ഏഴാം കടലും കടന്ന് … ഭാഗം – 2 146

” …. പക്ഷെ, ഈ യാന്ത്രിക ജീവിതത്തിൽ നിന്ന് തിരികെ വരണമെന്നും മനുഷ്യനെ പോലെ ജീവിക്കണമെന്നും അവനു തോന്നേണ്ടേ ദീപ്തി. നിന്നെക്കാളേറെ അവൻ തിരികെ വരണമെന്ന് ആഗ്രഹിക്കുന്നത് ഞാനാണെന്ന് നിനക്കറിയാമല്ലോ, നമ്മൾ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ, അവനും കൂടി തോന്നേണ്ടേ ” സുദീപ് പകുതിയിൽ നിർത്തി.

“കൂടാതെ നമ്മളവന് വേണ്ടിയെടുത്ത തീരുമാനങ്ങളെല്ലാം തെറ്റിയിട്ടല്ലേ ഉള്ളൂ…”

ദീപ്തി ഒരു ദീർഘ നിശ്വാസത്തോടെ മിണ്ടാതിരുന്നു. അവളുടെ ഉള്ളിൽ ഓർമ്മകൾ തിരയടിക്കുകയായിരുന്നു.

  1. ഏഴാം കടലും കടന്ന് ….  ആൽക്കെമിസ്റ്റ്
    ഭാഗം -2

ഒന്നാം ഭാഗം ഇവിടെ വായിക്കാം

സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കൊമേഴ്‌സ്, ബാംഗ്ലൂർ.

വർഷം 2000. പുതിയ മില്ലേനിയത്തിലേക്ക് ലോകം കാലെടുത്തു വെച്ചതിന്റെ ആവേശവും ആഘോഷവും കഴിഞ്ഞിട്ടില്ല ബാംഗ്ലൂരിൽ. ബാംഗ്ലൂർ എന്നും ആവേശമായിരുന്നു, പ്രത്യേകിച്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക്. അങ്ങനെയാണ് തമിഴ് ബ്രാഹ്മിൻ കുടുംബത്തിൽ നിന്നും ദീപ്തി ബാംഗ്ലൂരിൽ എത്തുന്നത്.  ബാംഗ്ലൂരിൽ പഠിക്കാൻ വരുന്നതിൽ ഭൂരിഭാഗവും ജീവിതം ആസ്വദിക്കാനും അടിച്ചുപൊളിക്കാനുമാണ്. ചെറിയ നിയന്ത്രണങ്ങളൊക്കെ ഉണ്ടെങ്കിലും ആവശ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിരുന്ന കോളേജായിരുന്നതു കൊണ്ട് ദീപ്തി സന്തുഷ്ടയായിരുന്നു. ആവശ്യത്തിലേറെയുള്ള സ്വാതന്ത്ര്യവും ഫ്രീഡവും അവൾ ആഗ്രഹിച്ചിരുന്നുമില്ല. ക്‌ളാസ്സുകൾ തുടങ്ങി ദിവസങ്ങളെ ആയിട്ടുള്ളൂ. അന്നൊരു ഫ്രൈഡേ ആയിരുന്നു. വീക്കെൻഡ് എങ്ങനെ ആഘോഷിക്കാം എന്ന ചിന്തയിലാണ് ദീപ്തി. ആ സമയത്താണ് ഒരു ബാക്ക്പാക്കുമായി ഒരു പയ്യൻ കടന്നുവന്ന് തന്റെ തൊട്ടുമുന്നിൽ സീറ്റിൽ വന്നിരുന്നത്. തടിച്ച, എന്നാൽ അത്യാവശ്യം ഉയരമുള്ള, പ്രത്യക്ഷത്തിൽ തന്നെ ഒരു ഗ്രാമീണ ലുക്കുള്ള ആ പയ്യൻ കടന്നു വന്നത്.  അവന്റെ നടപ്പും ലുക്കും ദീപ്തിയിൽ ചിരിയാണുയർത്തിയത്. എങ്കിലും അവളവനെ വിഷ് ചെയ്തു.

“ഹെലോ , ആം ദീപ്തി, ദീപ്തി രാമേശ്വർ .” ഒഴുകുന്ന ഇംഗ്ലീഷിൽ ദീപ്തി പറഞ്ഞു.

“ഹെലോ,” അവൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു തിരിഞ്ഞിരുന്നു.

ദീപ്തിക്ക് ദേഷ്യം വന്നുവെങ്കിലും അപ്പോഴേക്കും മിസ് വന്നതുകൊണ്ട് പിന്നീട് ഒന്നും പറഞ്ഞില്ല.

