പൊട്ടിത്തകർന്ന കുപ്പിവളകളിൽ നിന്നും രക്തം ഇട്ടു വീഴുന്നത് കണ്ടു കരഞ്ഞിട്ടുണ്ട്. ആ രക്തം തൻ്റെ ഹൃദയത്തിൽ കോറി വരച്ച മുറിവിൽ നിന്നാണോ എന്നോർത്ത് വിതുമ്പാറുണ്ട്..ഏതോ ഒരു കോണിൽ മൺചെരാതും, കുപ്പിവളകളും, ഇടനാഴിയും, അമ്പലവും, കാവും മായാതെ കിടന്നു.
ചായം തേച്ച സ്നേഹത്തിൽ നിന്നും തെളിനീർ തുളുമ്പുന്ന പ്രണയം ഉതിർന്നു മാറ്റാൻ അവൾക്കു പതിനാറു വർഷങ്ങൾ വേണ്ടി വന്നു. അങ്ങനെ വീണ്ടും തന്റെ മണ്ണിലേക്ക്. തറവാടിന്റെ മുറ്റത്തു ടാക്സി വന്നു നിന്നപ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞു. അഹങ്കാരത്തോടെ തലയുയർത്തി നിന്നിരുന്ന മേലെക്കൽ തറവാട് ദൂരെ നിന്നും ഒരു പ്രേതഭവനം പോലെ തോന്നിച്ചു.
കാട് പിടിച്ചു കിടക്കുന്ന് വീടും ചുറ്റുപാടും. അവളുടെ നെഞ്ചിൽ ഒരു സൂചിമുന തറഞ്ഞു കയറി..അച്ഛൻ, അമ്മ, എവിടെ അവരെല്ലാം..പണ്ടൊരിക്കൽ ഫോൺ വിളിച്ചപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിലുണ്ട്..”ദയവു ചെയ്തു ഇനി നീ വിളിക്കരുത്..വളർത്തി വലുതാക്കിയ ഒരു നിമിഷമെങ്കിലും ഓർമയിൽ ഉണ്ടെങ്കിൽ ഞങ്ങളെ ഇനി ബുദ്ധിമുട്ടിക്കരുത് ..”
അതിനു ശേഷം പത്തു പന്ത്രണ്ടു വർഷമായി..അവരെല്ലാം എവിടെപ്പോയി. അവളുടെ ശിരസ്സിലൂടെ ഒരു മരവിപ്പ് താഴേയ്ക്ക് പടർന്നിറങ്ങി. കാവും കുളവും ജീർണിച്ചു കിടക്കുന്നു. പടിപ്പുര ഇപ്പോൾത്തന്നെ പൊളിഞ്ഞു വീഴുമെന്നു തോന്നും. അപ്പൂപ്പന്റെ ചാരുകസേര കാലൊടിഞ്ഞു ഒരു മൂലയ്ക്ക് കിടക്കുന്നു. പൂമുഖത്തു തൂക്കുവിളക്കിന്റെ കൊളുത്തു ആരെയോ കാക്കുന്നത് പോലെ തോന്നി. തൊടിയിലേക്കിറങ്ങിയപ്പോൾ അവളുടെ കാലുകൾ വിറച്ചു. പിച്ച വെച്ച് നടന്ന വഴികൾ അവൾക്കു അപരിചിതമായി തോന്നി. പെട്ടെന്ന് അങ്ങ് ദൂരെ അവൾ അത് കണ്ടു. വാരി വരിയായി നാല് അസ്ഥിത്തറകൾ. ചുറ്റും കാട് പിടിച്ചു കിടക്കുന്നു. .പക്ഷെ അതിൽ കെട്ടു പോയ തിരിയും ഇറ്റു വീഴുന്ന എണ്ണയും. ഉള്ളിൽ നിന്ന് അറിയാതെ ഒരു തേങ്ങൽ. സന്ധ്യ മയങ്ങാറായിരിക്കുണൂ. അവൾ മെല്ലെ പൂമുഖത്തേക്കു കയറി. എന്ത് ചെയ്യും എന്ന് ഒരു രൂപവുമില്ല. പെട്ടെന്ന് പിന്നാമ്പുറത്തൊരു കാലൊച്ച കെട്ടു.
തന്റെ കണ്ണുകളെ അവൾക്കു വിശ്വസിക്കാനായില്ല. കയ്യിൽ എണ്ണയും വിളക്കുമായി ഒരാൾ. മെലിഞ്ഞുണങ്ങി താടിയും മുടിയുമായി ഒരു ഭ്രാന്തൻ. അയാൾ അസ്ഥിത്തറയിൽ വിളക്ക് വെക്കുന്നു. അവൾക്കു ഭയം തോന്നി. അയാൾ പതുക്കെ കാവിനരികിലേക്കു നീങ്ങി. അവൾ പതിയെ പിന്നാലെ ചെന്നു. അവിടെ അയാൾ ചെരാതുകൾ തെളിയിക്കുന്നു. അവളുടെ തേങ്ങൽ കേട്ടു അയാൾ തിരിഞ്ഞു നോക്കി. ജീവൻ നഷ്ടമായിക്കൊണ്ടിരുന്ന ആ കണ്ണുകളിൽ പൊടുന്നനെ വെളിച്ചം നിറഞ്ഞതുപോലെ.