എൻെറ ആദ്യ ബൈക്ക് യാത്ര 16

“പിന്നെ എല്ലാരും തറവാട്ടിലുണ്ട് ,ചേച്ചി വരാനായി കാത്തിരിക്കാ എല്ലാരും”
“പിന്നേ…ഞങ്ങൾ നാളെ ബൈക്കിലാ വരുന്നേ .'”ഞാൻ സന്തോഷത്തിൽ പറഞ്ഞു.

“അമ്പോ…ആണോ.ഞാൻ വിചാരിച്ചു വിമാനത്തിലാരികുംന്ന്”അതും പറഞ്ഞവൾ ചിരിച്ചു.
“പോടീ…കുശുമ്പീ”

“കുശുമ്പൊന്നും അല്ലെൻ്റെ പൊന്നേച്ചീ…രണ്ടാളും നല്ലോണം ഇങ്ങെത്തിയാമതി”അവളുടെ ക്ഷമാപണം കേട്ട് ഞാനും ചിരിച്ചു
“ഓക്കേ..എന്നാ നാളെ കാണാട്ടൊ”എന്നും പറഞ്ഞു ഞങ്ങൾ ഫോൺ വെച്ചു.

പിറ്റേന്ന് വേഗം കുളിച്ചൊരുങ്ങി ,ചായകുടിയൊക്കെ കഴിഞ്ഞ് ആദ്യം ബൈക്കിനടത്തെത്തിയത് ഞാൻ. എൻ്റെ ഓട്ടവും,തുള്ളികളിയും കണ്ടിട്ടാവണം അമ്മ എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയത്.’ഇതിന് വേറെ വല്ല കുഴപ്പവും ഉണ്ടോ ഭഗവാനേ’എന്നെങ്ങാനുമാണോ..ആനോട്ടത്തിൻ്റെ അർത്ഥം എന്ന് ശങ്കിച്ച് ഞാൻ സാരിയൊക്കെ ഒതുക്കി പിടിച്ചു വളരെ വിനയത്തോടെ നിന്നു.
അമ്മ വന്ന് എൻെറ കഴുത്തിലെ ചെയിനൊക്കെ നേരെയാക്കി സാരിയുടെ ഞൊറിവൊക്കെ നേരെയാക്കികൊണ്ടിരിക്കെ ഏട്ടൻ വണ്ടി സ്റ്റാർട്ടാക്കി.ആ ശബ്ദം കേട്ടതും എൻെറ നെഞ്ചിടിപ്പ് കൂടി.
“വാ കയറ്”ഏട്ടൻ്റെ ശബ്ദം കേട്ടതും ഞാൻ ഓടി ഒറ്റചാട്ടത്തിന് തന്നെ ഒരുവശം ചെരിഞ്ഞ് ഇരുന്നു. കൈകൊണ്ട് ഏട്ടൻ്റെ തോളിൽ പിടിച്ചു. അമ്മ രണ്ട് കവർ നിറയെ പലഹാരങ്ങൾ എൻെറ കൈയിൽ തന്നു.
“ശ്രദ്ധിച്ചു പോണം കേട്ടോടാ”അച്ഛൻ പറഞ്ഞു. അച്ഛനും അമ്മക്കും നേരെ ഞാൻ കൈവീശികാണിച്ചു.റോഡിലേക്ക്കടന്നതും.ഏട്ടൻ്റെ തോളിലിരുന്ന എൻെറ കൈ പതിയെ ഇറക്കി ഞാൻ ആ വയറ്റിൽ ചുറ്റി പിടിച്ചു. ആരൊക്കെയോ ഞങ്ങളെ നോക്കി പുഞ്ചിരി തൂകി.പുതിയപെണ്ണും,ചെക്കനുമല്ലേ.ഏട്ടൻ ചിരിക്കുന്നവരോടെല്ലാം ഞാനും പുഞ്ചിരിച്ചു തലയാട്ടി.
എനിക്ക് ഭയങ്കര സന്തോഷം തോന്നി. വണ്ടിയുടെ സ്പീഡ് കൂടുന്നതനുസരിച്ച് ഞാൻ ഏട്ടനെ മുറുകെ പിടിച്ചു. പിന്നെ പിന്നെ പേടിയൊന്നും തോന്നിയില്ല.

1 Comment

  1. Nice!!!

Comments are closed.