ദിവസങ്ങൾ കടന്നുപോയി. പുതിയ പയ്യൻ ഒരു മാറ്റവുമില്ലാതെ തുടർന്നു. പ്രശസ്തമായ, നല്ല റേറ്റിംഗ് ഉള്ള കോളേജ് ആയതു കൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ളവർ അവിടെ ഉണ്ടായിരുന്നു. ബി കോം ആദ്യ വർഷ ബാച്ചിൽ ആകെ 80 പേരാണ് ഉള്ളത്. അതിൽ കൂടുതൽ പേരും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. തെക്കേ ഇന്ത്യയിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും കർണാടകയിൽ നിന്ന് തന്നെ ഉള്ളവരായിരുന്നു. പിന്നെ മൂന്നു  മലയാളികളും ദീപ്തിയടക്കം നാലു തമിഴരും മാത്രമെ ഈ ബാച്ചിൽ ഉണ്ടായിരുന്നുള്ളൂ. പുതിയ പയ്യൻ മലയാളിയാണോ അതോ തമിഴ് ആണോ എന്ന് ദീപ്തിക്ക് സംശയമുണ്ടായിരുന്നു. ഒന്ന് ചോദിക്കാമെന്ന് വെച്ചാൽ ആൾ തീരെ മുഖം തരുന്നില്ല. തന്നോട് മാത്രമല്ല, ആരോടും കാര്യമായ സംസാരമൊന്നുമില്ല. ബാംഗ്ലൂർ പോലൊരു നഗരത്തിൽ വന്നിട്ട് തനി നാടൻ ശൈലിയിൽ ജീവിക്കുന്ന അവനോട് ഒന്ന് സംസാരിക്കാനും ടീസ് ചെയ്യാനും ദീപ്തി  തീരുമാനിച്ചു. അവൾ തന്റെ സുഹൃത്തുക്കളോട്  സംസാരിച്ചു.

” സുദീപ്, ഡിഡ് യു നോട്ടീസ് ദാറ്റ് ഗയ്‌ ഇൻ ഔർ ബാച്ച് ?”

“ഹൂ ?…..”

“ദി ലേറ്റ് അഡ്മിഷൻ “

“ഓ ദാറ്റ് ഫൈനൽ എൻട്രി, ഇന്ട്രോവേർട്ട് ഫെല്ലോ ”  വിനോദിന് ആളെ പെട്ടെന്ന് പിടികിട്ടി.

“വാട് ഡു യു തിങ്ക് എബൌട്ട് ഹിം ?” ദീപ്തി ചോദിച്ചു.

“ഐ ഡോണ്ട് തിങ്ക് ഹി ഈസ് നോർമൽ” സുദീപ് തുറന്നു പറഞ്ഞു.

“സുദീപ്, അവൻറെ കാര്യത്തിൽ നമുക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു”

“ദീപ്തി, ആർ യു ക്രേസി ? ജസ്റ്റ് ലീവ് ഹിം.”

“എങ്ങനെ ഒഴിവാക്കും സുദീപ്. നമുക്കവനെ ഒന്നു മാറ്റിയെടുക്കേണ്ടേ ?

“നിനക്ക് നിന്റെ കാര്യം മാത്രം നോക്കിയാൽ പോരെ ദീപ്തി.. ” ശ്രേയയാണ് അതു ചോദിച്ചത്.

” അതല്ല ശ്രേയ, അവന്റെ കണ്ണുകളിലെ നിഷ്കളങ്കത കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവുന്നില്ല. അവന്റെ പ്രശ്നം എന്താണെന്നു നമുക്കൊന്നു ചോദിച്ചു നോക്കാം. നിങ്ങൾ എന്റെ കൂടെ ഉണ്ടായാൽ മതി. “

ഒരു ഇന്റർവെൽ സമയത്ത് കാമ്പസിലെ കാന്റീനിലേക്ക് പോകുന്ന വഴിയിലുള്ള  മരത്തിനു കീഴെ സംസാരിച്ചു നിൽക്കുകയായിരുന്നു ദീപ്തിയും ഫ്രണ്ട്സായിരുന്ന സുദീപ്, നജ്മ,  വിനോദ്, ശ്രേയ, ശ്രുതി എന്നിവരും. അതിലെ കടന്നുപോയ പുതിയ പയ്യനെ അവർ കണ്ടു.

“ഹേയ്, ചോട്ടു, ഇദർ ആ…” വിനോദ് വിളിച്ചു.

