സിലായി..മനസ്സിലായി..കുറെ കേട്ടിരിക്കുന്നു..പരിഹാസം തുളുമ്പുന്ന വാക്കുകളിൽ അയാൾ പറഞ്ഞു.”

“ഇവിടെ കുഞ്ഞേട്ടൻ ഉണ്ടാരുന്നു..അല്ല..ഉണ്ണികൃഷ്ണൻ..മേലേടത്തെ ലക്ഷിയമ്മേടെ മകൻ..ഇപ്പൊ കാണാനില്ല”.

“നിങ്ങൾ എന്തൊക്കെയാ പുലമ്പുന്നത്..അയാളൊക്കെ മരിച്ചിട്ടു നാലഞ്ചു വർഷമായി..അവരുടെ വീടൊക്കെ വിറ്റു”.

മനസ്സിലാകെ കറുപ്പ് നിറം പടർന്നതുപോലെ. മുന്നിൽ കാണുന്നതൊക്കെ കറുത്ത് ചടച്ച നിഴൽരൂപങ്ങൾ.

“ഈ വീടും ഇങ്ങനെ കിടക്കുകയാ..പാമ്പും പഴുതാരയും നിറഞ്ഞു വൃത്തിയാക്കാൻ പോലും ആരുമില്ല..ഉണ്ണി മരിക്കും വരെ എന്നും വന്നു വൃത്തിയാകുമായിരുന്നു..നാലഞ്ചു വർഷം മുന്നേ എന്തോ ഒരു പനി വന്നാണയാൾ മരിച്ചത്.”

“നിങ്ങൾ പോകുമ്പോ ഇതൊന്നു വിറ്റിട്ടു പൊക്കൊളു”

അയാൾ വീണ്ടും എന്തെല്ലാമോ പറഞ്ഞു. താൻ സ്വപ്നം കാണുകയായിരുന്നോ..പക്ഷെ അസ്ഥിത്തറയിൽ എണ്ണ വറ്റിയിരുന്നില്ല അപ്പോഴും.

പൂമുഖത്തു പൊട്ടി വീണ കുപ്പിവളത്തുണ്ടുകൾ. അവളുടെ കൈത്തണ്ടയിൽ അപ്പയുടെ പച്ച നിറം ..നീറുന്നു കൈത്തണ്ട. അവൾ തിരിച്ചു പോവാനെണീറ്റു. വീണ്ടും സുലേഖ ഭാസ്കറിന്റെ കുപ്പായം എടുത്തണിയാൻ തയ്യാറെടുത്തു. മനസ്സ് മുഴുവൻ കലങ്ങി മറിഞ്ഞിരിക്കുന്നു. തിരിഞ്ഞു നോക്കവേ പൂമുഖത്തു അയാളുടെ നിഴൽ രൂപം തെളിഞ്ഞു വന്നു. പൊട്ടിക്കിടന്ന കുപ്പിവളകളിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നു. കാവിൽ അപ്പോളും കാലൊച്ചകൾ നിലച്ചിരുന്നില്ല. അങ്ങ് ദൂരെ അസ്ഥിത്തറയിൽ ഒരു തിരി തെളിഞ്ഞു നിന്നു. വീണ്ടും ആർക്കോ വേണ്ടി കാതോർത്ത്. കണ്ണും നട്ട്…

Updated: June 13, 2018 — 8:44 pm