എന്റെ പ്രണയം 22

എന്റെ വിനീതേ “ആര്യ അടുക്കുന്ന മട്ടില്ല,ഒന്നും മിണ്ടാതെ പോയാൽ എന്റെ പേര് വിളിച്ചു പുഞ്ചിരിക്കും, നിന്റെ കാര്യം അവതരിപ്പിക്കാൻ ചെല്ലുന്നത് കാണുന്നതേ ദേഷ്യവാ, നിന്റെ പേര് പറഞ്ഞാൽ അവളുടെ മുഖം കടന്നൽ കുത്തേറ്റ പോലാ, അത് വിട്ടേക്കടാ…എന്ന് പറഞ്ഞവസാനിപ്പിക്കും മുമ്പ് ശ്രീജയെ നീയുമങ്ങു മറന്നേക്കെന്നു പറഞ്ഞു നടന്നകന്നു…

ഇന്നത്തെ ക്ലാസും സായാഹ്‌ന ഊരു ചുറ്റലുകളും അവസാനിപ്പിച്ച് വീട്ടിലെത്തിയപ്പോൾ, പട്ടുപാവാടയും ഉടുപ്പും കരിമഷി എഴുതിയ നയനങ്ങളും മുടിയിഴകളിൽ കോർത്ത തുളസിക്കതിരും നെറ്റിയിൽ ചന്ദനവുമൊക്കെയായി ആര്യ എങ്ങടോ പോകാനെന്നോണം വീട്ടിൽ ഇരിപ്പുണ്ടായിരുന്നു..

ചിലർക്കൊക്കെ ദൈവം അറിഞ്ഞു കൊടുക്കുന്ന സൗന്ദര്യം മറ്റുള്ളവർക്ക് വഴി തടസ്സമായി നിൽക്കാനാണോ എന്ന് പിറുപിറുത്തു അവളുടെ മുന്നിലൂടെ കാണാത്ത ഭാവത്തിൽ മുറിയിലേക്ക് നടക്കുമ്പോൾ..

“നിവിയേട്ട ദേ ഈ അര്യേച്ചിക്ക് ഏട്ടനെ ഇഷ്ടാണെന്നു…. നീതു ഇങ്ങനെ പറയുന്നതിൽ കഴിഞ്ഞ കുറച്ചു കലാവായി സ്ഥിരത പുലർത്താറുള്ളതാണ്, ഭാവഭേദങ്ങളില്ലാതുള്ള പുഞ്ചിരിയാണ് നീതുവിന്റെ വാക്കുകളിലുള്ള ആര്യയുടെ പ്രതികരണം…

എന്നത്തേയും പോലെ മൗനമായി തലകുനിച്ചു പോകാതെ നീതുവിനെ അടിമുടിയൊന്ന് നോക്കി….

” എഡീ കുരുപ്പേ എന്നേക്കാൾ വെളുപ്പും സൗന്ദര്യവും ഉള്ളവരെ നമുക്ക് വേണ്ട, കണ്ടമാനം ചെക്കൻമാർ പിറകിൽ നടക്കുന്നോരോട് അവരിലൊരാളെ സെലക്ട് ചെയ്യാൻ നിന്റെ അര്യേച്ചിയോട് പറ….”എന്ന് പറഞ്ഞു തീരും മുമ്പ് അടുക്കളയിൽ നിന്നൊരശരീരി മുഴങ്ങി…

“നിവീ ആര്യ മോൾക്ക്‌ ഏതോ കൂട്ടുകാരിയുടെ വീട് വരെ പോകണം, നീ ഒന്ന് കൊണ്ടുപോയേച്ചും വാ…

മനസ്സില്ലാ മനസ്സോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ പോലും അവളുടെ പുഞ്ചിരി തൂകുന്ന മുഖത്തേക്ക് നോക്കുന്നതൊഴുവാക്കാൻ ശ്രദ്ധിച്ചിരുന്നു..

പലപ്പോഴായി ആര്യയെ ഇങ്ങനെ ഓരോ സ്ഥലങ്ങളിൽ കൊണ്ട് പോകാറുണ്ടെങ്കിലും മിണ്ടാൻ പോയിട്ട് ആ മുഖത്തേക്കൊന്ന് നോക്കാൻ പോലും ശ്രമിക്കാറില്ല, ശ്രമിക്കുന്നത് വിനീതിന്റെ കാര്യം പറയാൻ വേണ്ടി മാത്രമാണുതാനും..

പതിവുപോലെ അവളെന്തൊക്കെയോ പറയുന്നു..കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് പോകുന്നതിനിടെ എന്റെ ശ്രദ്ധയ്ക്കെന്നോണം കുറച്ചു ചേർന്നിരുന്നു..

“എന്റെ നിവീ ഓർമ്മ വെച്ച കാലം മുതൽ എനിക്കിഷ്ടം ഒരാളെ മാത്രമാണ്, പിറകിൽ നടക്കാൻ ആര് വന്നാലും ഒപ്പം നടക്കാൻ ആര് ശ്രമിച്ചാലും ഇങ്ങനെ നിന്റെ പിറകിൽ ഇരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിനപ്പുറം ഒന്നുമില്ല, എനിക്ക് നിന്നെ അത്ര ഇഷ്ടമാണ്……

അപ്രതീക്ഷിതമായി കേട്ട ആ വാക്കുകളിൽ അൽപം പതറിയെങ്കിലും മൗനം മറുപടി നൽകി മഴക്കാറുകളാൽ മൂടിയ ഇരുണ്ട അന്തരീക്ഷങ്ങളെ ഭേദിച്ച് ബൈക്ക് മുന്നോട്ട് നീങ്ങികൊണ്ടേയിരുന്നു..