എൻെറ ആദ്യ ബൈക്ക് യാത്ര 16

അരമണിക്കൂർ നേരത്തെ യാത്ര ക്കൊടുവിൽ ഞങ്ങളെയും കൊണ്ട് വണ്ടി എൻെറ വീടിൻ്റെ മുറ്റത്തെത്തി നിന്നു.
വണ്ടിയുടെ ശബ്ദം കേട്ടതും എല്ലാവരും ഉമ്മറത്തെത്തി.അച്ഛൻ, അമ്മ, അമ്മമ്മ,ചെറിയമ്മ,ഇളയച്ഛൻ,അനിയത്തിമാർ.അങ്ങനെ എല്ലാവരും….നിറഞ്ഞ സന്തോഷം മാത്രം അവരുടെ മുഖത്ത്.
ഞാൻ കവറുകളുമായി വണ്ടിയിൽനിന്നിറങ്ങി.എനിക്കെന്തോ ആകാശത്ത് നിന്നെങ്ങാൻ ഇറങ്ങിയ പോലെ.കാലിനൊരു വിറയൽ.ഏട്ടൻ വണ്ടി സ്റ്റാൻഡിലാക്കി നടന്നു കോലായിൽ കയറി.ഞാൻ നിന്നിടത്ത് തന്നെ.
ഞാൻ വലതുകാൽ ഉയർത്തി മുന്നോട്ട് വെച്ചു.വായുവിൽ നടക്കുന്ന പോലെ .നടക്കാനാവുന്നില്ല.
“എന്താ മോളേ..നീയിങ്ങ് വന്നേ”അമ്മക്ക് എന്നെ അടുത്ത് കാണാൻ കൊതിയായി വിളിക്കുന്നു.എനിക്കാണേൽ നടക്കാനാവുന്നില്ല .പെട്ടെന്ന് ഞാൻ കവറുകൾ നിലത്തിട്ട് വേച്ച് വേച്ച് നിലത്ത് ഒറ്റ ഇരുത്തം.
അത് കണ്ട് എല്ലാവരുംഓടിവന്നു”എന്താ എന്തുപറ്റീ”
എൻെറ ഒരുകൈ അച്ഛൻ്റെ കൈയിൽ.. ഒരുകൈ ഏട്ടനും പിടിച്ചിരിക്കുന്നു. “വാ എണീക്ക്”എല്ലാവർക്കും പരിഭ്രമം.
എനിക്കാകെ ചമ്മൽ ഞാൻ പെട്ടെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു”എനിക്ക് നടക്കാനാവുന്നില്യാ…കാല് എന്തോ..ആയപോലെ”

ഇത് കേട്ടതും”അയ്യോ ഇൻ്റെ മോൾക്ക് എന്താ പറ്റിയത്”എന്നും പറഞ്ഞു അമ്മയും,അമ്മമ്മയും കരച്ചിൽ തുടങ്ങി.
പെട്ടെന്ന് ഇളയച്ഛൻ പറഞ്ഞു”ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ..അവക്കൊരു കുഴപ്പോം ല്യാ.ആദ്യമായി ബൈക്കിൽ കയറിയതിൻ്റേയാവും”
എല്ലാവരും എൻെറ മുഖത്തേക്ക് ഉറ്റുനോക്കി നിൽക്കുന്നു.”ആണോ”
എല്ലാവരും ചോദിച്ചു.

“ആണെന്ന് തോന്നുന്നു”ഞാൻ മുഖം താഴ്ത്തി പറഞ്ഞു പതിയെ എഴുന്നേറ്റു. മെല്ലെ നടന്നു കോലായിൽ കയറി.”ഇപ്പൊ ഒരുകുഴപ്പോം ല്യാ..”ഞാൻ ചിരിയോടെ പറഞ്ഞതും എല്ലാവരും മുറ്റത്ത് നിന്ന് എന്നെ നോക്കി ചിരിക്കുന്നു.

എല്ലാവർക്കും ഒപ്പം അകത്തേക്ക് നടക്കുമ്പോൾ ഞാൻ ഞങ്ങളുടെ വണ്ടിയെ ഒന്ന് നോക്കി.. അതങ്ങനെ തൻെറ ഭാരംമുഴുവൻ സൈഡ് സ്റ്റാൻഡിന് നൽകി അൽപം ചെരിഞ്ഞ് തലയെടുപ്പോടെ നിൽക്കുന്നു..

1 Comment

  1. Nice!!!

Comments are closed.