അവൻ അടുത്തു വന്നു.

“ക്യാ നാം ഹെ ?” വിനോദ് ചോദിച്ചു.

അവൻ മിണ്ടാതെ നിന്നതേയുള്ളൂ.

“ഹേയ് മാൻ, ദിസ് ഈസ് നോട്ട് എ പ്രൈമറി സ്‌കൂൾ. ടെൽ യുവർ നെയിം.”

“ഇജാസ്, ഇജാസ് അഹമ്മദ് “

“ഫ്രം വേർ “

” ഫ്രം കേരള “

അവർ പിന്നെ അവന്റെ ഹെയർ സ്റ്റൈലിനെയും പഴഞ്ചൻ ഡ്രസ്സിങ്ങിനെയും പരിഹസിച്ചു കുറെ കളിയാക്കി. അവൻ അതെല്ലാം നിർവികാരതയോടെ കേട്ടു നിന്നേയുള്ളൂ. അവന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.  എന്നിട്ടും അവർ പരിഹാസം നിർത്തിയില്ല. അവർ അവൻറെ തടിയെ കളിയാക്കി, അവൻ നടക്കുന്നതുപോലെ കാണിച്ചു.  പരിഹാസം അതിരു കവിഞ്ഞപ്പോൾ ദീപ്തി ഇടപ്പെട്ട് അവരോട് നിർത്താൻ പറഞ്ഞതാണ്, പക്ഷേ ആരു കേൾക്കാൻ? വിനോദും ശ്രേയയും നജ്മയും പരിഹാസം തുടർന്നു. സുദീപും ശ്രുതിയും അവരുടെ പരിഹാസം കേട്ട് ചിരിക്കാനും തുടങ്ങി.

അവനോട് സംസാരിക്കാനും അവനെ ടീസ് ചെയ്ത് അവന്റെ ആ നിർവികാര ഭാവത്തിൽ നിന്ന് പുറത്തുകൊണ്ടുവരാനും ദീപ്തിയാണ് ഈ പ്ലാൻ എല്ലാം ചെയ്തതെങ്കിലും വ്യക്തിപരമായ ഹരാസ്സ്മെന്റ് ദീപ്തിക്കിഷ്ടമില്ലായിരുന്നു.  പക്ഷെ, ദീപ്തി എത്ര പറഞ്ഞിട്ടും വിനോദ് നിർത്താൻ തയ്യാറല്ലായിരുന്നു. അവൻ തൻറെ കളിയാക്കലുകൾ തുടർന്നുകൊണ്ടേയിരുന്നു. അവസാനം അവരോട് വഴക്കടിച്ച് ദീപ്തി അവിടെ എഴുന്നേറ്റു പോന്നു.

ക്‌ളാസിലെത്തിയ ദീപ്തി ആകെ അസ്വസ്ഥയായിരുന്നു. ആരോടും മിണ്ടാതെ നടക്കുന്ന അവനെ ഒന്ന് ഫ്രീ ആക്കാൻ, അവൻറെ നിസ്സംഗ ഭാവത്തിൽ നിന്ന് അവനെ ഒന്നു പുറത്തു കൊണ്ടുവരാൻ  മാത്രമേ അവൾ ഉദ്ദേശിച്ചിരുന്നുള്ളൂ. അവനെ മാനസികമായി വേദനിപ്പിക്കാൻ അവൾ തരിമ്പും ഉദ്ദേശിച്ചിരുന്നില്ല. ബാംഗ്ലൂർ പഠിക്കാൻ വരുന്ന സമയത്ത് അപ്പ പറഞ്ഞ കാര്യം അവൾ ഓർത്തു.

“മോളെ ദീപു, നിനക്ക് ശരിയെന്ന് തോന്നുന്ന എന്തുകാര്യം വേണമെങ്കിലും ചെയ്യുകയും പറയുകയും ചെയ്തോളൂ… പക്ഷെ, അത് നിന്റെയോ മറ്റൊരാളുടെയോ വികാരങ്ങളെ വേദനിപ്പിക്കുന്നതാവരുത് !”

പക്ഷെ, വിനോദും ശ്രേയയും മുഴുവൻ നശിപ്പിച്ചു. ഏറ്റവും ക്രൂരമായ ഒരു ഹരാസിങ് ആണ് അവർ നടത്തിയത്. പക്ഷെ, ദീപ്തിയെ അത്ഭുതപ്പെടുത്തിയതും ഭയപ്പെടുത്തിയതും അതൊന്നുമല്ല, ഇത്രയേറെ ഹരാസിങ് നടത്തിയിട്ടും അവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല എന്നതാണ്. ഒരു തരം നിർവികാരതയോടെ അവനെല്ലാം കേട്ടു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവരെല്ലാം ക്‌ളാസിലേക്ക് കയറി വന്നു.

“ഇജാസ്….”  സീറ്റിൽ വന്നിരുന്ന അവനെ ദീപ്തി പതിയെ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി.

“ആം സോറി. ഐ റീലി ഡിഡിന്റ് മെന്റ് ദിസ്”
(സോറി, ഞാൻ ഇത്രയും വിചാരിച്ചില്ല.)

തെളിച്ചം കുറഞ്ഞ ഒരു ചിരിയായിരുന്നു അവന്റെ മറുപടി.

അന്ന് ക്‌ളാസ് കഴിഞ്ഞു പോകുന്ന സമയത്ത് അവൾ സുദീപിനെ കണ്ടു.

“സുദീപ്, നിന്നെപ്പറ്റി ഞാൻ ഇങ്ങനെയൊന്നുമല്ല വിചാരിച്ചിരുന്നത്. ഒരാളെ ഇങ്ങനെ മെന്റലി ടോർച്ചർ ചെയ്യാൻ ആരാണ് നിനക്ക് അധികാരം തന്നത് ?”

“ദീപ്തി, വിനോദും ശ്രേയയും ആണ് എല്ലാം ചെയ്തത്.”

“വിനോദും ശ്രേയയും അങ്ങനെയാണെന്ന് എനിക്കറിയാം, പക്ഷേ നീയും അവരോടൊപ്പം ചേർന്നതാണ് എന്നെ വിഷമിപ്പിച്ചത്. “

“ആം റിയലി സോറി ദീപ്തി, ഞാൻ അവരുടെ കൂടെ കൂടാൻ പാടില്ലായിരുന്നു. “

“എല്ലാം കഴിഞ്ഞിട്ട് നീ എന്നോട് വന്ന് സോറി പറഞ്ഞിട്ടെന്തു കാര്യം സുദീപ് ? അവന് എന്തു മാത്രം വിഷമം ആയിട്ടുണ്ടാവും എന്ന് നീ ചിന്തിച്ചോ ?” ദീപ്തിയുടെ രോഷം മുഴുവനും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

” ഇനി നീ ചെന്ന് അവനോട് സോറി പറഞ്ഞിട്ടും പോലും ഒരു കാര്യവുമില്ല. “

സുദീപിന് മറുപടി പറയാനൊന്നും ഉണ്ടായിരുന്നില്ല.

അല്പസമയം കഴിഞ്ഞ് ദീപ്തി തന്നെ വീണ്ടും സംസാരിച്ചു.

“ഓക്കേ, ലെറ്റ് ഇറ്റ് ബി, ഇനി അവനെക്കുറിച്ചു നമുക്ക് കൂടുതലറിയണം.”

പിറ്റേന്ന് മുതൽ ദീപ്തി ഇജാസിനോട് കൂടുതൽ അടുത്തിടപഴകാൻ തുടങ്ങി.
പഠിപ്പിക്കുന്ന വിഷയങ്ങളിൽ പലതിലും അവന് സംശയങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഇംഗ്ലീഷ് അവനു അറിയാമായിരുന്നെങ്കിലും ചില അധ്യാപകരുടെ ഭാഷാശൈലി അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവൻറെ  ഇത്തരം ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവനെ ഹെല്പ് ചെയ്യാൻ ദീപ്തി തയ്യാറായി. ആദ്യമൊക്കെ അകൽച്ച കാണിച്ചുവെങ്കിലും പിന്നീട് പതിയെ അവനും അവളോട് അടുക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ തന്റെ എന്തു കാര്യങ്ങളും പ്രശ്നങ്ങളും  സംസാരിക്കാവുന്ന ഒരു നല്ല സുഹൃത്തായി കഴിഞ്ഞിരുന്നു ഇജാസിന് ദീപ്തി.

അങ്ങനെ ഒരു ദിവസം ദീപ്തി അവനോട് അവന്റെ കാര്യങ്ങൾ ചോദിച്ചു. പക്ഷെ, ദീപ്തി  പ്രതീക്ഷിച്ച കാര്യങ്ങളായിരുന്നില്ല അവൻ പറഞ്ഞത്.

(തുടരും …)

1 Comment

  1. ❤❤❤❤

Comments are closed.