Author: Manju P
തുലാവർഷപ്പച്ചനിറഞ്ഞ നെടുമ്പാശ്ശേരിയുടെ മണ്ണിൽ വിമാനം കിതച്ചു നിന്നപ്പോൾ അവളുടെ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നു.
ഈശ്വരാ, എന്ത് ധൈര്യത്തിലാണ് താൻ ഈ നാട്ടിൽ വന്നത്. ഇന്നലെ കഴിഞ്ഞ പോലെ എല്ലാം.. ഒരു പുലർകാലേ കണ്ടുണർന്ന സ്വപ്നത്തിന്റെ ചിറകിലേറി കാതങ്ങൾതാണ്ടി എന്തിനായിരുന്നു തിരികെയുള്ള ഈ യാത്ര? എടുത്തു ചാടി ഈ തീരുമാനം എടുക്കേണ്ടതില്ലായിരുന്നു. താൻ മറക്കാൻ ശ്രമിക്കുന്ന, എന്നാൽ ദിനംപ്രതി കൂടുതൽ തെളിഞ്ഞു വരുന്ന ചിത്രങ്ങൾ. ഇവിടെ എല്ലാവരും എന്നോടൊപ്പം എല്ലാം മറന്നിരിക്കുമോ?
ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഒരു കാർ പിടിച്ചു തൻ്റെ കൊച്ചു ഗ്രാമത്തിലേക്ക്………ഒരു കാലത്തു തൻ്റെ എല്ലാമായിരുന്ന തറവാട്ടിലേക്ക്.
പുറത്ത് ഇന്നലെപ്പെയ്തോഴിഞ്ഞുമറഞ്ഞ മഴയുടെ നനവ്. ഒരു തണുത്ത കാറ്റിൽ കണ്ണുകൾ തനിയെ അടഞ്ഞു. എ സി വേണ്ട എന്ന് ഡ്രൈവറോട് പറഞ്ഞത് തന്നെ ഈ കുളിർമ മുഖത്ത് തട്ടാനാണ്. കൃത്രിമത്തണുപ്പിൽ പുതച്ചു മൂടിക്കഴിഞ്ഞ പതിനാറു വർഷങ്ങൾ. ആ കരിമ്പടം കീറി മാറ്റി ഇന്നിതാ സുലേഖ ഭാസ്കർ പഴയ ശ്രീകുട്ടിയായി മാറുന്നു. ഒരു പൂമ്പാറ്റ പ്യൂപ്പയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ലാഘവത്തോടെ.
അവളുടെ കണ്ണുകളിൽ ഒരു മഞ്ഞുതുള്ളി പോലെ ആ ഓർമ്മകൾ ചിറകടിച്ചു. തിളങ്ങുന്ന പാട്ടുപാവാടയിൽ തത്തിക്കളിച്ച ബാല്യം..തുമ്പികളെ പിടിച്ചും,അപ്പൂപ്പൻ താടി പറപ്പിച്ചും, മുത്തച്ഛന്റെ നെഞ്ചിലെ ചൂടിൽ കഥകൾ കേട്ടുറങ്ങിയും, മുത്തശ്ശിയുടെ കൈവിരൽതുമ്പിൽ തൂങ്ങി അമ്പോറ്റിക്കു മുന്നിൽ വണങ്ങി അതിരാവിലെ കെട്ടിയ തുളസിമാല ചാർത്താൻ കൊടുത്തും, വളർന്നു വന്ന നിഷ്കളങ്കയായ ശ്രീക്കുട്ടി. അമ്മ ചുട്ടുകൂട്ടിയ ദോശയുടെ സ്വാദ് എന്താണെന്നറിയാൻ അച്ഛൻ വാരിത്തരണമായിരുന്നു..എല്ലാവരും കൊഞ്ചിച്ചു വളർത്തിയ രാജകുമാരി, അതായിരുന്നു അവൾ. അവളുടെ എല്ലാ വികൃതികൾക്കും ശിക്ഷ വാങ്ങുന്ന ഒരു കൊച്ചു കൂട്ടുകാരനും അവൾക്കുണ്ടായിരുന്നു.അവളുടെ കുഞ്ഞേട്ടൻ. ശ്രീകുട്ടിക്ക് ഏറ്റവും ഇഷ്ടം കുഞ്ഞേട്ടനെയാണെന്നു പറഞ്ഞാൽ എന്തും സാധിച്ചു തരുമായിരുന്നു ആ പാവം.
അങ്ങനെ കളിച്ചു നടന്ന ബാല്യത്തിൽ നിന്നും കൗമാരത്തിന്റെ തുടിപ്പിലേക്കും പിന്നെ യൗവനത്തിന്റെ നിറത്തിലേക്കും അവൾ ചുവടു വെച്ചപ്പോൾ ആ കളിചിരികളുടെ അർഥം മാറി..ആദ്യത്തെ മുഖക്കുരു കവിളിൽ കണ്ട സങ്കടം കൊണ്ട് അമ്മുചേച്ചിടെ കല്യാണം കൂടില്ലെന്നു പറഞ്ഞു വാശി പിടിച്ച ശ്രീക്കുട്ടിയുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞു. എന്റെ ശ്രീകുട്ടിക്ക് കണ്ണ് പെടാതിരിക്കാനാ ഈ മുഖക്കുരുവിന്റെ കുഞ്ഞുപാടുകൾ. ആരും കാണാതെ ആ മുഖക്കുരുവിനെ താലോലിക്കുമായിരുന്നു അവൾ പിന്നീടെന്നും.