പ്രതീക്ഷയോടെ മൈഥിലി ടീച്ചർ ……
“….. ഇല്ല …….”
“……ഇന്നും…. വരില്ലേ അവൻ …..”
ചിലമ്പിച്ച ആ ശബ്ദം നേർത്തു പോയിരുന്നു
”’…. ഇല്ലാന്നാ പറഞ്ഞത് …… ജോലിത്തിരക്കാത്രേ……”
നിരാശയോടെ മൈഥിലി ടീച്ചർ കണ്ണുകളടച്ചു.ആത്യന്തികമായി താനൊരമ്മയാണല്ലോ എന്ന തിരിച്ചറിവ് അവരെ കരയിച്ചു …..
കൊണ്ടുവന്ന കഷായം കഴിക്കാൻ വിസമ്മതിച്ച മൈഥിലി ടീച്ചറിന്റെ വായിലേക്ക് ബലത്തിലൊഴിച്ചു കൊടുക്കുമ്പോൾ ലക്ഷ്മി പറഞ്ഞു….
” …… അമ്മ ഇങ്ങനെ വാശി പിടിച്ചാ ഞാനെന്തു ചെയ്യും…. സാറ് എന്നെയാ വഴക്ക് പറയുക….. ”
കുടിച്ചിറക്കിയ കഷായ കയ്പ്പിൽ ജീവിതം തന്നെ കുടിച്ചു തീർക്കുന്ന മൈഥിലി ടീച്ചർ ഒന്നുമുരിയാടാതെ തളർന്നു കിടന്നു….
ലക്ഷ്മി, വെള്ളവും ആഹാരവുമൊക്കെ മേശപ്പുറത്ത് കൊണ്ടു വെച്ച് തിരികെ പോകുമ്പോൾ പറഞ്ഞു …….
“……. അമ്മേ ഞാനിന്ന് ഇനിസന്ധ്യ കഴിഞ്ഞേ വരൂ….. അമ്മ ഭക്ഷണം കൃത്യമായി എടുത്തു കഴിച്ചേക്കണേ…. ”
മൈഥിലി ടീച്ചർ ഒന്നും മിണ്ടിയില്ല….യാഥാർത്ഥ്യങ്ങളുടെ തണുത്ത പ്രതലങ്ങളിൽ തളർന്ന മനസ്സും ശരീരവും ചേർത്ത് പ്രതീക്ഷയറ്റുപോയനിമിഷങ്ങളെ നാലു ചുമരുകൾക്കുള്ളിലൊതുക്കി മൈഥിലി ടീച്ചർ എന്തിനോ വേണ്ടികാത്തു കിടന്നു.
ഭിത്തിയിലെ ഘടികാരസൂചികൾ താളാത്മകമായി ചലിച്ച് സമയമറിയിച്ചു കൊണ്ടിരുന്നു.
എപ്പോഴോ പടിഞ്ഞാറ് ഭാഗത്തേക്ക് തുറന്നിട്ട വാതിലിലൂടെ ചരിഞ്ഞു വീഴുന്ന സന്ധ്യാ വെളിച്ചത്തിന്റെ നേർത്ത രേഖകൾ…….. അവിടെനിഴലുകൾ പോലും വല്ലാതെചരിഞ്ഞു കാണപ്പെട്ടു…. ഉള്ളിലെവിടെയോമിന്നിമറയുന്ന അവ്യക്ത രൂപങ്ങൾ …. വെളിച്ചംനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സായന്തനത്തിലേക്ക് തളർന്നു കിടക്കുമ്പോൾ ഉടലാകെ പടരുന്ന ഒരു ദുർബലത…….. ശരീരം
ഭാരമില്ലാതെ മറ്റെവിടേക്കോഒഴുകിനീങ്ങുന്നു..നാവ് വറ്റി വരളുന്നു ……
“……വെളളം …. വെള്ളം…..”
മൈഥിലി ടീച്ചർ ഒന്നു പിടഞ്ഞു ……. ആ കണ്ണുകകൾ പതിയെ അടഞ്ഞു പോയി…..
അങ്ങനെ ……ഉദയാസ്തമയങ്ങൾക്കൊടുവിൽ, മരങ്ങളും പൂക്കളും ചിത്രശലഭങ്ങളുമില്ലാത്ത ഒരു ഇരുണ്ട ലോകത്ത് മൈഥിലി ടീച്ചർചലനമറ്റുകിടന്നു……. ഏകയായി…!!!