ആദ്യമായി ദാവണി ചുറ്റിയ ദിവസം കയ്യിൽ ആരും കാണാതെ ഇട്ടു തന്ന ചുവന്ന കുപ്പിവളകൾ, പിന്നെന്നോ അമ്പലമുറ്റത്തെ ആൽത്തറക്കു താഴെ നിന്ന് ചാർത്തിയ ചന്ദനത്തിന്റെ തണുപ്പ്, കാവിൽ വിളക്കു വെക്കുന്ന അവൾക്കു പേടി മാറാൻ ആരും കാണാതെ കൂട്ട് നിൽക്കുന്നത് കണ്ട മൺചെരാത്. ഒക്കെയും ആ പ്രണയത്തിനു സാക്ഷികളായി.
ടൗണിലെ കോളേജിൽ ഉയർന്ന വിദ്യാഭാസം തേടി പോയപ്പോളും അവനു താല്പര്യം നാട്ടിൽ ജന്മിത്വം വിളിച്ചോതുന്ന വയലും പറമ്പും സംരക്ഷിക്കലായിരുന്നു. അവരുടെ കല്യാണക്കാര്യം വീട്ടിൽ ചർച്ചയായത് വളരെപ്പെട്ടെന്നായിരുന്നു. മുറപ്രകാരമുള്ള കല്യാണം അന്യം നിന്നിട്ടൊന്നുമില്ല ഏട്ടാ..അവനു അവളെ മതി എന്ന് അപ്പച്ചി വന്നു പറഞ്ഞതും ജാതകം ചേർത്ത് വെച്ച് അച്ഛൻ തീരുമാനിച്ചതും എല്ലാം അവൾ അറിയാതെ ആയിരുന്നു.
അത്തവണ അവൾ അവധിക്കു വന്നത് ഒരു സന്തോഷ വർത്തയുമായാണ്..തനിക്കു ദൂരെ ഒരു വലിയ കമ്പനിയിൽ ജോലി കിട്ടിയിട്ടുണ്ട്..രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ജോയിൻ ചെയ്യണം..അപ്പോളേക്കും റിസൾട്ടും വരും..എന്തായാലും കോഴ്സ് കഴിഞ്ഞല്ലോ. സന്തോഷം കൊണ്ട് എല്ലാവരും മതി മറന്നപ്പോളാണ് ‘അമ്മ അക്കാര്യം പറഞ്ഞത്..മോളെ കുഞ്ഞനോടൊന്നു ചോദിച്ചിട്ടാവാം..അവൻ ഇവിടത്തെ കാര്യങ്ങളൊക്കെ വിട്ടു അങ്ങോട്ടൊക്കെ വരൊ.
അവളുടെ കണ്ണുകൾ ജ്വലിച്ചു. എന്റെ കാര്യങ്ങൾ മറ്റൊരാളോടെന്തിന് ചോദിക്കണം. അയാൾ എന്റെ ആരാ.
പടി കടന്നു വന്ന അവന്റെ കാതിൽ തീക്കനൽ പോലെ ആ വാക്കുകൾ വന്നു പതിച്ചു. ഒരു നിമിഷം ആ പടിക്കൽ നിശ്ചലം നിന്ന ആ കാലുകൾ പുറകോട്ടു മെല്ലെ വലിഞ്ഞു. പാടത്തിനു നടുവിലെ വഴിയിൽ ഉച്ചചൂടേറ്റു വാടിയ നെൽനാമ്പുകൾ അവന്റെ കണ്ണുനീരിനു കൈലേസായി. നീർക്കണങ്ങളാൽ മങ്ങിയ കണ്ണുകളിൽ അവളുടെ അകൽച്ച തെളിഞ്ഞു വന്നു. കുഞ്ഞേട്ടാ എന്ന വിളികളിൽ വന്ന മാറ്റം, തൊട്ടുരുമ്മി നടക്കാൻ കൊതിച്ച ഇടനാഴികളിൽ ഇഴഞ്ഞു വീണ ഇരുട്ട്, അവധികൾക്കിടയിലെ ദൈർഖ്യം, അങ്ങനെ പലതും..അവൾ സമ്മാനിച്ച ആദ്യ ചുംബനത്തിന്റെ ചൂട് അവന്റെ നെഞ്ചിൽ കിടന്നു പൊള്ളി.പതുക്കെ അവൻ തൻ്റെ മാളത്തിലേയ്ക്ക് ഉൾവലിയപ്പെട്ടു. കുറെ ഓർമകളുമായി…
പിറ്റേ ദിവസം ആ വീടുണർന്നതു ഒരു നിലവിളിയോടെയാണ്.. പഞ്ചവർണ്ണക്കിളിയുടെ പാട്ടു നിലച്ച കൂടു പോലെ അവളുടെ മുറിയും, അവിടെ അവൾ ഉപേക്ഷിച്ച കുപ്പിവളകളും അനാഥമായി കിടന്നു.
പതിയെ അവൾ സുലേഖ ഭാസ്കർ എന്ന പരിഷ്കാരത്തിന്റെ കുപ്പായം എടുത്തണിഞ്ഞു. ഭാസ്കർ എന്ന തൻ്റെ കാമുകനോടൊപ്പം ഓടിപ്പോയ രാത്രിയെക്കുറിച്ചോർത്ത് അധികമൊന്നും അവൾ പരിതപിച്ചില്ല. അഞ്ചാറു വർഷങ്ങൾ അങ്ങനെ അവർ മറ്റൊരു രാജ്യത്തു സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തു കൊണ്ട് കഴിഞ്ഞു. കോടീശ്വരനായ ഭർത്താവിന്റെ പത്നിയായി വലിയ ഒരു ഉദ്യോഗസ്ഥയായി അവൾ തൻ്റെ ജീവിതം ആഘോഷിച്ചു. എന്നാൽ മിക്ക രാവുകളിലും അവൾ പഴയ ശ്രീക്കുട്ടിയായി. നനുത്ത പ്രഭാതങ്ങളിൽ പലപ്പോഴും കുപ്പിവളകൾ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു.